രാജ്യാന്തര വിപണിയിൽ കൊക്കോയ്‌ക്ക് തളർച്ച; ട്രംപിന്റെ വിജയത്തിൽ റബറിനു നേട്ടം: ഇന്നത്തെ (7/11/24) അന്തിമ വില
Mail This Article
രാജ്യാന്തര വിപണിയിൽ കൊക്കോയ്‌ക്ക് തളർച്ച. ഡോളർ ശക്തിപ്രാപിക്കുന്നതു കണ്ട് ഫണ്ടുകൾ വിൽപ്പനയ്‌ക്ക് കാണിച്ച തിടുക്കം ഉൽപ്പന്ന വില ഇടിച്ചു. അതേസമയം ലണ്ടൻ എക്‌സ്‌ചേഞ്ചിൽ കൊക്കോ കരുത്ത് നിലനിർത്തി. രാജ്യാന്തര മാർക്കറ്റിലെ ചാഞ്ചാട്ടങ്ങൾ മുൻനിര ചോക്ക്ലേറ്റ് നിർമാതാക്കളെ സ്വാധീനിച്ചില്ല, അവർ കൊക്കോ സംഭരണത്തിൽ തണുപ്പൻ മനോഭാവമാണ് കാണിച്ചത്. ഇന്ത്യൻ ചോക്ലേറ്റ് വ്യവസായികൾ വിദേശത്തെ ചലനങ്ങൾ സസൂക്ഷമം നിരീക്ഷിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെന്ന പോലെ കൊക്കോ സംഭരണത്തിൽ തണുപ്പൻ നിലപാടിലായിരുന്നു. കാർഷിക മേഖലകളിൽനിന്നു ചരക്കു വരവ് കുറവായതിനാൽ ആഭ്യന്തര വിലയിൽ കാര്യമായ മാറ്റമില്ല. ഉണക്ക കൊക്കോ കിലോ 550 രൂപയിലും പച്ച കൊക്കോ കിലോ 170 രൂപയിലും വിപണനം നടന്നു.
ഉത്തരേന്ത്യയിൽ വിവാഹ സീസണായതിനാൽ ആഭ്യന്തര വാങ്ങലുകാരിൽനിന്നും ഏലത്തിന് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. ഗൾഫ് ഓർഡറുകൾ മുന്നിൽ കണ്ട് കയറ്റുമതി സമൂഹവും ഏലക്ക ശേഖരിച്ചു. ഉൽപാദക കേന്ദ്രങ്ങളിൽനിന്നും പുതിയ ചരക്ക് കൂടുതലായി വിൽപ്പനയ്‌ക്ക് ഇറങ്ങി. 56,569 കിലോഗ്രാം ചരക്ക് വിൽപ്പനയ്‌ക്ക് വന്നതിൽ 55,934 കിലോയും ഇടപാടുകാർ മത്സരിച്ചു ശേഖരിച്ചു. വലുപ്പം കൂടിയ ഇനങ്ങൾ കിലോ 2478 രൂപയിലും ശരാശരി ഇനങ്ങൾ 2477 രൂപയിലും കൈമാറി.
അമേരിക്കൻ തിരഞ്ഞടുപ്പ് ഫലം നാണയ വിപണിയിൽ ചാഞ്ചാട്ടം സൃഷ്‌ടിച്ചത് റബർ നേട്ടമാക്കി. ഡോളറിന് മുന്നിൽ ജാപ്പനീസ് യെന്നിന്റെ വിനിമയ മൂല്യം 154.63ലേക്ക് ഇടിഞ്ഞത് ഒരു വിഭാഗം ഇടപാടുകാരെ റബറിലേക്ക് അടുപ്പിച്ചു. ഉത്തരേന്ത്യൻ വ്യവസായികൾ റബർ മാർക്കറ്റിൽ തിരിച്ചെത്തിയെങ്കിലും കാര്യമായി വാങ്ങലുകൾക്ക് അവർ തയാറായില്ല. കൊച്ചിയിൽ അഞ്ചാം ഗ്രേഡ് 17,700 രൂപയിലും നാലാം ഗ്രേഡ് 18,100 രൂപയിലും വ്യാപാരം നടന്നു.