കുരുമുളകില്ലാതെ നട്ടംതിരിഞ്ഞ് കയറ്റുമതിക്കാർ, വലിയ മാറ്റത്തിനു സാധ്യത: ഇന്നത്തെ (11/12/24) അന്തിമ വില
Mail This Article
വിയറ്റ്നാമിലെ കുരുമുളക് കയറ്റുമതിക്കാർ ചരക്കുക്ഷാമത്തിൽ നട്ടം തിരിഞ്ഞതോടെ കർഷകരെ ആകർഷിക്കാൻ നിത്യേന അവർ നിരക്ക് ഉയർത്തുകയാണ്. വിയറ്റ്നാം മുളക് കിലോ 1,45,000-1,47,200 ഡോഗിലാണ് ഇടപാടുകൾ നടന്നത്. നവംബർ ഷിപ്പ്‌മെന്റുകൾ പൂർത്തിയാക്കാൻ കഴിയാത്ത പലർക്കും യൂറോപ്യൻ ബയർമാർ ഡിസംബറിലേക്ക് കയറ്റുമതി ഓർഡറുകളുടെ കാലാവധി നീട്ടിയെങ്കിലും മുളകു ലഭ്യതക്കുറവ് കയറ്റുമതി മേഖലയെ അക്ഷരാർഥത്തിൽ പിരിമുറുക്കത്തിലാക്കി. നിലവിലെ സ്ഥിതിയിൽ ന്യൂ ഇയറിനു മുന്നേ ഓർഡർ പ്രകാരമുള്ള ഷിപ്പ്‌മെന്റുകൾ പൂർത്തീകരിക്കാൻ അവർ ചക്രശ്വാസം വലിക്കുമെന്ന അവസ്ഥയാണ്, ചിലർ കംബോഡിയയിൽനിന്നും ബ്രസീലിൽനിന്നും ചരക്ക് സംഭരിക്കാൻ നടത്തിയ ആദ്യ ചർച്ചകൾ വിലയുടെ കാര്യത്തിൽ യോജിപ്പിലെത്താതെ പിരിഞ്ഞു. രാജ്യാന്തര തലത്തിൽ കുരുമുളകിനുള്ള ദൗർലഭ്യം കണക്കിലെടുത്താൽ ജനുവരിയിൽ കയറ്റുമതി രാജ്യങ്ങൾ നിരക്കിൽ വീണ്ടും ഭേദഗതികൾക്ക് മുതിരാം. വിനിമയ വിപണിയിൽ രൂപയുടെ ചാഞ്ചാട്ടങ്ങൾക്കിടയിൽ മലബാർ മുളക് വില ടണ്ണിന് 8000 ഡോളറിനെ ചുറ്റിപ്പറ്റിയാണ് നീങ്ങുന്നത്. ഗാർബിൾഡ് കുരുമുളകിന് ഇന്ന് 100 രൂപ വർധിച്ച് 66,500 രൂപയായി.
ഏഷ്യൻ റബർ വിപണികൾ വ്യക്തമായ ദിശ കണ്ടെത്താനുള്ള ശ്രമത്തിലാണ്. വർഷാന്ത്യം അടുത്തതോടെ തിരക്കിട്ടുള്ള വാങ്ങലുകൾക്ക് ബീജിങ് ആസ്ഥാനമായുളള വ്യവസായികൾ രംഗത്ത് ഇറങ്ങുമെന്ന് കയറ്റുമതി രാജ്യങ്ങൾ കണക്ക് കൂട്ടിയെങ്കിലും യുവാൻ മൂല്യത്തിലെ വ്യതിയാനങ്ങളും വ്യവസായിക മേഖലയിലെ മരവിപ്പും ഒരു വിഭാഗം ചൈനീസ് ഇറക്കുമതിക്കാരെ രംഗത്തുനിന്ന് പിന്തിരിപ്പിച്ചു. അതേസമയം യെന്നിന്റെ മൂല്യം ഇന്ന് 152.75 ലേക്ക് ഇടിഞ്ഞത് ജപ്പാൻ അവധി വ്യാപാരത്തിൽ റബറിന് താങ്ങു പകർന്നു. ഒരു ദിവസത്തെ പ്രദേശിക അവധിക്കു ശേഷം വ്യാപാരം പുനരാരംഭിച്ച ബാങ്കോക്കിൽ ഷീറ്റ് വിലയിൽ ഉണർവ് ദൃശ്യമായി. സംസ്ഥാനത്ത് നാലാം ഗ്രേഡ് കിലോ 190 രൂപയിൽ വിപണനം നടന്നു. മികച്ച കാലാവസ്ഥ ഒട്ടുമിക്ക ഭാഗങ്ങളിലും ടാപ്പിങ് രംഗം സജീവമാണ്.
ലേല കേന്ദ്രങ്ങളിൽ ഏലക്ക വിലയിൽ ചെറിയ സാങ്കേതിക തിരുത്തലുകൾ അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞവാരം 3000 രൂപയ്‌ക്കു മുകളിൽ ഇടപാടുകൾ നടന്ന ശരാശരി ഇനങ്ങളുടെ വില നിത്യേന താഴുന്ന പ്രവണത കാണിക്കുന്നു. ഉൽപാദക മേഖലയിൽ ഇന്ന് നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോ 2837 രൂപയിലും മികച്ചയിനങ്ങൾ 3128 രൂപയിലും കൈമാറി. പല കയറ്റുമതിക്കാരും ക്രിസ്മസ് മുന്നിൽ കണ്ടുള്ള ചരക്കുസംഭരണം പൂർത്തിയാക്കി.