നെല്ലിയാംപതിയിലെ ഏലത്തോട്ടങ്ങളും വിളവെടുപ്പിലേക്ക്, മെച്ചപ്പെട്ട വിളവ് പ്രതീക്ഷ: ഇന്നത്തെ (30/12/24) അന്തിമ വില
Mail This Article
പുതുവർഷത്തെ ആദ്യ റൗണ്ട് വിളവെടുപ്പിനുള്ള തയാറെടുപ്പിലാണ് പാലക്കാട് നെല്ലിയാംപതിയിലെ ഏലത്തോട്ടങ്ങൾ. കിടബാധ ആക്രമണങ്ങളും വരൾച്ചയും മറ്റും കടുത്ത വെല്ലുവിളികൾ ഉയർത്തിയ വർഷമാണ് കടന്നുപോകുന്നത്. അതേസമയം നിലവിൽ മികച്ച കാലാവസ്ഥ ലഭ്യമായതിനാൽ ജനുവരിയിൽ മെച്ചപ്പെട്ട വിളവ് വൻകിട തോട്ടങ്ങളും ചെറുകിട കർഷകരും പ്രതീക്ഷിക്കുന്നു. ക്രിസ്‌മസിനോട് അനുബന്ധിച്ചു നാട്ടിലേക്കു മടങ്ങിയ തമിഴ്‌നാട്ടിൽനിന്നുള്ള തൊഴിലാളികൾ വാരമധ്യത്തോടെ തോട്ടം മേഖലകളിൽ തിരിച്ചെത്തും. മുഖ്യ ഉൽപാദക കേന്ദ്രമായ ഇടുക്കിയിൽ ഇന്ന് രണ്ട് ലേലങ്ങളാണ് നടന്നത്. ആദ്യ ലേലത്തിന് എത്തിയ 43,223 കിലോഗ്രാം ഏലക്കയിൽ 42,158 കിലോയും വിറ്റഴിഞ്ഞു. മികച്ചയിനങ്ങൾ കിലോ 3282 രൂപയിലും ശരാശരി ഇനങ്ങൾ 2940 രൂപയിലും കൈമാറി.
രാജ്യാന്തര റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ ഇടപാടുകളുടെ വ്യാപ്‌തി ചുരുങ്ങി. ന്യൂ ഇയർ ആഘോഷങ്ങൾക്കായി ഓപ്പറേറ്റർമാർ രംഗം വിട്ടതിനാൽ നിരക്ക് നേരിയ റേഞ്ചിൽ കയറിയിറങ്ങി. ഇതിനിടെ അടുത്ത വർഷം റബർ കയറ്റുമതി പത്തു ശതമാനം ഉയർത്താനുള്ള തയാറെടുപ്പിലാണ് വിയറ്റ്‌നാം. മൊത്തം ഉൽപാദനത്തിന്റെ 67 ശതമാനവും ചൈനയിലേക്കാണ് അവർ കയറ്റുമതി നടത്തുന്നത്. പുതിയ സാഹചര്യത്തിൽ തായ്‌ലൻഡും വിയറ്റ്‌നാമും കയറ്റുമതിക്ക് മത്സരിച്ചാൽ അത് റബർവിലയിൽ സമ്മർദ്ദം സൃഷ്ടിക്കാം. കേരളത്തിൽ ഇന്ന് റബർവില കാര്യമായ മാറ്റമില്ലാതെ വിപണനം നടന്നു.
കുരുമുളകിന് ഓഫ് സീസണാണെങ്കിലും അടുത്ത വിളവ് ചുരുങ്ങുമെന്ന വിലയിരുത്തലുകൾ മുൻനിർത്തി വരും മാസങ്ങളിലെ ആകർഷകമായ വിലയ്‌ക്കു വേണ്ടി ഉൽപാദകരും മധ്യവർത്തികളും ചരക്ക് പിടിക്കുന്നു. ക്രിസ്‌മസ് വേളയിലും നാടൻ കുരുമുളക് കുറഞ്ഞ അളവിലാണ് വിൽപനയ്‌ക്ക് എത്തിയത്. ലഭ്യത ചുരുങ്ങിയത് ഉത്തരേന്ത്യൻ വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നു. അൺ ഗാർബിൾഡ് മുളക് 62,200 രൂപ.