ADVERTISEMENT

ജപ്പാനിലെ രാഷ്‌ട്രീയ അനിശ്ചിതത്വം നാണയമായ യെന്നിൽ സമ്മർദ്ദമുളവാക്കുന്നു. ഡോളറിനു മുന്നിൽ മൂന്ന്‌ മാസത്തെ താഴ്‌ന്ന തലമായ 153.63ലേക്ക്‌ മൂല്യം ഇടിഞ്ഞതിനിടയിലും ഒസാക്ക എക്‌സ്‌ചേഞ്ചിൽ റബറിന്‌ കാലിടറി. രാഷ്‌ട്രീയ പ്രതിസന്ധി ദിവസങ്ങളോ ആഴ്‌ച്ചകളോ നീളാമെന്ന വിലയിരുത്തലുകൾ ഫണ്ടുകളെ റബറിൽ വിൽപ്പനക്കാരാക്കിയതോടെ ഇടപാടുകളുടെ ആദ്യ പകുതിയിൽ റബർ വില രണ്ടു ശതമാനം ഇടിഞ്ഞത്‌ സിംഗപ്പൂരിലും ഉൽപ്പന്ന വിലയെ ബാധിച്ചു. എന്നാൽ വ്യാപാരാന്ത്യം ഇടപാടുകാർ ലാഭമെടുപ്പിനു കാണിച്ച ഉത്സാഹം താഴ്‌ന്ന തലത്തിൽനിന്നും ചെറിയ തോതിലുള്ള തിരിച്ചു വരവിന്‌ അവസരം ഒരുക്കി. സംസ്ഥാനത്ത്‌ തെളിഞ്ഞ കാലാവസ്ഥ കണ്ടതിനാൽ ടാപ്പിങ്‌ വീണ്ടും സജീവമാകുമെന്ന സൂചനയാണ്‌ ഉൽപാദകമേഖലകളിൽനിന്നും ലഭ്യമാവുന്നത്‌. കഴിഞ്ഞവാരം രാജ്യാന്തര മാർക്കറ്റിലെ വിലത്തകർച്ച ഇന്ത്യൻ മാർക്കറ്റിൽ പ്രതിഫലിക്കാഞ്ഞതും ഉൽപാദകർക്ക്‌ ആത്മവിശ്വാസം പകർന്നു. നാലാം ഗ്രേഡ്‌ ഷീറ്റ്‌ കിലോ 180 രൂപയിൽ സ്റ്റെഡിയാണ്‌. 

ദീപാവലി മുന്നിൽക്കണ്ട്‌ ഏലക്കയുടെ അവസാനഘട്ട വാങ്ങലുകൾ ഉൽപാദകരെയും ഇടപാടുകാരെയും ഒരു പോലെ ആവേശം കൊള്ളിക്കുന്നു. ഇതിനിടെ വിദേശ ഓർഡറുകൾ മുൻനിർത്തി കയറ്റുമതിക്കാരും ചരക്കിൽ താൽപര്യം കാണിക്കുന്നത്‌ വിവിധ ലേല കേന്ദ്രങ്ങളിൽ എത്തുന്ന ഏലക്കയിൽ ഭൂരിഭാഗവും വിറ്റ്‌ ഒഴിയാൻ അവസരം ഒരുക്കി. ഉൽപാദകമേഖലയിൽ നടന്ന ലേലത്തിന്‌ എത്തിയ 52,478 കിലോ ഏലക്കയിൽ 52,024 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങൾ 2283 രൂപയിലും മികച്ചയിനങ്ങൾ 2756 രൂപയിലും ഇടപാടുകൾ നടന്നു. ക്രിസ്‌മസ്‌‐ന്യൂ ഇയർ ആവശ്യങ്ങൾക്കുള്ള ചരക്ക്‌ സംഭരണ തിരക്കിലാണ്‌ വിദേശ രാജ്യങ്ങൾ. 

table-price2-oct-28

ജാതിക്ക, ജാതിപത്രി വിലകളിൽ ഉണർവ്‌ കണ്ടു തുടങ്ങി. മധ്യകേരളത്തിലെയും ഹൈറേഞ്ചിലെയും ഉൽപാദകർ മെച്ചപ്പെട്ട വില പ്രതീക്ഷിച്ച്‌ ചരക്ക്‌ വിൽപ്പന ചുരുക്കിയത്‌ ഉത്തരേന്ത്യൻ വാങ്ങലുകാരെ വില ഉയർത്താൻ പ്രേരിപ്പിച്ചു. ഓഫ്‌ സീസണായതിനാൽ ലഭ്യത ഉറപ്പ്‌ വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ വ്യവസായികൾ ജാതിക്കയിൽ പിടിമുറുക്കിയത്‌. ജാതിക്ക തൊണ്ടൻ 260 രൂപയായും ജാതിപരിപ്പ്‌ 570 രൂപയായും ഉയർന്നു. ഹൈറേഞ്ച്‌ മേഖലയിലെ ചരക്കിന്‌ ഇതിലും ആകർഷകമായ വില ഉറപ്പ്‌ വരുത്താനായി.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com