ADVERTISEMENT

വിനിമയ വിപണിയിൽ ജാപ്പനീസ്‌ നാണയം അപായമണി മുഴക്കുമെന്ന ഭീതിയിൽ ഒരു വിഭാഗം നിക്ഷേപകർ ഇടപാടുകളുടെ ആദ്യ പകുതിയിൽ റബറിൽ അഭയംതേടി. ഡോളറിനു മുന്നിൽ യെന്നിന്റെ വിനിമയനിരക്കിലെ വ്യതിയാനം വിദേശ ഇടപാടുകാരെ ഒസാക്കയിൽ വാങ്ങലുകാരാക്കിയതോടെ ഏപ്രിൽ അവധി 377 യെന്നിൽനിന്ന് 384ലേക്ക്‌ പെട്ടെന്ന് ഉയർന്നെങ്കിലും പിന്നീട്‌ നിരക്ക്‌ 367 യെന്നിലേക്ക്‌ താഴ്‌ന്നു. തുടക്കത്തിലെ മുന്നേറ്റം ഏഷ്യയിലെ ഇതര റബർ അവധി വ്യാപാരകേന്ദ്രങ്ങളെ പ്രകമ്പനം കൊള്ളിക്കുമെന്ന്‌ ഊഹക്കച്ചവടക്കാരും കണക്കു കൂട്ടിയെങ്കിലും മറ്റു വിപണികൾ നേരിയ റേഞ്ചിൽ നീങ്ങി. സംസ്ഥാനത്തെ റബർ കർഷകർ അനുകൂല കാലാവസ്ഥയിൽ ഉൽപാദനം വർഷാന്ത്യം വരെ ഉയർത്താനുള്ള ശ്രമത്തിലാണ്‌. കഴിഞ്ഞ വർഷം ഡിസംബറിൽ കിലോ 152 രൂപ മാത്രമായിരുന്ന നാലാം ഗ്രേഡ്‌ റബർ നിലവിൽ 190 രൂപയിലാണ് വിപണനം നടക്കുന്നത്‌. 

ദക്ഷിണേന്ത്യൻ തേയില ലേല കേന്ദ്രങ്ങളിൽ വിൽപ്പനയ്‌ക്ക്‌ എത്തുന്ന ചരക്കിന്റെ ഗുണനിലവാരം ഉയർന്നു. മികച്ച കാലാവസ്ഥയിൽ രുചികൂടിയ ഇനമാണ്‌ കേരളത്തിലും തമിഴ്‌നാട്ടിലും ഉൽപാദിപ്പിക്കുന്നത്‌. തേയിലയുടെ ഗുണമേന്മ ഉയർന്നതിനൊപ്പം ലേല കേന്ദ്രങ്ങളിൽ ചരക്കിന്‌ ആവശ്യവും വർധിച്ചു. കൊച്ചിയിൽ മാത്രമല്ല, കൂനൂരിലും ആഭ്യന്തര–വിദേശ ഇടപാടുകാർ ചരക്ക്‌ സംഭരണത്തിന്‌ മത്സരിക്കുന്നത്‌ കണക്കിലെടുത്താൽ ക്രിസ്‌മസ്‌ വരെയുള്ള കാലയളവിൽ ചായ ചൂടു പിടിക്കാം. ദക്ഷിണേന്ത്യൻ ലേലങ്ങളിൽ ലീഫ്‌, ഡസ്റ്റ്‌ ഇനങ്ങൾക്ക്‌ ഒരുപോലെ ആവശ്യക്കാരുണ്ട്‌. 

table-price2-dec-10

കുരുമുളകിന്‌ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും കൂടുതൽ അന്വേഷണങ്ങൾ. ഉൽപാദകകേന്ദ്രങ്ങൾ കുരുമുളക്‌ നീക്കം നിയന്ത്രിച്ചതിനാൽ ഇന്ന്‌ കൊച്ചി വിപണിയിൽ വരവ്‌ 25 ടണ്ണിൽ ഒതുങ്ങിയത്‌ വാങ്ങലുകാരെ സമ്മർദ്ദത്തിലാക്കി. അടുത്ത സീസണിലെ വിളവ്‌ ചുരുങ്ങുമെന്ന വിലയിരുത്തൽ മുളകു പിടിക്കാൻ കാർഷിക മേഖലയെ പ്രേരിപ്പിക്കുന്നുണ്ട്‌. അൺ ഗാർബിൾഡ്‌ കുരുമുളകു വില 64,400 രൂപയായി ഉയർന്നു. 

English Summary:

Yen Fluctuations Drive Volatility in Rubber Prices, Kerala Farmers Impacted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com