ADVERTISEMENT

ജപ്പാനിൽ പണപ്പെരുപ്പം കുറഞ്ഞതും യെന്നിന്റെ വിനിമയ മൂല്യത്തിലെ ചാഞ്ചാട്ടവും നിക്ഷേപകരെ റബറിലേക്ക്‌ ആകർഷിച്ചു. ഇന്നലെ ഒസാക്ക എക്‌സ്‌ചേഞ്ചിൽ ലാഭമെടുപ്പിൽ സാങ്കേതിക തിരുത്തൽ കാഴ്‌ചവെച്ച റബറിൽ ഇന്ന്‌ ഫണ്ടുകൾ  നിഷേപത്തിന്‌ ഉത്സാഹിച്ചു. അതേസമയം ബാങ്കോക്കിൽ തുടർച്ചയായ മൂന്നാം ദിവസവും റബർ വില താഴ്‌ന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തെളിഞ്ഞ കാലാവസ്ഥ ലഭ്യമാകുന്നത്‌ ഉൽപാദകരെ തോട്ടങ്ങളിലേക്ക്‌ അടുപ്പിക്കുന്നുണ്ട്‌, പുതിയ സാഹചര്യത്തിൽ മാസാന്ത്യം കൂടുതൽ ഷീറ്റ്‌ വിൽപ്പനയ്‌ക്ക്‌ എത്തിക്കുമെന്ന നിഗമനത്തിലാണ്‌ വ്യാപാരികൾ. ഇതിനിടയിൽ നാലാം ഗ്രേഡ്‌ കിലോ 193 രൂപയിൽനിന്ന് 190 ലേക്ക്‌ താഴ്‌ന്നു. 

സംസ്ഥാനത്ത്‌ നാളികേരത്തിന്‌ ഇത്‌ ഓഫ്‌ സീസണെങ്കിലും മൂത്തു വിളഞ്ഞ തേങ്ങ വിളവെടുപ്പിന്‌ ഗ്രാമീണ മേഖല താൽപര്യം കാണിക്കുന്നു. മുൻ വർഷത്തെ അപേക്ഷിച്ച്‌ വില ഇരട്ടിയോളം ഉയർന്നതാണ്‌ കർഷകരെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്‌. പല ഭാഗങ്ങളിലും വിളവെടുപ്പിന്‌ പണിക്കാരെ കിട്ടാതെ വന്നതോടെ ഉയർന്ന കൂലിക്ക്‌ തേങ്ങയിടാൻ നീക്കം നടന്നു. എന്നാൽ വൻകിട തോട്ടങ്ങൾ പലതും നിർജീവമായിരുന്നു. ജനുവരിയിലാണ്‌ സംസ്ഥാനത്ത്‌ നാളികേര സീസൺ. നഗരപ്രദേശങ്ങളെ അപേക്ഷിച്ച്‌ ഉൽപാദകകേന്ദ്രങ്ങളിൽ നാളികേര വില അൽപം കുറവാണ്‌. ടെർമിനൽ മാർക്കറ്റിൽ തുടർച്ചയായ മൂന്നാം വാരത്തിലും വെളിച്ചെണ്ണ, കൊപ്ര വിലകൾ സ്റ്റെഡി. 

ഹൈറേഞ്ചിൽ നടന്ന ഏലക്ക ലേലത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഉത്സാഹിച്ചു. ദീപാവലി അടുത്തതാണ്‌ വാങ്ങൽ താൽപര്യം ഉയർത്തുന്നത്‌. ഇടുക്കിയിൽ നടന്ന ലേലത്തിന്‌ വന്ന 68,000 കിലോ ഏലക്കയിൽ 67,512 കിലോയും ചൂടപ്പം കണക്കെ വിറ്റഴിഞ്ഞു. ഗൾഫ്‌ ഓർഡറുകൾ മുന്നിൽ കണ്ട്‌ കയറ്റുമതിക്കാർ വലുപ്പം കൂടിയ ഇനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. മികച്ചയിനങ്ങൾ കിലോ 2578 രൂപയിലും ശരാശരി നിങ്ങൾ 2278 രൂപയിലും ഇടപാടുകൾ നടന്നു. 

കുരുമുളക്‌ വില ഇന്ന്‌ വീണ്ടും കുറഞ്ഞു, അതേസമയം ഉൽപാദക മേഖലകളിൽനിന്നുള്ള ചരക്ക്‌ ലഭ്യത ചുരുങ്ങിയെന്ന്‌ അന്തർസംസ്ഥാന വ്യാപാരികൾ. കാർഷിക മേഖലയിലെ വിൽപ്പനക്കാരുടെ ചുവടു മാറ്റം വില തകർച്ചയെ തടയാൻ ഉപകരിക്കും.  

നാളികേരം

  • വെളിച്ചെണ്ണ: 19400
  • മില്ലിങ്: 19900
  • കൊപ്ര: 13,000‐13,200

കുരുമുളക്‌

  • ഗാർബിൾഡ്‌: 64,700
  • അൺഗാർബിൾഡ്‌ : 62,700
  • പുതിയ കുരുമുളക്‌ :  61,700

ചുക്ക്

  • മീഡിയം: 32,500
  • ബെസ്റ്റ്: 35,000

അടയ്ക്ക

  • പുതിയത്: 33,000

ജാതിക്ക

  • തൊണ്ടൻ  (കിലോ): 200-270
  • തൊണ്ടില്ലാത്ത്‌: 450 - 525 
  • ജാതിപത്രി ചുവപ്പ്‌‐മഞ്ഞ : 900-1200 
  • ജാതി ഫ്ലവർ ചുവപ്പ്‌: 1300-1600
  • ജാതി ഫ്ലവർ മഞ്ഞ: 1200-1700

റബർ

  • ആർഎസ്‌ എസ്‌ 5 ഗ്രേഡ്‌: 18,100-18,700
  • ആർഎസ്‌ എസ്‌ 4 ഗ്രേഡ്‌: 19,000
  • ഒട്ടുപാൽ: 12,600
  • ലാറ്റക്‌സ്‌: 12,000     
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com