ADVERTISEMENT

രാജ്യത്തെ വളർത്തുമൃഗസമ്പത്ത് സംബന്ധിച്ച ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകൾ അറിയുന്നതിനായി ഇരുപത്തിയൊന്നാമത് ദേശീയ കന്നുകാലി സെൻസസിന് രാജ്യവ്യാപകമായി ഇന്നു മുതൽ തുടക്കമാവും. ഓരോ അഞ്ചു വർഷം കൂടുമ്പോഴാണ് പൊതുവെ ഇന്ത്യയിൽ വളർത്തുമൃഗങ്ങളുടെ കണക്കെടുപ്പ് നടക്കാറുള്ളത്. 1919കളിൽ തന്നെ ആരംഭിച്ച ഈ പ്രക്രിയയുടെ 20 ബൃഹത് ഘട്ടങ്ങൾ ഇതുവരെ പൂർത്തീകരിച്ചു കഴിഞ്ഞു. 21–ാമത് കന്നുകാലി സെൻസസിനായി കേന്ദ്ര മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ രാജ്യമെങ്ങും വിപുലമായ ഒരുക്കങ്ങളാണ് പൂർത്തീകരിച്ചിരിക്കുന്നത്. കേരളത്തിൽ ഈ ദൗത്യത്തിന്റെ മേൽനോട്ടം വഹിക്കുന്നത് സംസ്ഥാന മൃഗസംരക്ഷണ വകുപ്പാണ്. 

ഗ്രാമ, നഗരഭേദമന്യേ തദ്ദേശസ്ഥാപനങ്ങളിലെ ഓരോ വീടുകളിലും എത്തി മൃഗസംരക്ഷണവകുപ്പ് നിയോഗിച്ച എന്യുമറേറ്റർമാർ വളർത്തുമൃഗങ്ങളെ സംബന്ധിച്ച സമഗ്ര വിവരശേഖരണം നടത്തും. കുടുംബശ്രീയുടെ സഹകരണത്തോടെ മൃഗസംരക്ഷണവകുപ്പ് തിരഞ്ഞെടുത്ത് പരിശീലനം നൽകിയ പശുസഖിമാരും എ-ഹെൽപ്പ് പ്രവർത്തകരുമാണ് കേരളത്തിൽ വീടുകളിലെത്തി സമഗ്ര വിവരശേഖരണം നടത്തുക. പശു, ആട് തുടങ്ങിയ കന്നുകാലികൾ, കുതിര വർഗ്ഗത്തിൽപ്പെട്ട ഉരുക്കൾ, നായ്ക്കൾ, പന്നികൾ, മുയലുകൾ, വളർത്തുപക്ഷികൾ തുടങ്ങി 16 വർഗങ്ങളിൽപ്പെട്ട വളർത്തുമൃഗങ്ങളും എണ്ണവും, പ്രായവും, ലിംഗവും സംബന്ധിച്ച വിവരങ്ങൾ സെൻസസിന്റെ ഭാഗമായി ശേഖരിക്കും.

ഗോശാലകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, മൃഗസംരക്ഷണ മേഖലയിൽ സ്ത്രീ സമൂഹത്തിന്റെ പങ്കാളിത്തം കൃത്യമായി നിർണയിക്കുന്നതിന് സഹായിക്കുന്ന വിവരങ്ങൾ തുടങ്ങിയ അനുബന്ധ വിവരങ്ങളും ശേഖരിക്കും. വിവരങ്ങൾ രേഖപ്പെടുത്താനും വിലയിരുത്തലുകൾ നടത്താനും പ്രത്യേക മൊബൈൽ അപ്ലിക്കേഷൻ ഉൾപ്പെടെ  സാങ്കേതിക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സെൻസസ് യജ്ഞം നാലു മാസം നീണ്ടുനിൽക്കും.

രാജ്യത്തെ 70 ശതമാനത്തോളം വരുന്ന ജനങ്ങൾ നിത്യജീവിതോപാധിയായി ആശ്രയിക്കുന്നത് കൃഷിയും മൃഗസംരക്ഷണവും അനുബന്ധ മേഖലകളെയുമാണന്നതിനാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും സ്ഥിതിവിവര കണക്കുകൾക്കും നമ്മുടെ നയരൂപീകരണത്തിൽ സുപ്രധാനമായ പങ്കുണ്ട്. മാത്രമല്ല, രാജ്യത്തെ വളർത്തുമൃഗസമ്പത്തിന്റെ വ്യാപ്തിയും വൈവിധ്യവും സംബന്ധിച്ച ഈ വിവരങ്ങൾക്ക് വരുംകാല നയരൂപീകരണ പ്രക്രിയകളിലും പദ്ധതി വിഭാവനചർച്ചകളിലും നിർണായക സ്വാധീനം ചെലുത്താൻ കഴിയും. പ്രാദേശിക വികസനത്തിലും സംസ്ഥാനത്തിനു ഫണ്ടുകൾ ഉൾപ്പെടെ ലഭ്യമാകുന്നതിലും ഈ വിവരങ്ങൾ നിർണായകമാവും. ഏറ്റവുമുപരി, ലോകത്തിനു മുന്നിൽ ഇന്ത്യയുടെ വളർത്തുമൃഗവിഭവ സമ്പത്തിനെ അടയാളപ്പെടുത്തുന്ന പ്രവർത്തനം കൂടിയാണ് ലൈവ്സ്റ്റോക്ക് സെൻസസ് പ്രക്രിയ. ഇത്തരത്തിൽ പല കാര്യങ്ങളാൽ സുപ്രധാനമായ ഈ പദ്ധതി വിജയിക്കണമെങ്കിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും കർഷകരും പൊതുജനങ്ങളും പൂർണ പിന്തുണ അനിവാര്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com