രാജ്യാന്തര തലത്തിൽ പിടിവിട്ട് കാപ്പി; കേരളത്തിൽ വിളവെടുപ്പിനു തുടക്കം: ഇന്നത്തെ (13/12/24) അന്തിമ വില
Mail This Article
വയനാടൻ മലനിരകളിൽ കാപ്പിക്കുരു വിളവെടുപ്പിനു തുടക്കം കുറിച്ചു. കനത്ത മഴയെ വകവയ്ക്കാതെ രംഗത്തിറങ്ങിയത് തോട്ടങ്ങൾ പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്നവരാണ്. അതേസമയം കർഷകർ ഇനിയും വിളവെടുപ്പ് ആരംഭിച്ചിട്ടില്ല. കാലാവസ്ഥ തെളിഞ്ഞ ശേഷം കാപ്പിക്കുരു പറിച്ചു തുടങ്ങാമെന്ന നിലപാടിലാണവർ. ഇതിനിടെ വിൽപ്പനയ്‌ക്ക് എത്തിയ ആദ്യ ചരക്കിനു വേണ്ടത്ര ഉണക്കില്ലാത്തതിനാൽ നിരക്ക് ഉയർത്തി ശേഖരിക്കാൻ വ്യാപാരികൾ തയാറായില്ല. ഗുണനിലവാരം ഉയർന്ന ചരക്കുവരവിനായി കാത്തുനിൽക്കുകയാണ് വ്യവസായികൾ. മികച്ചയിനങ്ങൾ കിലോ 410 രൂപയിലും പഴയ കാപ്പിക്കുരു 420 രൂപയിലും വിപണനം നടന്നു. ആഗോള കാപ്പി ഉൽപാദനം ചുരുങ്ങുമെന്ന് ഇന്റർനാഷനൽ കോഫി ഓർഗനൈസേഷന്റെ വിലയിരുത്തൽ ഉയർന്ന വിലയ്‌ക്ക് അവസരം ഒരുക്കുന്നു. 47 വർഷത്തിനിടയിലെ ഏറ്റവും ആകർഷകമായ നിരക്കിലാണ് രാജ്യാന്തര വിപണിയിൽ ഇടപാടുകൾ പുരോഗമിക്കുന്നത്. കൊളംബിയയിലും ബ്രസീലിലും ഉൽപാദനം ചുരുങ്ങുന്ന സാഹചര്യമായതിനാൽ മുൻകൂർ കച്ചവടങ്ങൾക്ക് ഇടപാടുകാർ ഉത്സാഹിച്ചു. 1977നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 321 ഡോളറിലാണ് റോബസ്റ്റ കാപ്പി. അറബിക്ക 5152 ഡോളറിലാണ്. ഒരു മാസത്തിനിടയിൽ കൊളംബിയയിൽ കാപ്പിവില പത്തു ശതമാനവും ബ്രസീലിൽ 11 ശതമാനവും വർധിച്ചു.
Also read: ഒരേക്കറിൽനിന്ന് 9 ടൺ വിളവ്; നാലിരട്ടി പരിപ്പുമായി ഹൈ ഡെൻസിറ്റി വെർട്ടിക്കൽ കാപ്പി
യെന്നിന്റെ മൂല്യത്തകർച്ചയിലും റബർ മുന്നേറാൻ ക്ലേശിക്കുന്നു. ഡോളറിന് മുന്നിൽ യെൻ 153ലേക്ക് ഇടിഞ്ഞത് നിക്ഷേപകരെ ജപ്പാൻ ഒസാക്ക എക്‌സ്‌ചേഞ്ചിലേക്ക് ആകർഷിക്കുമെന്ന കണക്കുകൂട്ടലുകൾക്ക് ഇടയിലും റബറിന് തളർച്ച. ബാങ്ക് ഓഫ് ജപ്പാൻ അടുത്ത വാരം പലിശനിരക്കുകളിൽ ഭേദഗതികൾക്കു നീക്കം നടത്തുമെന്ന വിലയിരുത്തലുകൾ വിദേശ നിക്ഷേപകരെ റബറിൽ നിന്നും പിന്തിരിപ്പിച്ചു. റബറിന് ചൈനീസ് ഡിമാൻഡ് കുറഞ്ഞതും അവധിവിലകളെ ബാധിക്കുന്നു. അതേസമയം ബാങ്കോക്കിൽ ഇന്ന് ഷീറ്റ് വില വർധിച്ചെങ്കിലും ഇന്ത്യൻ മാർക്കറ്റ് സ്റ്റെഡിയായി നീങ്ങി. സംസ്ഥാനത്ത് നാലാം ഗ്രേഡ് കിലോ 190 രൂപ.
ഉൽപാദക മേഖലയിൽ നടന്ന ഏലക്ക ലേലത്തിൽ ഉൽപ്പന്ന വിലയിൽ കാര്യമായ വിലവ്യതിയാനം ദൃശ്യമായില്ല. ആഭ്യന്തര ഇടപാടുകരും കയറ്റമതിക്കാരും രംഗത്തുണ്ടായിരുന്നിട്ടും ശരാശരി ഇനങ്ങൾ കിലോ 2890 രൂപയിലും മികച്ചയിനങ്ങൾ 3373 രൂപയിലും കൈമാറ്റം നടന്നു. മൊത്തം 44,290 കിലോഗ്രാം ഏലക്കയുടെ ലേലം നടന്നു.