പരമ്പരാഗത ചെറുധാന്യങ്ങൾക്ക് സംരക്ഷണാലയമൊരുക്കി കായംകുളം ഒആർഎആർഎസ്
Mail This Article
കാലത്തിന്റെ ഗതിമാറ്റത്തിൽ അന്യം നിന്നുപോകാനിടയുള്ള ചെറുധാന്യങ്ങളുടെ പരമ്പരാഗത ഇനങ്ങൾക്ക് സംരക്ഷണാലയമൊരുക്കി കേരള കാർഷിക സർവകലാശാലയുടെ കായംകുളത്തുള്ള ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രം. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി, ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രം, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തിവരുന്ന കാർഷിക ഗവേഷണ പദ്ധതിയുടെ ഭാഗമായാണ്, 4.5 സെന്റില്‍ സംരക്ഷണാലയം (മില്ലറ്റ് കൺസർവേറ്ററി) ഒരുക്കിയിരിക്കുന്നത്. ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ.അനിൽകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. പരമ്പരാഗത കാർഷിക അറിവുകൾ ക്രോഡീകരിക്കുക എന്നതും ഗവേഷണ പദ്ധതിയുടെ ഭാഗമാണ്. പോഷകഗുണങ്ങളിൽ മുന്നിട്ടുനിൽക്കുന്ന മില്ലറ്റുകൾ ഗ്ലൂട്ടൻ രഹിതവും കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാൻ ശേഷിയുള്ളവയുമാണ്.
കേരളത്തിൽ ഒട്ടേറെ കൃഷിയിടങ്ങളും ആദിവാസി ഊരുകളും സന്ദർശിച്ച്, ആവാസ വ്യവസ്ഥ വിശകലനം ചെയ്ത് വിവിധ ചെറുധാന്യങ്ങളുടെ 71 ഇനങ്ങളാണ് ഗവേഷക സംഘം ശേഖരിച്ചത്. സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പിന്റെയും വനം വകുപ്പിന്റെയും അനുമതിയോടെയായിരുന്നു പര്യടനം.
ചോളം, ബജറ, റാഗി, കുതിരവാലി, തിന, ചാമ, വരക്, പനി വരക് തുടങ്ങി ഒൻപത് ചെറുധാന്യങ്ങളുടെയും ചിയ, പൊരിച്ചീര തുടങ്ങിയ കപട ധാന്യങ്ങളുടെയും 45 ഇനങ്ങളാണ് സംരക്ഷണാലയത്തിൽ സൂക്ഷിച്ചിരിക്കുന്നത്. ഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിലെ അഗ്രോണമി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. പൂർണിമ യാദവിന്റെ മേൽനോട്ടത്തിലാണ് സംരക്ഷണാലയം തയാറാക്കിയത്. കേരള കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരായ ഡോ. വി.മിനി, ഡോ. സരോജ്, ഡോ. ഷാരോൺ, ഡോ. ലൗലി, ഡോ. ദേവി, ഡോ. റോഷ്നി, ഡോ. ജിൻസി, ഡോ. ഇന്ദുലേഖ, ജ്യോതിലക്ഷ്മി, ഡോ. ലേഖ, പ്രൊജക്റ്റ് ഫെലോ സോനുമോൾ വർഗീസ് എന്നിവരും ഗവേഷണത്തിൽ പങ്കാളികളായി.
കാർഷിക ഗവേഷകർക്ക് പുതിയ ഇനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള ജനിതകശേഖരമായും, കാർഷിക വിജ്ഞാന വ്യാപന രംഗത്തുള്ളവർക്ക് ചെറുധാന്യങ്ങളുടെ മ്യൂസിയമായും സംരക്ഷണാലയത്തെ പ്രയോജനപ്പെടുത്താവുന്നതാണെന്ന് ഡോ. പൂർണിമ യാദവ് പറഞ്ഞു.