അടിപതറി റബർ വിപണി; സ്ഥിരത കൈവരിച്ച് ഏലക്ക: ഇന്നത്തെ (12/11/2024) അന്തിമ വില
Mail This Article
ഇന്ത്യൻ ഏലക്ക മുന്നേറ്റത്തിന്റെ പാതയിൽ. ശരാശരി ഇനങ്ങൾ തുടർച്ചയായ അഞ്ചാം ദിവസവും 2500 രൂപയ്‌ക്കു മുകളിൽ സ്ഥിരത കൈവരിച്ചത് കണക്കിലെടുത്താൽ ശക്തമായ കുതിപ്പിനുള്ള സാങ്കേതിക തയ്യാറെടുപ്പ് ഉൽപ്പന്നം ആരംഭിച്ചതായി വേണം വിലയിരുത്താൻ. ഹൈറേഞ്ചിൽ ഏലക്ക വിളവെടുപ്പ് പുരോഗമിച്ചെങ്കിലും വിപണിയുടെ ആവശ്യത്തിന് അനുസൃതമായി ചരക്ക് വിൽപ്പനയ്‌ക്ക് എത്തുന്നില്ല. ആഭ്യന്തര വിദേശ മാർക്കറ്റുകളിൽനിന്നുള്ള ഡിമാൻഡ് ഉയരാനുള്ള സാധ്യതകൾ മെച്ചപ്പെട്ട വിലയ്‌ക്ക് അവസരം ഒരുക്കും. ഇന്ന് ശാന്തൻപാറയിൽ നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോ 2517ലേക്ക് കയറി, മികച്ചയിനങ്ങൾ 2771 രൂപയിലും കൈമാറി. വിൽപ്പനയ്‌ക്ക് വന്ന മൊത്തം 28,605 കിലോ ചരക്കിൽ 28,085 കിലോയും വിറ്റഴിഞ്ഞു
വിനിമയ വിപണിയിൽ ഡോളറിന്റെ കുതിച്ചു ചാട്ടം യെന്നിനെ സമ്മർദ്ദത്തിലാക്കി. നാണയ വിപണിയിലെ ചലനങ്ങൾ ഏഷ്യൻ റബർ മാർക്കറ്റുകൾക്ക് പുതുജീവൻ പകരുമെന്ന് മുഖ്യ ഉൽപാദക രാജ്യങ്ങളുടെ കണക്കുകൂട്ടലുകൾ കാറ്റിൽ പറത്തുന്ന പ്രകടനമാണ് റബർ അവധി വ്യാപാരത്തിൽ ഇന്നു ദൃശ്യമായത്. ചൈനീസ് വ്യവസായികളിൽ നിന്നുള്ള ഡിമാൻഡ് ഉയരാത്തതും ഊഹക്കച്ചവടക്കാർ ബാധ്യതകൾ വിറ്റുമാറാൻ മത്സരിച്ചതും ജപ്പാൻ ഒസാക്ക എക്‌സ്‌ചേഞ്ചിൽ റബറിന് 350 യെന്നിന്റെ നിർണായക താങ്ങ് നഷ്‌ടപ്പെടാൻ ഇടയാക്കി. യെന്നിന്റെ മൂല്യം 154ലേക്ക് ഇടിഞ്ഞതിനൊപ്പം സിംഗപ്പുർ ഡോളറിനും തിരിച്ചടി നേരിട്ടു. സിംഗപ്പുർ എക്‌സ്‌ചേഞ്ചിലും റബറിനെ തളർത്തി. ബാങ്കോക്കിലും ഷീറ്റിന് തളർച്ച നേരിട്ടെങ്കിലും കിലോ 200 രൂപയ്‌ക്കു മുകളിൽ പിടിച്ചു നിന്നു. ഇന്ത്യൻ മാർക്കറ്റിൽ നാലാം ഗ്രേഡ് റബർ വില കിലോ 182 രൂപയിൽ സ്‌റ്റെഡിയാണ്.
രാജ്യാന്തര വിപണിയിൽ പാം ഓയിൽ പുതുവർഷത്തിലും ഉയർന്ന തലത്തിൽ നിലകൊള്ളുമെന്ന വിലയിരുത്തലുകൾ നാളികേര മേഖലയ്‌ക്ക് പ്രതീക്ഷ പകരുന്നു. ദക്ഷിണേന്ത്യയിൽ കൊപ്ര ക്ഷാമം രൂക്ഷമായതിനാൽ ഉയർന്ന വില നൽകി ചരക്ക് സംഭരിക്കാൻ മില്ലുകാർ ഉത്സാഹിക്കുന്നുണ്ട്. വ്യവസായികൾക്ക് അവരുടെ ഡിമാൻഡിന് അനുസൃതമായി ചരക്ക് സംഭരിക്കാൻ പല അവസരത്തിലും ക്ലേശിക്കുന്നത് കണക്കിലെടുത്താൽ വെളിച്ചെണ്ണയും പച്ചത്തേങ്ങയും മികവ് നിലനിർത്താം.