ADVERTISEMENT

ഭക്ഷ്യയെണ്ണ വിപണിയിലെ ഉണർവിനിടെ വെളിച്ചെണ്ണയ്ക്ക്‌ തിരിച്ചടി. ദീപാവലി വേളയിലാണ്‌ രാജ്യത്ത്‌ ഏറ്റവും കൂടുതൽ പാചകയെണ്ണ വിൽപന. മുംബൈ, ഡൽഹി, കോൽക്കത്ത എന്നിവിടങ്ങളിൽ പാം ഓയിൽ, സൂര്യകാന്തി, സോയാ, നിലക്കടല എണ്ണകൾക്ക്‌ ഒപ്പം വെളിച്ചെണ്ണയ്‌ക്കും ആവശ്യക്കാരുണ്ട്‌. ഇതിനിടെ തമിഴ്‌നാട് ലോബി കൊപ്രയും നാളികേരവും വിറ്റുമാറാൻ കാണിച്ച തിടുക്കം വിലയെ ബാധിച്ചു. കാങ്കയത്ത്‌ നിരക്ക്‌ താഴ്‌ന്നതിന്റെ ചുവട്‌ പിടിച്ച്‌ കൊച്ചിയിൽ കൊപ്രയ്‌ക്ക്‌ ഇന്ന്‌ 200 രൂപ ഇടിഞ്ഞു. അതേസമയം കഴിഞ്ഞ വർഷം ദീപാവലി വേളയിൽ വെളിച്ചെണ്ണയ്‌ക്ക്‌ ലഭിച്ച വിലയിപ്പോൾ കൊപ്രയ്‌ക്ക്‌ ഉറപ്പ്‌ വരുത്താനാവുന്നത്‌ ഉൽപാദകർക്ക്‌ ആശ്വാസമാണ്‌. അന്ന്‌ 8800 രൂപ മാത്രമായിരുന്ന കൊപ്രയിപ്പോൾ 12,800 രൂപയിലാണ്‌. വെളിച്ചെണ്ണ വില 19,300 രൂപയും.   

ശാന്തൻപാറയിൽ നടന്ന ഏലക്ക ലേലത്തിൽ ചരക്ക്‌ ഇറക്കാൻ ഉൽപ്പാദകർ കൂടുതൽ ഉത്സാഹിച്ചു. ഇന്നലെത്തെ ലേലത്തെ അപേക്ഷിച്ച്‌ ഇരട്ടി ചരക്ക്‌ ഇന്ന്‌ വിൽപനയ്‌ക്കെത്തി, മൊത്തം 32,521 കിലോ ഏലക്ക വന്നതിൽ 31,617 കിലോയും ചൂടപ്പം കണക്കെ അന്തർസംസ്ഥാന വാങ്ങലുകാർ ശേഖരിച്ചു. ദീപാവലി ആഘോഷങ്ങൾക്ക്‌ തമിഴ്‌നാടും ഒരുങ്ങിയതിനാൽ അവിടെ നിന്നും പതിവിലും കൂടുതൽ അന്വേഷങ്ങൾ ലേല കേന്ദ്രങ്ങളിൽ എത്തുന്നുണ്ട്‌. കർണാടക, ആന്ധ്ര, മഹാരാഷ്‌ട്ര ഭാഗങ്ങളിൽ നിന്നും ഏലക്കയ്‌ക്ക്‌ ഓർഡറുകൾ നിലവിലുണ്ട്‌. നേരത്തെ ഉറപ്പിച്ച വിദേശ വ്യാപാരങ്ങൾക്ക്‌ ആവശ്യമായ ചരക്ക്‌ കയറ്റുമതിക്കാരും ശേഖരിക്കുന്നുണ്ട്‌. ശരാശരി ഇനം ഏലക്ക കിലോ 2247 രൂപയിലും മികച്ചയിനങ്ങൾ 2523 രൂപയിലും ഇടപാടുകൾ നടന്നു. 

കുരുമുളകുവില തുടർച്ചയായ രണ്ടാം ദിവസവും ഉയർന്നു. നാടൻ ചരക്കിന്‌ ആഭ്യന്തര വിപണിയിൽനിന്നും കൂടുതൽ ആവശ്യക്കാർ എത്തിയത്‌ നിരക്ക്‌ മെച്ചപ്പെടുത്തി. ഹൈറേഞ്ച്‌ മുളകിന്റെവരവ്‌ ചുരുങ്ങിയതിനാൽ ദീപാവലി വരെ ഉണർവിന്‌ സാധ്യത. ഉത്സവ ആവശ്യങ്ങൾക്കുള്ള അവസാനഘട്ട വാങ്ങലുകൾ പുരോഗമിക്കുകയാണ്‌. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ 100 രൂപ ഉയർന്ന്‌ 62,900 രൂപയായി.

table-price2-23-10
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com