ഊഹക്കച്ചവടക്കാർ രംഗത്തിറങ്ങി, റബർ കുതിച്ചു: ഇന്നത്തെ (27/12/24) അന്തിമ വില
Mail This Article
വർഷാന്ത്യം അടുത്തതോടെ രാജ്യാന്തര തലത്തിൽ റബർ അവധി വ്യാപാരങ്ങളിൽ ഊഹക്കച്ചവടക്കാർ വിൽപന തിരിച്ചു പിടിക്കാൻ കാണിച്ച വ്യഗ്രത വിലയിൽ പ്രതിഫലിച്ചു. ജപ്പാൻ ഒസാക്കയിൽ റബർ ഏപ്രിൽ അവധി കിലോ 365 യെന്നിൽ നിന്നും 373 യെന്നിലേക്ക് ഉയർന്നു. വിനിമയ വിപണിയിൽ യെന്നിന്റെ മൂല്യം അഞ്ചു മാസത്തെ ഏറ്റവും ദുർബലമായ അവസ്ഥയായ 157.88 ലേക്ക് ഇടിഞ്ഞതും റബറിൽ ഷോർട്ട് കവറിങ്ങിന് ഓപ്പറേറ്റർമാരെ പ്രേരിപ്പിച്ചു. ഇതിന്റെ ചുവട് പിടിച്ച് ബാങ്കോക്കിൽ റബർ വില കിലോ ഒരു രൂപ ഉയർന്ന് 195 രൂപയായി. വിദേശ മാർക്കറ്റുകളിലെ ചലനങ്ങളെ തുടർന്ന് സംസ്ഥാനത്ത് നാലാം ഗ്രേഡിന് ഒരു രൂപ വർധിച്ച് കിലോ 188 രൂപയിൽ ഇടപാടുകൾ നടന്നെങ്കിലും വിപണി ഏതാണ്ട് ഹോളിഡേ മൂഡിൽ തന്നെയാണ് നീങ്ങുന്നത്. ക്രിസ്‌മസിന് ശേഷവും വിൽപനക്കാരില്ലാത്ത അവസ്ഥയാണ്. ന്യൂ ഇയർ ആഘോഷങ്ങൾ കഴിയുന്നതോടെ വ്യാപാര രംഗം സജീവമാകും.
വരൾച്ച മൂലം ഏലക്ക ഉൽപാദനത്തിൽ സംഭവിച്ച കുറവ് മുന്നിലുള്ള മാസങ്ങളിലും ചരക്ക് നീക്കത്തിൽ പ്രതിഫലിക്കുമെന്നാണ് ഉൽപാദകകേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. വണ്ടന്മേട് ഇന്ന് നടന്ന ലേലത്തിൽ മൊത്തം 47,224 കിലോഗ്രാം ഏലക്ക വന്നതിൽ 46,908 കിലോയും കൈമാറ്റം നടന്നു. മികച്ചയിനങ്ങൾ കിലോ 3292 രൂപയിലും ശരാശരി ഇനങ്ങൾ 2898 രൂപയിലും ലേലം നടന്നു. ലേലത്തിലെ ഏറ്റവും കുറഞ്ഞ വില കിലോ 2761 രൂപ. അറബ് രാജ്യങ്ങളിൽ നിന്നുള്ള അന്വേഷണങ്ങൾ വർധിക്കുന്നത് മുൻ നിർത്തി വലുപ്പം കൂടിയവ ശേഖരിക്കാൻ കയറ്റുമതിക്കാർ ഉത്സാഹിച്ചു.
നാളികേരോൽപ്പന്നങ്ങളുടെ വില വീണ്ടും ഉയർന്നു, കൊച്ചിയിൽ എണ്ണയ്‌ക്കും കൊപ്രയ്‌ക്കും ക്വിന്റലിന് 100 രൂപ വർധിച്ചു.
ടെർമിനൽ മാർക്കറ്റിലും ഉൽപാദകകേന്ദ്രങ്ങളിലെ ചെറുകിട വിപണികളിലും കുരുമുളക്, ചുക്ക്, മഞ്ഞൾ, ജാതിക്ക, കൊക്കോ, അടയ്‌ക്ക തുടങ്ങിയവയുടെ വരവ് കുറവാണ്. പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞ് അടുത്തവാരം മധ്യത്തോടെ വിപണന രംഗത്ത് ഉണർവ് കണ്ടു തുടങ്ങും.