കുരുമുളക് വ്യാപാരത്തിൽ ഒരു ബില്യൻ ഡോളർ കടന്ന് വിയറ്റ്നാം: ഇന്നത്തെ (29/10/24) അന്തിമ വില
Mail This Article
ദീപാവലി ആഘോഷങ്ങളിലേക്കു തിരിയുകയാണ് കൊച്ചിയിലെ ഉത്തരേന്ത്യൻ സുഗന്ധവ്യഞ്‌ജന വ്യാപാര സമൂഹം. അഞ്ചു ദിവസം നീളുന്ന ദീപാവലി ഉത്സവങ്ങളുടെ ഭാഗമായ ധൻതേരാസിന് ഇന്നു തുടക്കംകുറിച്ചതോടെ മുഖ്യ വിപണികളിൽനിന്നും ഒരു വിഭാഗം വ്യാപാരികൾ പിന്നോക്കം മാറുകയാണ്. ദീപാവലി ആഘോഷങ്ങൾക്കു ശേഷം വെള്ളിയാഴ്‌ച സന്ധ്യയ്‌ക്കു നടക്കുന്ന ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ കുരുമുളക്, വെളിച്ചെണ്ണ, റബർ തുടങ്ങിയ മുഖ്യ ഉൽപന്നങ്ങളുടെ പുതുവർഷത്തിലെ ആദ്യ വിൽപ്പനയെ ഏറെ പ്രാധാന്യത്തോടെയും ഭക്തിയോടെയുമാണ് ഉത്തരേന്ത്യൻ സമൂഹം വിലയിരുത്തുന്നത്.
കുരുമുളകുവില തുടർച്ചയായ ദിവസങ്ങളിൽ ഉയർന്നതോടെ ഉൽപാദകർ വിപണിയിലെ ഓരോ ചലനങ്ങളെയും സസൂക്ഷ്‌മം നിരീക്ഷിക്കുന്നുണ്ടെങ്കിലും ചരക്ക് ഇറക്കാൻ കാര്യമായ ഉത്സാഹം കാണിച്ചില്ല. ഇന്ന് 26 ടൺ ചരക്കാണ് വിൽപ്പനയ്‌ക്ക് എത്തിയത്. നിരക്ക് പരമാവധി ഉയർന്ന ശേഷം വിൽപ്പനയിലേക്ക് തിരിയാമെന്ന നിലപാടിലാണ് വൻകിട കർഷകർ. ഓഫ് സീസണായതിനാൽ വിൽപ്പനക്കാരുടെ അഭാവം വാങ്ങൽ താൽപര്യം ശക്തമാക്കി. ആഗോള ലഭ്യത ചുരുങ്ങുന്നത് ആഭ്യന്തര വിലക്കയറ്റത്തിന് അവസരം ഒരുക്കാം. ഇതിനിടെ വിയറ്റ്‌നാമിന്റെ കുരുമുളക് കയറ്റുമതി ഒരു ബില്യൻ ഡോളർ മറികടന്നു. എട്ടു വർഷത്തിനിടയിൽ ആദ്യമായാണ് അവർ ഈ നേട്ടം സ്വന്തമാക്കുന്നത്. മൊത്തം ഉൽപാദനത്തിൽ ഏറിയ പങ്കും കയറ്റുമതി നടത്തിയതോടെ അവിടെ കുരുമുളക് ക്ഷാമം രൂക്ഷമാകുന്നു.
ലേലത്തിന് എത്തിയ ഏലക്ക പൂർണമായി വിറ്റഴിഞ്ഞു. ഇടുക്കിയിൽ ഇന്നലെ നടന്ന ലേലത്തിന് വന്ന 55,380 കിലോഗ്രാം ഏലക്ക മൊത്തമായി വാങ്ങലുകാർ ഖേശരിച്ചു. ആഭ്യന്തര മാർക്കറ്റിലെ ചരക്ക് ക്ഷാമത്തെയാണ് ഇത് വ്യക്തമാക്കുന്നത്. വിളവെടുപ്പ് മൂന്നു മാസം വൈകിയതിനാൽ വൻകിടക്കാരുടെ കരുതൽ ശേഖരം നേരത്തെ തന്നെ ഏതാണ്ട് പൂർണമായി വിറ്റഴിച്ചതായി വേണം വിലയിരുത്താൻ. ശരാശരി ഇനങ്ങൾ കിലോ 2308 രൂപയിലും മികച്ചയിനങ്ങൾ 2535 രൂപയിലും ലേലം കൊണ്ടു.
രാജ്യാന്തര റബർ വിപണിയിലെ മാന്ദ്യം തുടരുന്നു. ബാങ്കോക്കിൽ ഇന്ന് റബറിന് 200 രൂപയുടെ താങ്ങ് നഷ്‌ടപ്പെട്ട കിലോ 196 രൂപയായി. ഏഷ്യൻ റബർ അവധി വ്യാപാര രംഗവും തളർച്ചയിലായിരുന്നു. കൊച്ചിയിലും കോട്ടയത്തും നാലാം ഗ്രേഡ് റബർ കിലോ 180 രൂപയിൽ സ്റ്റെഡി.