ADVERTISEMENT

തായ്‌ലൻഡ്‌ അടക്കമുള്ള ഏഷ്യയിലെ പല റബർ ഉൽപാദകരാജ്യങ്ങളും മഴയുടെ പിടിയിൽ അകപ്പെട്ടത്‌ ടാപ്പിങ്‌ രംഗത്ത്‌ മ്ലാനത പരത്തിയിട്ടും രാജ്യാന്തര അവധി വിലകളെ ബാധിച്ച തളർച്ച തുടരുന്നു. റബർ ശേഖരിക്കാൻ ചൈനീസ്‌ വ്യവസായികളിൽനിന്നുള്ള താൽപര്യം കുറഞ്ഞതിനാൽ ഒരു വിഭാഗം നിക്ഷേപകർ ജപ്പാൻ അടക്കമുള്ള എക്‌സ്‌ചേഞ്ചുകളിൽനിന്നും അകലം പാലിച്ചതിനാൽ പിന്നിട്ടവാരം വില രണ്ട്‌ ശതമാനം കുറഞ്ഞു. 372 യെന്നിൽ നീങ്ങുന്ന ഏപ്രിൽ അവധി ഈ വാരം 346–385 റേഞ്ചിൽ സഞ്ചരിക്കാം. ബാങ്കോക്കിൽ ഷീറ്റ്‌ വില കിലോ 209 രൂപയിലാണ്‌. തെളിഞ്ഞ കാലാവസ്ഥ പ്രയോജനപ്പടുത്തി സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഉൽപാദകർ ടാപ്പിങിന്‌ ഉത്സാഹിച്ചു. ക്രിസ്‌മസ്‌ ആവശ്യങ്ങൾക്കുള്ള പണത്തിനായി ചെറുകിട കർഷകർ ലാറ്റക്‌സ്‌ വിൽപ്പനയ്‌ക്ക്‌ മുൻതൂക്കം നൽകി, ലാറ്റക്‌സ്‌ കിലോ 116 രൂപയിൽ കൊച്ചിയിൽ വിപണനം നടന്നു. നാലാം ഗ്രേഡ്‌ ഷീറ്റ്‌ വില 191 രൂപ. 

ഉത്തരേന്ത്യയിൽ ശൈത്യം ശക്തമായതോടെ മസാല പൗഡർ യൂണിറ്റുകൾ സുഗന്ധവ്യഞ്‌ജനങ്ങളിൽ കൂടുതൽ താൽപര്യം കാണിച്ചു. കാർഷിക മേഖലകളിൽനിന്നു കഴിഞ്ഞവാരം കുരുമുളക്‌ നീക്കം കുറഞ്ഞതിനാൽ നിരക്ക്‌ ഉയർത്തിയും ചരക്ക്‌ സംഭരിക്കാൻ വ്യവസായികളും മധ്യവർത്തികളും ഉത്സാഹിച്ചു. കൊച്ചി വിപണിയിൽ 26 ടൺ കുരുമുളക്‌ മാത്രമാണ്‌ വിൽപ്പനയ്‌ക്ക്‌ ഇറങ്ങിയത്‌. ഇതിനിടെ വിലക്കയറ്റത്തിന്‌ തടയിടാൻ ഇറക്കുമതി ലോബി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും കർഷകരും സ്റ്റോക്കിസ്റ്റുകളും കുരുമുളകു നീക്കം നിയന്ത്രിച്ചത്‌ വിപണിക്ക്‌ രക്ഷയായി. അൺ ഗാർബിൾഡ്‌ കുരുമുളക്‌ കിലോ 665 രൂപ. അന്താരാഷ്‌ട്ര മാർക്കറ്റിൽ മലബാർ മുളക്‌ വില ടണ്ണിന്‌ 8000 ഡോളർ.   

table-price2-dec-16

ഉൽപാദകമേഖലയിൽ നടന്ന ഏലക്ക ലേലത്തിൽ ചരക്കുവരവ്‌ ഗണ്യമായി കുറഞ്ഞിട്ടും കാർഷിക മേഖലയുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉൽപന്ന വില ഉയർത്താൻ ഇടപാടുകാർ മുന്നോട്ടു വന്നില്ല. ലേലത്തിന്‌ ആകെ എത്തിയ 10,978 കിലോ ഏലക്കയിൽ 10,937 കിലോയും ചൂടപ്പം കണക്കെ വിറ്റഴിഞ്ഞിട്ടും ശരാശരി ഇനങ്ങൾ 2925 രൂപയിലും മികച്ചയിനങ്ങളുടെ വില 3104 രൂപയിലും ഒതുങ്ങി.

English Summary:

Rubber Prices Slump Despite Increased Kerala Production

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com