ADVERTISEMENT

ഞങ്ങൾ 4 മക്കൾ. രണ്ടാണും രണ്ടു പെണ്ണും. 30 വർഷം മുൻപ് മൂത്ത സഹോദരിക്ക് അച്ഛന്റെയും അമ്മയുടെയും പേരിലുള്ള ഒരേക്കർ 37 സെന്റ് ഭൂമി ഓഹരി അവകാശമായി നൽകി. ‘‘മൂത്ത മകളായ നിന്നോട് ഞങ്ങൾക്കുള്ള ആശ്രിത വാത്സല്യം പ്രതിഫലമാക്കിയും ഞങ്ങളെ പിൻതുടർന്നു വന്നാൽ നിനക്കു ലഭിക്കേണ്ട ഓഹരി അവകാശം ഇപ്പോഴേ വിഭജിച്ചു തരണമെന്ന് ഞങ്ങൾക്കുണ്ടായ ആഗ്രഹം കാരണവും നിന്റെ കാലക്ഷേപാർഥം ധനനിശ്ചയം ചെയ്തു തന്നിരിക്കുന്നു’’ എന്നാണ് പ്രമാണത്തിൽ പറഞ്ഞിട്ടുള്ളത്. 2003ൽ അച്ഛൻ മരണപ്പെട്ടു. 2013ൽ അച്ഛന്റെ പേർക്കുള്ള ഒരേക്കർ അഞ്ച് സെന്റ് ഭൂമി ഇളയ സഹോദരിക്കും 86 സെന്റ് ഭൂമി മൂത്ത സഹോദരനും അമ്മയുടെ പേരിലുള്ള 90 സെന്റ് ഭൂമിയിൽ 80 സെന്റ്  ഭൂമി സർവ സ്വാതന്ത്ര്യവും 10 സെന്റും വീടും അമ്മയുടെ മരണശേഷം ഇളയ മകനായ എനിക്കും എന്ന് ഭാഗപത്രം ചെയ്യാന്‍ അമ്മ തീരുമാനിച്ചു. വിവരം ബെംഗളൂരുവിൽ  സ്ഥിരതാമസമാക്കിയ മൂത്ത സഹോദരിയെ അറിയിച്ചു. ‘‘എനിക്ക് ഓഹരി വേണ്ടാ, നിങ്ങൾ ഭാഗം ചെയ്തു കൊള്ളാൻ’’ അവര്‍ പറഞ്ഞു. അപ്രകാരം ഭൂമി റജിസ്റ്റർ ചെയ്ത് പോക്കുവരവിനായി വില്ലേജ് ഓഫിസിൽ ചെന്നപ്പോൾ റേഷൻ കാർഡിൽ മൂത്ത സഹോദരിയുടെ പേര് ഉണ്ടെന്നു കാണിച്ച് മറ്റുള്ളവരുടെയെല്ലാം പോക്കുവരവ് അസ്ഥിരപ്പെടുത്തിയതായി അറിഞ്ഞു. ഒരു വർഷം കഴിഞ്ഞ് ഇളയ സഹോദരി രണ്ടു ലക്ഷത്തി അയ്യായിരം രൂപ നൽകി മൂത്ത സഹോദരിയില്‍നിന്ന് അവകാശമൊഴിയാനുള്ള സമ്മതപത്രം എഴുതി വാങ്ങി. അവകാശമൊഴിയാൻ അതിലും കൂടുതൽ തുക അവർ സഹോദരന്മാരായ ഞങ്ങളോട് ആവശ്യപ്പെട്ടു. നിത്യവൃത്തിക്കുപോലും കഷ്ടപ്പെടുന്ന ഞങ്ങൾക്ക് അതിനു ഗതിയില്ലായിരുന്നു. രോഗിയായ മൂത്ത സഹോദരൻ ഇവരുടെ ദുർവാശിയും അത്യാഗ്രഹവും കാരണം ഭൂമിയിൽനിന്ന് ആദായമെടുക്കാനോ കൃഷി ചെയ്യാനോ കഴിയാതെ ചികിത്സ കിട്ടാതെ 2022ൽ  മരണപ്പെട്ടു. എന്റെ ഭൂമിയിലും കൃഷി ചെയ്യാനോ ആദായമെടുക്കാനോ കഴിയുന്നില്ല. ഭിന്നശേഷിക്കാരനും രോഗിയും പ്രായപൂർത്തിയാകാത്ത 2 കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ പാടുപെടുന്നവനുമായ എനിക്ക് നീതി ലഭിക്കാൻ എന്തു ചെയ്യണം.
ജയകൃഷ്ണൻപൊടിയാട്ടുവിള

  • കരണങ്ങൾ നടത്തുമ്പോൾ ദീർഘവീക്ഷണവും വ്യക്തതയും ഉണ്ടായിരിക്കണം. മൂത്ത മകൾക്ക് വീതം കൊടുത്തു പിരിക്കുമ്പോൾ മേലിൽ പിതാവിന്റെയോ മാതാവിന്റെയോ അവകാശത്തിലോ കൂട്ടവകാശത്തിലോ ഉള്ള വസ്തുക്കളിലോ ഇതര സ്വത്തുക്കളിലോ ഒരവകാശവും ഉണ്ടായിരിക്കുന്നതല്ല എന്നു വ്യക്തമായി പറഞ്ഞിരിക്കണം. ‘നിന്റെ കാലക്ഷേപാർഥം ധനനിശ്ചയം ചെയ്തുതന്നിരിക്കുന്നു’ എന്നു പറഞ്ഞാൽ പോരാ. തനിക്ക് ഓഹരി വേണ്ടാ, നിങ്ങൾ ഭാഗം ചെയ്തോ എന്ന് ഒരാൾ വാക്കാൽ പറയുന്നതുകൊണ്ട് അവകാശം ഇല്ലാതാവുന്നില്ല. പോക്കുവരവ് അസ്ഥിരപ്പെടുത്തിയത് മൂത്ത സഹോദരിയുടെ അപേക്ഷയനുസരിച്ചാവാം. ഇളയ സഹോദരി എഴുതി വാങ്ങിയത് എന്ത് ആധാരാമാണെന്നു വ്യക്തമല്ല. നിങ്ങളുടെ ഭൂമിയിൽ കൃഷി ചെയ്യാനോ ആദായം എടുക്കാനോ സാധിക്കുന്നില്ല എന്നു പറഞ്ഞു കാണുന്നു. കോടതികളോട് അനുബന്ധിച്ച് ലീഗൽ സർവീസസ് അതോറിറ്റി എന്ന സ്ഥാപനം ഉണ്ട്. അവിടെ നിയമസേവന അധികാരിക്ക് പരാതി കൊടുക്കുക. ഭിന്നശേഷിക്കാരനായതിനാല്‍ ജില്ലാ അധികാരിക്കും പരാതി കൊടുത്തു നോക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com