വിപണിയിൽ ഡോളറിന്റെ തേരോട്ടം, കുതിച്ചുകയറി റബർ: ഇന്നത്തെ (20/11/2024) അന്തിമ വില
Mail This Article
നാണയ വിപണിയിൽ ഡോളറിന്റെ തേരോട്ടം ഏഷ്യൻ റബറിന് പുതുജീവൻ പകരുമെന്ന പ്രതീക്ഷയിലാണ് ഉൽപാദകരാജ്യങ്ങൾ. യെന്നിന്റെ മൂല്യത്തകർച്ച ജപ്പാനിൽ റബറിനെ പിന്തുണച്ചത് സിംഗപ്പുർ, ചൈനീസ് വിപണികളിലും ഉൽപ്പന്നത്തിനു താങ്ങായി. ഊഹക്കച്ചവടക്കാർ അവധി വ്യാപാരത്തിൽ കവറങിന് കാണിച്ച തിടുക്കം ഒസാക്കയിൽ റബർ വില 2.76 ശതമാനം ഉയർത്തി. യെൻ ദുർബലമായത് വിദേശ നിക്ഷേപകരെ റബറിലേക്ക് ആകർഷിച്ചു. ബാങ്കോക്കിൽ ഷീറ്റ് വില 188 രൂപയിൽനിന്നും 195ലേക്ക് കയറിയെങ്കിലും ചൈനീസ് ടയർ മേഖലയിൽനിന്നും ആവശ്യക്കാർ കുറവായിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിലനിന്ന മഴ ടാപ്പിങ് ചെറിയ അളവിൽ തടസപ്പെടുത്തി. കൊച്ചിയിൽ നാലാം ഗ്രേഡ് ഷീറ്റ് വില 183 രൂപ.
കുരുമുളക് ഉൽപാദകർ ചരക്ക് വിൽപ്പനയ്‌ക്കു താൽപര്യം കാണിക്കാതെ അൽപം പിൻവലിഞ്ഞു. രണ്ടു ദിവസംകൊണ്ട് ക്വിന്റലിന് 800 രൂപ ഇടിഞ്ഞതാണ് വിൽപ്പനയിൽനിന്നു കർഷകരെ പിന്തിരിപ്പിച്ചത്. അതേസമയം മധ്യവർത്തികൾ എരിവും സ്വാദും കുറഞ്ഞ ഇറക്കുമതിച്ചരക്ക് കലർത്തിയ കുരുമുളക് വിൽപന തുടരുന്നതായി വിപണി വൃത്തങ്ങൾ, അൺ ഗാർബിൾഡ് കുരുമുളകിന് 200 രൂപ കുറഞ്ഞ് 62,200 രൂപയായി. അന്താരാഷ്‌ട്ര മാർക്കറ്റിൽ വിവിധ ഉൽപാദകരാജ്യങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. അതേസമയം വിയറ്റ്‌നാം പ്രദേശിക വിപണിയിൽ മുളക് വിലയിൽ നേരിയ ചാഞ്ചാട്ടം നിലനിന്നു.
ഹൈറേഞ്ചിലെ ഏലക്കർഷകർ ഈ വർഷത്തെ അവസാന റൗണ്ട് വിളവെടുപ്പിന്റെ തിരക്കിലാണ്. വിളവ് ചുരുങ്ങിയെന്ന കർഷകരുടെ വിലയിരുത്തലുകൾക്കിടയിൽ ലേലത്തിനുള്ള ഏലക്ക വരവ് കുത്തനെ കുറഞ്ഞു. ഇന്നലത്തെ ചരക്ക് വരവിനെ അപേക്ഷിച്ച് ഇന്ന് വരവ് നാലിലൊന്നായി ചുരുങ്ങി. ചെവ്വാഴ്‌ച അരലക്ഷം കിലോ ഏലക്ക വിൽപ്പനയ്‌ക്കു വന്ന സ്ഥാനത്ത് ഇന്ന് വരവ് 11,773 കിലോയിൽ ഒതുങ്ങി, ഇതിൽ 11,664 കിലോയും ഇടപാടുകാർ മത്സരിച്ച് ശേഖരിച്ചിട്ടും ശരാശരി ഇനങ്ങൾ കിലോ 2753 രൂപയിൽ നിലകൊണ്ടു. ഏലക്ക 2700 - 2600 രൂപ റേഞ്ചിൽ സപ്പോർട്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ്.