ADVERTISEMENT

കുരുമുളക്‌ കർഷകരുടെയും മധ്യവർത്തികളുടെയും കരുതൽ ശേഖരത്തിലുള്ള ചരക്ക്‌ വിപണിയിൽ എത്തിക്കാനുള്ള അണിയറ നീക്കം നടക്കുന്നതായി കാർഷിക മേഖലയിൽനിന്നും ആക്ഷേപം ഉയരുന്നു. മെച്ചപ്പെട്ട വില പ്രതീക്ഷിച്ച അവസരത്തിൽ വിലത്തകർച്ച സൃഷ്ടിച്ച്‌ താഴ്‌ന്ന വിലയ്‌ക്ക്‌ കൈക്കലാക്കാനുള്ള നീക്കമായി ഇതിനെ വിലയിരുത്തുന്നു. നാലു ദിവസം കൊണ്ട്‌ ക്വിന്റലിന്‌ 1200 രൂപ ഇടിഞ്ഞത്‌ കർഷകരുടെ സംശയം ബലപ്പെടുന്നു. ഇന്ന്‌ 62,200 രൂപയിൽനിന്ന് അൺ ഗാർബിൾഡ്‌ 62,000 രൂപയിലേക്കു താഴ്‌ന്നു. ഇന്ത്യൻ കുരുമുളക്‌ വില താഴ്‌ന്നെങ്കിലും ഏതാനും ദിവസത്തെ തളർച്ചയ്‌ക്ക്‌ ശേഷം വിയറ്റ്‌നാമിൽ ഇന്ന്‌ നിരക്ക്‌ ഉയർന്നു.

ശൈത്യകാലത്തിന്‌ തുടക്കം കുറിച്ചെങ്കിലും വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും ചുക്കിന്‌ കാര്യമായ അന്വേഷണങ്ങളില്ല. നിരക്ക്‌ മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ ഇടനിലക്കാരും ഉൽപാദകരും ചുക്ക്‌ സംഭരിച്ചിട്ടുണ്ട്‌. ഡൽഹി, കാൺപുർ മേഖലകളിൽനിന്നും സാധാരണ നവംബർ മധ്യം വൻ ഓർഡറുകളെത്താറുണ്ട്‌. അറബ്‌ രാജ്യങ്ങളിൽനിന്നുള്ള വാങ്ങലുകാരും രംഗത്ത്‌ സജീവമല്ല. കൊച്ചിയിൽ വിവിധയിനം ചുക്ക്‌ ക്വിന്റലിന്‌ 32,500-35,000 രൂപ. 

table-price2-nov-21

‌ആഭ്യന്തര–വിദേശ വിപണികളിൽനിന്ന് ഏലത്തിന്‌ ഡിമാൻഡ് നിലനിന്നിട്ടും ശരാശരി ഇനങ്ങൾ 2700 രൂപയെ ചുറ്റിപ്പറ്റി നീങ്ങി. ശാന്തൻപാറയിൽ നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോ 2745 രൂപയിലും മികച്ചയിനങ്ങൾ 3025 രൂപയിലും കൈമാറി. മൊത്തം 23,385 കിലോ ഏലക്ക ലേലത്തിന്‌ വന്നതിൽ 23,071 കിലോയും വിറ്റഴിഞ്ഞു. 

വിദേശത്തു നിന്നുള്ള അനുകൂല വാർത്തകളുടെ ചുവടുപിടിച്ച്‌ സംസ്ഥാനത്ത്‌ വിവിധയിനം റബർ വില ഉയർന്നു. നാലാം ഗ്രേഡ്‌ ഷീറ്റ്‌ 183 രൂപയിൽനിന്നും 185ലേക്ക്‌ കയറിയപ്പോൾ അഞ്ചാം ഗ്രേഡ്‌ 182 രൂപയിൽ വിപണനം നടന്നു. തെക്കൻ കേരളത്തിൽ മഴ കനത്തത്‌ റബർ വെട്ട്‌ പൂർണമായി സ്‌തംഭിക്കാൻ ഇടയാക്കി, ലാറ്റക്‌സ്‌ നീക്കം കുറഞ്ഞതോടെ നിരക്ക്‌ 117 രൂപയായി ഉയർന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com