രൂപയ്ക്ക് പിന്നാലെ ഇടിഞ്ഞ് കുരുമുളക്; വിയറ്റ്നാമിൽ കുതിപ്പ്: ഇന്നത്തെ (17/12/24) അന്തിമ വില
Mail This Article
ഇന്ത്യൻ കുരുമുളക് തുടർച്ചയായി അഞ്ചു ദിവസങ്ങൾ സ്റ്റെഡി നിലവാരത്തിൽ നീങ്ങിയ ശേഷം ഇന്നു താഴ്‌ന്നു. അതേസമയം വിയറ്റ്‌നാമിലെ കയറ്റുമതി സമൂഹം ഉൽപന്നം സംഭരിക്കാനുള്ള നെട്ടോട്ടത്തിലാണ്. നവംബർ‐ഡിസംബർ ഷിപ്പ്‌മെന്റുകൾ പൂർത്തിയാക്കാൻ ആവശ്യമായ ചരക്ക് ആഭ്യന്തര മാർക്കറ്റിൽനിന്നും കണ്ടെത്തുക ക്ലേശകരമായി മാറിയതോടെ അവർ വില വീണ്ടും ഉയർത്തി. അമേരിക്കൻ കയറ്റുമതിക്ക് അനുയോജ്യമായ 550 ലിറ്റർ വെയിറ്റ് കുരുമുളകിന് വിയറ്റ്‌നാം ടണ്ണിന് 6600 ഡോളർ രേഖപ്പെടുത്തി. ആഗോള കുരുമുളകു വിപണിയിലെ പുതിയ സംഭവ വികാസങ്ങൾ മുന്നിൽ കണ്ട് ബ്രസീലും ഇന്തോനേഷ്യയും മുളകിന് കൂടിയ വില ആവശ്യപ്പെട്ടതായാണ് റീ സെല്ലർമാരിൽനിന്നുള്ള വിവരം. യൂറോപ്യൻ രാജ്യങ്ങൾ ഈസ്റ്റർ വരെയുള്ള നാലു മാസ കാലയളവിലേക്ക് പുതിയ കച്ചവടങ്ങളിൽ ഏർപ്പെടാൻ താൽപര്യം കാണിക്കുന്നുണ്ട്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 100 രൂപ കുറഞ്ഞ് 66,400 രൂപയായി. രൂപയുടെ വിനിമയ നിരക്കിൽ ഇന്ന് സംഭവിച്ച റെക്കോർഡ് മൂല്യത്തകർച്ച രാജ്യാന്തര വിപണിയിൽ മലബാർ കുരുമുളകുവിലയിൽ നേരിയ ചാഞ്ചാട്ടത്തിന് കാരണമായി.
ക്രിസ്‌മസ് അടുത്തതോടെ പ്രദേശിക വിപണികളിൽനിന്നു തേയിലയ്‌ക്ക് കൂടുതൽ അന്വേഷണങ്ങൾ എത്തിയത് ലേല കേന്ദ്രത്തിലും ചായയുടെ കടുപ്പം വർധിപ്പിച്ചു. ഇല, പൊടി തേയില വിൽപ്പന മുന്നിലുള്ള രണ്ടാഴ്‌ചകളിൽ പതിവിലും ഉയരുമെന്നാണു വിപണിവൃത്തങ്ങളുടെ വിലയിരുത്തൽ. വിവിധയിനങ്ങളുടെ നിരക്ക് കിലോ രണ്ട് മുതൽ നാല് രൂപ വരെ കയറി. കാലാവസ്ഥ അനുകൂലമായതിനാൽ തോട്ടം മേഖലയിൽനിന്നു മികച്ചയിനം തേയിലയാണ് ലേലത്തിൽ ഇറങ്ങുന്നത്. വിദേശ വ്യാപാരം ഉറപ്പിച്ചവരും രംഗത്ത് സജീവമായിരുന്നു. ഉത്സവകാല ഡിമാൻഡിൽ കൊച്ചിയിൽ മാത്രമല്ല കൂനൂരിലും ഉൽപന്നം മികച്ച പ്രകടനമാണ് കാഴ്‌ച്ചവയ്ക്കുന്നത്.
യുഎസ് ഫെഡ് റിസർവ് യോഗ തീരുമാനങ്ങൾക്കായി കാത്തുനിൽക്കുകയാണ് ചൈനീസ് ടയർ മേഖല. സാമ്പത്തികരംഗത്തു നിന്നുള്ള പുതിയ വിവരങ്ങൾ പുറത്തുവന്ന ശേഷം കച്ചവടങ്ങളിൽ ഏർപ്പെടാമെന്ന നിലപാടിലാണ് ബെയ്‌ജിങ്ങിലെ ഒരു വിഭാഗം വ്യവസായികൾ. ചൈനയിൽനിന്നുള്ള പുതിയ ഓർഡറുകളെ ഉറ്റുനോക്കുകയാണ് ബാങ്കോക്കിലെ കയറ്റുമതിക്കാർ. പ്രതികൂല കാലാവസ്ഥയിൽ റബർ ഉൽപാദനം ചുരുങ്ങിയതിനാൽ കരുതലോടെയാണ് തായ് മാർക്കറ്റിൽ റബറിന്റെ ഇടപാടുകൾ നടക്കുന്നത്. ഏഷ്യൻ റബർ അവധി നിരക്കുകൾ നേരിയ റേഞ്ചിൽ നീങ്ങി. സംസ്ഥാനത്തെ വിപണികളിൽ നാലാം ഗ്രേഡ് ഷീറ്റ് വില കിലോ 191 രൂപ.