ADVERTISEMENT

ക്ഷീര- കന്നുകാലി, വളര്‍ത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉല്‍പാദനക്ഷമതയും ലക്ഷ്യമിട്ട് കേരള വെറ്റിനറി സര്‍വകലാശാല സംഘടിപ്പിക്കുന്ന ആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവിന്റെ വെബ്‌സൈറ്റ് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യന്‍ സ്റ്റഡീസ് വൈസ് ചാന്‍സലര്‍ പ്രഫസര്‍ ഡോ. പ്രദീപ് കുമാര്‍ പുറത്തിറക്കി. കുഫോസ് റജിസ്ട്രാര്‍ പ്രഫസര്‍ ഡോ. ദിനേശ് കൈപ്പുള്ളി ബ്രോഷര്‍ പ്രകാശനം ചെയ്തു. ഡിസംബര്‍ 20 മുതല്‍ 29 വരെ വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവിലൂടെ ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ മൃഗസംരക്ഷണം സാധ്യമാക്കുക, കന്നുകാലി-ക്ഷീര കാര്‍ഷിക മേഖലയില്‍ യുവാക്കള്‍ക്കായി പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ചടങ്ങില്‍ കേരള വെറ്ററിനറി ആൻഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി റജിസ്ട്രാര്‍ പ്രഫസര്‍ ഡോ. പി.സുധീര്‍ ബാബു, അക്കാദമിക് ആൻഡ് റിസേര്‍ച്ച് ഡയറക്ടര്‍ പ്രഫസര്‍ ഡോ. സി.ലത, ഡയറക്ടര്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് പ്രഫസര്‍. ഡോ. ടി.എസ്.രാജീവ്, അസ്സോസിയേറ്റ് പ്രഫസർ ഡോ. ജസ്റ്റിൻ ഡേവിസ് എന്നിവര്‍ സംസാരിച്ചു.

conclave-1
ബ്രോഷർ പ്രകാശനം

മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍, പൗള്‍ട്രി, ഡെയറി- അക്വ ഫാമിങ് എന്നീ വിഭാഗങ്ങളിലെ ഏറ്റവും പുതിയ അറിവുകള്‍, മാറിവരുന്ന സാങ്കേതികവിദ്യകള്‍ എന്നിവയെക്കുറിച്ച് കര്‍ഷകരെ ബോധവല്‍ക്കരിക്കാന്‍ ആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് സഹായകമാകും. വയനാട് ജില്ലയെ ക്ഷീരോല്‍പാദക മേഖലയുടെ ഹബ്ബ് ആക്കി മാറ്റുകയാണ് കോണ്‍ക്ലേവിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം ജില്ലയിലെ വലിയൊരു വിഭാഗം ജനങ്ങളും ക്ഷീരോല്‍പാദക മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. മില്‍മയുടെ കീഴിലുള്ള മലബാര്‍ മേഖല പാലുല്‍പാദക സഹകരണസംഘത്തിന് ഉയര്‍ന്ന ഗുണമേന്മയുള്ള പാല്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള ദേശീയ അംഗീകാരം ലഭിച്ചിരുന്നു. ക്ഷീര- കാര്‍ഷിക മേഖലയ്ക്കു പുറമെ, സുഗന്ധവ്യഞ്ജനങ്ങള്‍, ജില്ലയുടെ തനതായ വന വിഭവങ്ങള്‍ എന്നിവയുടെ ഉല്‍പാദനക്ഷമതയും വികാസവും ഉറപ്പുവരുത്തും. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള സ്ഥിരം വേദി ഒരുക്കുകയും നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തുകയും ചെയ്യും.

കോണ്‍ക്ലേവിന്റെ ഭാഗമായി രണ്ടു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍, കന്നുകാലികള്‍, ഡെയറി ഫാമിങ്, അക്വഫാമിങ്, പൗള്‍ട്രി എന്നിവയുടെ സ്റ്റാളുകളും വിവിധ എക്സ്പോകളും ഒരുക്കും. മൃഗസംരക്ഷണത്തെക്കുറിച്ചും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണന സാധ്യതകളെക്കുറിച്ചും വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകള്‍, ശില്‍പശാലകള്‍ എന്നിവയും കോണ്‍ക്ലേവില്‍ നടക്കും. രാജ്യത്തെ വിവിധ കാര്‍ഷിക സംഘടനകളും വെറ്ററിനറി ഡോക്ടര്‍മാരും ഉള്‍പ്പടെ ഏകദേശം അഞ്ചു ലക്ഷത്തോളം ആളുകളുടെ പങ്കാളിത്തമാണ് പത്ത് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ക്ലേവില്‍ പ്രതീക്ഷിക്കുന്നത്. കൊച്ചിയിലെ പാക്‌സ് ഇവന്റസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895088388, 9446052800

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com