ADVERTISEMENT

യെന്നിന്റെ വിനിമയ മൂല്യത്തിലെ ചാഞ്ചാട്ടത്തിനിടയിലും ഏഷ്യൻ മാർക്കറ്റുകളിൽ റബർ നേരിയ റേഞ്ചിൽ നീങ്ങി. ചൈനയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ച്‌ അന്താരാഷ്‌ട്ര നാണയ നിധി നടത്തിയ പ്രവചനം റബറിനെ സ്വാധീനിച്ചു. ജിഡിപി വളർച്ച 4.8 ശതമാനത്തിൽ ഒതുങ്ങുമെന്ന വിലയിരുത്തൽ വ്യവസായികളെ രംഗത്തുനിന്ന് അൽപ്പം പിൻതിരിപ്പിക്കാൻ ഇടയുണ്ട്‌. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റബർ ഇറക്കുമതി നടത്തുന്നത്‌ ചൈനയായതിനാൽ അവിടത്തെ ഓരോ സംഭവ വികാസങ്ങളും വിപണിയിൽ പ്രതിഫലിക്കും. അതേസമയം ബാങ്കോക്കിൽ റബർ നേട്ടത്തിൽ വ്യാപാരം നടന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ മൂലം പുലർച്ചെ റബർ വെട്ടിൽനിന്നും ഒരു വിഭാഗം വിട്ടു നിന്നു. ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ ദീപാവലി മുന്നേ പുതിയ വാങ്ങലുകൾക്ക്‌ ഉത്സാഹിക്കുമെന്ന പ്രതീക്ഷയിലാണ്‌ വ്യാപാര രംഗം. നാലാം ഗ്രേഡ്‌ റബർ കിലോ 180 രൂപ.       

ഏലക്ക വരവ്‌ ഉയർന്നത്‌ ഉത്സവകാല വാങ്ങലുകാർക്ക്‌ ആശ്വാസമായി. വണ്ടന്മേട്‌ നടന്ന ലേലത്തിൽ 1,05,425 കിലോഗ്രാം ഏലക്ക വിൽപ്പനയ്‌ക്ക്‌ എത്തിയതിൽ 1,03,223 കിലോയും ഇടപാടുകാർ ശേഖരിച്ചു. അതേസമയം കുമളി ലേലത്തിൽ 61,071 കിലോ ചരക്കിന്റെ കൈമാറ്റവും നടന്നു. ദീപാവലി പടിവാതിൽക്കൽ എത്തിയതിനാൽ രാജ്യത്തിന്റെ ഏതാണ്ട്‌ എല്ലാ ഭാഗങ്ങളിലും ഏലത്തിന്‌ ഉത്സവ കാല ഡിമാൻഡ് ഉണ്ട്‌. വിദേശത്തുനിന്നും പുതിയ അന്വേഷണങ്ങൾ എത്തിത്തുടങ്ങി. ക്രിസ്‌മസ്‌ മുന്നിൽ കണ്ടുള്ള ബയ്യിങിന്‌ നവംബറിൽ കയറ്റുമതിക്കാർ രംഗത്ത്‌ ഇറങ്ങാം. മികച്ചയിനങ്ങൾ കിലോ 2518 രൂപയിലും ശരാശരി ഇനങ്ങൾ 2282 രൂപയിലും കൈമാറി. 

മധ്യകേരളത്തിലെ വിപണികളിൽ ജാതിക്ക, ജാതിപത്രി വിലയിൽ കാര്യമായ വ്യതിയാനം ദൃശ്യമായില്ലെങ്കിലും അന്തർസംസ്ഥാന വ്യാപാരികൾ ചരക്ക്‌ സംഭരിക്കുന്നുണ്ട്‌. ഓഫ്‌ സീസണായതിനാൽ കാർഷിക മേഖലകളിൽനിന്നുള്ള വരവ്‌ കുറവാണെങ്കിലും അതിന്‌ അനുസൃതമായി നിരക്ക്‌ ഉയർന്നില്ല. അറബ്‌ രാജ്യങ്ങൾ ജാതിക്ക, ജാതിപത്രി, ജാതിക്ക ഫ്ളവറിലും താൽപര്യം കാണിച്ചതായി വിപണി വൃത്തങ്ങൾ. 

table-price-oct-24-new

സംസ്ഥാനത്തെ മുഖ്യ വിപണികളിൽ വെളിച്ചെണ്ണ വില സ്റ്റെഡിയായി നിലകൊണ്ടു, അതേ സമയം സ്റ്റോക്കിസ്റ്റുകളിൽ നിന്നുള്ള വിൽപ്പന സമ്മർദ്ദത്തിൽ കൊപ്ര വില താഴ്‌ന്നു. തമിഴ്‌നാട്ടിൽ കൊപ്രയ്‌ക്ക്‌ ഒപ്പം വെളിച്ചെണ്ണ വിലയും ഇന്ന്‌ കുറഞ്ഞു.  

കുരുമുളക്‌ മികവ്‌ നിലനിർത്തി. ഉത്തരേന്ത്യൻ വാങ്ങലുകാരുടെ സാന്നിധ്യം ഉൽപ്പന്ന വില ക്വിന്റലിന്‌ 100 രൂപ ഉയർത്തി. കൊച്ചി വിപണിയിൽ 16.5 ടൺ മുളക്‌ മാത്രമാണ്‌ വിൽപ്പനയ്‌ക്ക്‌ എത്തിയത്‌. ഇടുക്കി, വയനാടൻ മുളക്‌ ആവശ്യക്കാർ വില ഉയർത്തി ശേഖരിച്ചു. വാരാന്ത്യം വരെ ആഭ്യന്തര വാങ്ങലുകാരുടെ സാന്നിധ്യം വിപണി പ്രതീക്ഷിക്കുന്നു. അൺ ഗാർബിൾഡ്‌ കുരുമുളക്‌ 63,000 രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com