ADVERTISEMENT

ശ്രീലങ്കൻ തുറമുഖമായ കൊളംബോ വഴി ഇന്ത്യയിലേക്കുള്ള വിദേശ കുരുമളക്‌ ഇറക്കുമതിക്ക്‌ നിയന്ത്രണം വേണമെന്ന്‌ കാർഷിക മേഖലയിൽനിന്നും മുറവിളി ഉയരുന്നു. ആഭ്യന്തര കുരുമുളകുവില തുടർച്ചയായ ആറാം ദിവസവും ഇടിഞ്ഞു. ഇന്ന്‌ ക്വിന്റലിന്‌ 300 രൂപ കുറഞ്ഞ്‌ അൺ ഗാർബിൾഡ്‌ 63,300 രൂപയായി. വിവിധ ഉൽപാദകരാജ്യങ്ങളിൽനിന്നും വിലയും ഗുണനിലവാരവും കുറഞ്ഞ ചരക്ക്‌ വൻതോതിൽ ഇറക്കുമതി തുടരുകയാണ്‌. ഇത്തരം ചരക്കിന്‌ എരിവും നിറവും കൃത്രിമമായി സൃഷ്‌ടിക്കാൻ രാസപദാർഥങ്ങൾ അമിതമായി കലർത്തിയെന്ന്‌ കണ്ടെത്തി യൂറോപ്യൻ യൂണിയൻ ഇറക്കുമതി നിരോധനനീക്കത്തിലാണ്‌. മലബാർ കുരുമുളകിൽനിന്നുള്ള മസാല ഉൽപന്നങ്ങളെന്ന പേരിൽ പലപ്പോഴും കയറ്റിപ്പോകുന്നത്‌ ഇന്ത്യൻ എന്ന വ്യാജന്മാരാണ്‌. ഇറക്കുമതിക്ക്‌ നിയന്ത്രണം വന്നാൽ ഏറ്റവും മികച്ച ചരക്ക്‌ ലോക മാർക്കറ്റിൽ നമുക്ക്‌ വിറ്റഴിക്കാനാവും. 

വെളിച്ചെണ്ണ, കൊപ്ര വിപണികളിലെ ഉണർവ്‌ മുൻനിർത്തി ഗ്രാമീണ മേഖല വിളവെടുപ്പിന്‌ നീക്കം തുടങ്ങി. കൊപ്രയുടെ താങ്ങുവില ക്വിന്റലിന്‌ 422 രൂപ ഉയർത്തി 11,582 രൂപയായി വർധിപ്പിച്ചത്‌ അടുത്ത സീസണിലും മെച്ചപ്പെട്ട വിലയ്‌ക്ക്‌ അവസരം ഒരുക്കുമെന്ന നിഗനമത്തിലാണ്‌ ഉൽപാദകർ. ക്രിസ്‌മസ്‌ ആഘോഷങ്ങൾക്കിടയിൽ ചെറുകിട വിപണികളിൽ പച്ചത്തേങ്ങ കിലോ 75 രൂപയിൽ വ്യാപാരം നടന്നു. നാടൻ തേങ്ങയ്‌ക്ക്‌ പ്രദേശിക വിപണികളിലും സൂപ്പർ മാർക്കറ്റുകളിലും ഡിമാൻഡുണ്ട്. 

വിദേശ വ്യാപാരികൾക്കൊപ്പം ആഭ്യന്തര വാങ്ങലുകാരും ഏലക്ക സംഭരിക്കാൻ ഉത്സാഹിച്ചു. വാരാന്ത്യം ഇടുക്കിയിൽ നടന്ന ലേലത്തിന്‌ വന്ന 40,720 കിലോ ചരക്ക്‌ പൂർണമായി വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങൾ കിലോ 2904 രൂപയിൽ കൈമാറ്റം നടന്നു. മികച്ചയിനങ്ങളുടെ വില കിലോ 3192 രൂപ. അവധി ദിനങ്ങൾ മുന്നിൽക്കണ്ടുള്ള ചരക്ക്‌ സംഭരണമാണ്‌ നടന്നത്‌. 

table-price2-dec-23

രാജ്യാന്തര റബർ വിപണിയിലെ മാന്ദ്യം ഏഷ്യൻ മാർക്കറ്റുകളെ മൊത്തത്തിൽ തളർത്തി. ബാങ്കോക്കിൽ ഷീറ്റ്‌ വില കിലോ 201 രൂപയിൽ നിന്നും 197ലേക്ക്‌ ഇടിഞ്ഞത്‌ ഇതര ഉൽപാദകരാജ്യങ്ങളിലും റബറിനെ തളർത്തി. സംസ്ഥാനത്ത്‌ നാലാം ഗ്രേഡ്‌ കിലോ 187 രൂപയിൽ വിപണനം നടന്നു. അനുകൂല കാലാവസ്ഥയിൽ ഒട്ടുമിക്ക ഭാഗങ്ങളിലും ഉൽപാദകർ ടാപ്പിങ്ങിന്‌ ഉത്സാഹിച്ചു.

English Summary:

Plummeting Pepper Prices: India Demands Import Regulation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com