47 വർഷത്തെ ഏറ്റവും ഉയരത്തിൽ കാപ്പി; കുരുമുളക്, റബർ വിലയും ഉയർന്നു: ഇന്നത്തെ (27/11/24) അന്തിമ വില
Mail This Article
ആഗോള കാപ്പിക്കർഷകർക്ക് നവോന്മേഷം പകർന്ന് രാജ്യാന്തര വില 47 വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് ചുവടുവച്ചു. ലണ്ടൻ എക്‌സ്‌ചേഞ്ചിൽ അറബിക്ക കാപ്പി അവധിവില മൂന്നു പൗണ്ടിന് മുകളിലെത്തി. വിപണിയുടെ ചരിത്രത്തിൽ ഇത്തരം ഒരു കുതിച്ചുചാട്ടം നാലര പതിറ്റാണ്ടിനിടയിൽ ആദ്യമാണ്. ബ്രസീലിൽ വിളവ് ചുരുങ്ങുമെന്ന് വ്യക്തമായത് വിലക്കയറ്റത്തിനു വേഗം പകർന്നു. പ്രതികൂല കാലാവസ്ഥയിൽ അടുത്ത വർഷത്തെ വിളവ് കുറയുമെന്ന വ്യക്തമായത് വാങ്ങൽ താൽപര്യം ഉയർത്താം. ഓഫ് സീസണായതിനാൽ കേരളത്തിലെ കാപ്പിക്കർഷകരുടെ കൈവശം പഴയ ചരക്ക് കാര്യമായില്ല. സീസൺ പടിവാതിൽക്കൽ എത്തിയ സാഹചര്യത്തിൽ വൈകാതെ വിപണി സജീവമാകും. വയനാട്ടിൽ കാപ്പിക്കുരു കിലോ 408 രൂപയിൽ വിപണനം നടന്നു.
കുരുമുളകുവില ഇടിച്ചെങ്കിലും പ്രതീക്ഷിച്ച പോലെ കഴിഞ്ഞവാരം ചരക്ക് സംഭരിക്കാനാവാത്ത അന്തർസംസ്ഥാന വ്യാപാരികൾ പിന്നിട്ട മൂന്നു ദിവസമായി ചുവടുമാറ്റി ചവിട്ടിയിട്ടും സ്റ്റോക്കിസ്റ്റുകളുടെ മനസിളക്കാനായില്ല. താഴ്‌ന്ന റേഞ്ചിൽനിന്നും നിരക്ക് 400 രൂപ കയറിയിട്ടും മുളക് കൈവിടാൻ കർഷകർ താൽപര്യം പ്രകടിപ്പിക്കാത്തത് വാങ്ങലുകാരെ പ്രതിസന്ധിലാക്കി. അൺ ഗാർബിൾഡ് മുളക് 62,400 രൂപയായി ഉയർന്നു. ഹൈറേഞ്ച് മുളകിന് മസാല കമ്പനികൾനിന്നും ഡിമാൻഡ് ഉണ്ട്. ചരക്ക് ക്ഷാമം മൂലം വിയറ്റ്‌നാമിൽ കുരുമുളക് വില ഇന്ന് വീണ്ടും ഉയർന്നു.
ഗ്രീൻഹൗസ് കാർഡമത്തിൽ നടന്ന ലേലത്തിൽ ഏലക്ക ശേഖരിക്കാൻ കയറ്റുമതി സമൂഹത്തിനൊപ്പം ആഭ്യന്തര വാങ്ങലുകാരും ഉത്സാഹിച്ചത് ശരാശരി ഇനങ്ങളെ കിലോ 2918 രൂപയിലേക്കും മികച്ചയിനങ്ങളെ 3309 രൂപയിലേക്കും ഉയർത്തി. മൊത്തം 59,604 കിലോഗ്രാം ഏലക്ക ലേലത്തിനു വന്നതിൽ 58,513 കിലോയും ഇടപാടുകാർ ശേഖരിച്ചു.
ന്യൂനമർദ്ദ ഫലമായി സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും കാലാവസ്ഥയിൽ മൂടൽ അനുഭവപ്പെട്ടു. തെക്കൻ കേരളത്തിൽ മഴ മൂലം റബർ ടാപ്പിങിന് നേരിട്ട പ്രതിസന്ധി തുടരുന്നു. വിപണികളിൽ ഷീറ്റ്, ലാറ്റക്‌സ് വരവ് കുറഞ്ഞതിനാൽ നിരക്ക് ഉയർത്തി ചരക്ക് സംഭരിക്കാൻ വ്യവസായികൾ താൽപര്യം കാണിച്ചു. നാലാം ഗ്രേഡ് കിലോ 189 രൂപയായും ലാറ്റക്‌സ് 117 രൂപയായും ഉയർന്നു.