ADVERTISEMENT

ഇന്ത്യൻ സുഗന്ധവ്യഞ്‌ജനങ്ങളുടെ ചുക്കാൻ നിയന്ത്രിക്കുന്ന സ്‌പൈസസ്‌ ബോർഡിന്‌ രാജ്യത്തെ കുരുമുളക്‌ ഉൽപാദനത്തെ കുറിച്ച്‌ വ്യക്തമായ കണക്കുകളില്ലാതെ ഇരുട്ടിൽ തപ്പുന്നു. ആഗോള സുഗന്ധവ്യഞ്‌ജന സമൂഹത്തിനു മുന്നിൽ പൊള്ളയായ കണക്കുകൾ നിരത്തി വില ഇടിക്കാനുള്ള സംഘടിത നീക്കത്തിനു കേന്ദ്ര ഏജൻസി കുട പിടിച്ചതായി കാർഷികമേഖല ആരോപിക്കുന്നു. പ്രതികൂല കാലാവസ്ഥയിൽ വിളവ്‌ ഗണ്യമായി കുറഞ്ഞ അവസരത്തിലും ബമ്പർ വിളവിന്റെ കണക്കുകളാണ്‌ രാജ്യാന്തര വേദിയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്‌. ആഗോള കുരുമുളക്‌ ഉൽപാദനത്തെക്കുറിച്ച്‌ രാജ്യാന്തര കുരുമുളക്‌ സമൂഹയോഗത്തിൽ ഓരോ രാജ്യങ്ങളും കൃത്യമായ കണക്കുകൾ നിരത്തിയപ്പോൾ ദക്ഷിണേന്ത്യൻ കുരുമുളക്‌ കർഷകരെ മറന്ന്‌ ഉത്തരേന്ത്യൻ ഇറക്കുമതി ലോബിയുടെ താൽപര്യങ്ങൾക്ക്‌ കേന്ദ്ര ഏജൻസി മുട്ടുമടക്കിയത്‌ ഓഫ്‌ സീസണിലെ മാത്രമല്ല, മുന്നിലുള്ള സീസണിലും വിലത്തകർച്ചയ്‌ക്ക്‌ ഇടയാക്കുമെന്ന ആശങ്കയിലാണ്‌ മലയോര മേഖല. ഇതിനിടെ വിയറ്റ്‌നാമിൽ മുളകുവില ഉയർന്ന വിവരം പുറത്തുവന്നതോടെ അന്തർസംസ്ഥാന വാങ്ങലുകാർ അൺ ഗാർബിൾഡ്‌ 62,000 രൂപയ്‌ക്ക്‌ ശേഖരിക്കാൻ ഇന്ന്‌ ഉത്സാഹിച്ചു. 

വാരാന്ത്യം അടുത്തതോടെ ശബരിമലയിൽ വൻ ഭക്തജന തിരക്ക്‌ അനുഭവപ്പെട്ടു. അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള അയ്യപ്പന്മാരുടെ വരവ്‌ ഉയർന്നതിനിടെ തമിഴ്‌നാട്‌, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ തേങ്ങയ്‌ക്ക്‌ പതിവിലും ഡിമാൻഡ്. എന്തു വിലയ്ക്കും നാളികേരം വിറ്റുപോകുമെന്ന്‌ വ്യക്തമായതോടെ നിരക്ക്‌ ഉയർത്താൻ വിൽപ്പനക്കാരും ഉത്സാഹിച്ചു. നാളികേര വിപണി നിയന്ത്രണം നീണ്ട കാലയളവിനു ശേഷം ഉൽപാദകരുടെ കരങ്ങളിലാണ്‌. കൊച്ചിയിൽ എണ്ണ 21,200ലും കൊപ്ര 14,200ലും വിപണനം നടന്നു. 

table-price2-nov-22

ആഭ്യന്തര റബർ വിലയിൽ നേരിയ ഉണർവ്‌ ദൃശ്യമായെങ്കിലും വിദേശ വിപണികളിലെ ചാഞ്ചാട്ടം മുൻ നിർത്തി വ്യവസായികൾ കരുതലോടെയാണ്‌ ഷീറ്റിനെ സമീപിച്ചത്‌. ബാങ്കോക്കിൽ ഷീറ്റ്‌ വില 199 രൂപയിൽനിന്നും 196ലേക്ക്‌ താഴ്‌ന്നു. കൊച്ചിയിൽ നാലാം ഗ്രേഡ്‌ റബർ കിലോ 186 രൂപയിൽ വിപണനം നടന്നു. 

വിദേശ രാജ്യങ്ങളിൽനിന്നുള്ള ഓർഡറുകളുടെ പിൻബലത്തിൽ മികച്ചയിനം ഏലക്ക വില കുതിച്ചു കയറി. നടുക്കണ്ടത്ത്‌ നടന്ന ലേലത്തിൽ മികച്ചയിനങ്ങളുടെ വില നീണ്ട ഇടവേളയ്‌ക്കു ശേഷം കിലോ 3513 രൂപയായി ഉയർന്നു, ശരാശരി ഇനങ്ങൾ 2765 രൂപയിൽ കൈമാറി. മൊത്തം 42,846 കിലോ ഏലക്ക വന്നതിൽ 42,606 കിലോയും വിറ്റഴിഞ്ഞു. ആഭ്യന്തര വ്യാപാരികളും ലേലത്തിൽ സജീവമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com