ഏലക്ക ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേയ്‌ക്ക്; ഇന്നത്തെ (15 /11/2024) അന്തിമ വില
Mail This Article
രാജ്യാന്തര വിപണിയിൽ കൊക്കോ ഉയർത്തെഴുന്നേൽപ്പിന് ഒരുങ്ങുന്നു. യൂറോപ്യൻ യൂണിയൻ ഇറക്കുമതിക്ക് നിയന്ത്രണം വരുത്തുമെന്ന സൂചനകൾ ഊഹക്കച്ചവടക്കാരെ കൊക്കോ അവധിയിൽ ഷോട്ട് കവറിങ്ങിന് പ്രേരിപ്പിച്ചത് വ്യാപാര രംഗം ചൂട് പിടിക്കാൻ അവസരം ഒരുക്കി. കഴിഞ്ഞ രാത്രി 682 ഡോളർ മുന്നേറി ന്യൂയോർക്കിൽ കൊക്കോ വില ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 8776 ഡോളറിലേയ്‌ക്ക് പ്രവേശിച്ചു. വിദേശ വിപണികളിൽ പെടുന്നനെ സംഭവിച്ച വിലക്കയറ്റം കണ്ട് ഇന്ത്യൻ ചോക്ലേറ്റ് വ്യവസായികൾ ആഭ്യന്തര മാർക്കറ്റിലേയ്‌ക്ക് ശ്രദ്ധതിരിച്ചു. നവംബർ ആദ്യ പകുതിയിൽ ചരക്ക് സംഭരണത്തിന് കാര്യമായ ഉത്സാഹം കാണിക്കാതെ ഹൈറേഞ്ച് മേഖലയിൽ നിന്നും അകന്ന് മാറിയ ചോക്ലേറ്റ് നിർമ്മാതാക്കളുടെ തിരിച്ചു വരവ് 500 രൂപയിൽ നിന്നും കൊക്കോയെ ഇതിനകം 600 -650 ലേയ്‌ക്ക് കൈപിടിച്ച് ഉയർത്തി.
ഏലക്ക ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേയ്‌ക്ക് ചുവടുവെച്ചു. വിളവെടുപ്പിനിടയിൽ ആഭ്യന്തര വിദേശ ആവശ്യം ശക്തമായത് ഉൽപ്പന്നം നേട്ടമാക്കുന്നു. ഇറക്കുമതി ഭീഷണി ഒഴിഞ്ഞതും വിദേശ ഓർഡറിനുള്ള സാധ്യത തെളിഞ്ഞതും ഏലക്ക വില വരും മാസങ്ങളിൽ കുതിച്ചു ചാട്ടത്തിന് അവസരം ഒരുക്കാം. ശരാശരി ഇനങ്ങളുടെ വില 2024 ലെ ഏറ്റവും ഉയർന്ന നിരക്കായ 2899 രൂപയിലെത്തി. വിളവെടുപ്പ് രംഗം സജീവമെങ്കിലും വാങ്ങലുകാരുടെ പ്രതീക്ഷയ്‌ക്ക് ഒത്ത് ഏലക്ക ലേലത്തിന് ഇറങ്ങുന്നില്ല. മികച്ചയിനങ്ങൾ ഇന്ന് 3380 രൂപയിൽ കൈമാറി. മൊത്തം 42,384 കിലോ ഏലക്കയുടെ ഇടപാടുകൾ നടന്നു.
റബർ ഉൽപാദന ചിലവും വിപണി വിലയും തമ്മിലുള്ള അന്തരം മുൻ നിർത്തി ഷീറ്റ് വിൽപ്പന നിർത്തിവെക്കാൻ കാർഷിക കൂട്ടായ്‌മ നീക്കം തുടങ്ങി. റബർ വില കിലോ 200 ലേയ്‌ക്ക് ഉയരും വരെ ചരക്ക് പിടിക്കാൻ റബർ ഉൽപാദന സംഘങ്ങളുടെ ദേശീയ കൂട്ടായ്‌മയാണ് കർഷകരോട് ആഹ്‌വാനം ചെയ്‌തത്. ഉൽപാദകർ ഈ നീക്കത്തോട് എത് വിധം പ്രതികരിക്കുമെന്നത് വരും ദിനങ്ങളിൽ വിപണികളിലേയ്‌ക്കുള്ള ഷീറ്റ് നീക്കത്തിൽ നിന്നും വ്യക്തമാക്കും.
വിശ്ചികം പിറക്കുന്നതോടെ രാത്രി താപനില പല ഭാഗങ്ങളിലും 20 ഡിഗ്രിയിലേയ്‌ക്ക് താഴുന്നത് റബർ മരങ്ങൾ കൂടുതൽ പാൽ ചുരത്താൻ അവസരം ഒരുക്കും. ഉൽപാദനം ഉയരുന്നതിനിടയിൽ ചരക്ക് വിൽപ്പനയ്‌ക്ക് സ്‌റ്റോക്കിസ്‌റ്റുകൾ നീക്കം നടത്താൻ സാധ്യത തെളിയുന്നതായി വിപണി വൃത്തങ്ങൾ. നിത്യാവശ്യങ്ങൾക്കുള്ള പണം കണ്ടത്താൻ ക്ലേശിക്കുന്ന ചെറുകിട കർഷകർ ഉൽപാദനം ഉയർന്നാൽ വിപണിയിലേയ്‌ക്ക് ശ്രദ്ധതിരിക്കും. സംസ്ഥാനത്തെ മുഖ്യ വിപണികളിൽ നാലാം ഗ്രേഡ് കിലോ 182 രൂപയിലും അഞ്ചാം ഗ്രേഡ് 178 രൂപയിലും വിപണനം നടന്നു.