കാപ്പി വിളവെടുപ്പ് തകൃതി; വിപണിയിലേക്കെത്താത്ത കുരുമുളക്; നിർജീവമായി റബർ വിപണി: ഇന്നത്തെ (31/12/24) അന്തിമ വില
Mail This Article
കേരളത്തിൽ കാപ്പിക്കൃഷിയിൽ വയനാടൻ മലനിരകൾ മുൻപന്തിയിലെങ്കിലും തൊട്ടു പിന്നിൽ ശക്തമായ സാന്നിധ്യം നിലനിർത്തുന്ന നെല്ലിയാംപതിയിലെ തോട്ടങ്ങളിൽ കാപ്പിക്കുരുകൾ മൂത്തു പഴുത്തു. ഒട്ടുമിക്ക വൻകിട എസ്റ്റേറ്റുകളിലും ഈ വാരം വിളവെടുപ്പ് ആരംഭിക്കും. വിദഗ്ധരായ തൊഴിലാളികളുടെ അഭാവം പാലക്കാടൻ കാപ്പിത്തോട്ടം മേഖലയിലും നിലനിൽക്കുന്നു. കാപ്പി വിളവെടുപ്പ് ഫെബ്രുവരിയോടെ പൂർത്തീകരിക്കാനുള്ള തയാറെടുപ്പുകളാണ് പുരോഗമിക്കുന്നത്. ഉണ്ടക്കാപ്പി വില കിലോ 400 രൂപയിൽ നീങ്ങുന്നത് മുന്നിലുള്ള ദിവസങ്ങളിൽ വിളവെടുപ്പിന് ആവേശം പകരും. രാജ്യാന്തര വിപണിയിൽ കാപ്പി മികവ് നിലനിർത്തുകയാണ്.
ഹൈറേഞ്ചിലെയും വയനാട് പത്തനംതിട്ട ഭാഗങ്ങളിൽനിന്നുമുള്ള നാടൻ കുരുമുളക് വരവ് ടെർമിനൽ വിപണിയിൽ ഗണ്യമായി കുറഞ്ഞു. അടുത്ത വർഷം വില ഉയരുമെന്ന വിലയിരുത്തലിൽ ഉൽപാദകർ ചരക്ക് പിടിക്കുന്നതിനാൽ മധ്യവർത്തികളും സ്റ്റോക്ക് ഇറക്കുന്നതിൽ നിയന്ത്രണം വരുത്തി.
രാജ്യാന്തര റബർ വിപണി ഹോളി ഡേ മൂഡിലാണ്. വൻകിട ഇറക്കുമതി രാജ്യങ്ങൾ പുതുവത്സരാഘോഷങ്ങൾക്ക് ശേഷമേ ഇനി പുതിയ കരാറുകൾക്ക് നീക്കം നടത്തു. കയറ്റുമതി മേഖലയും നിർജീവമാണ്. പ്രമുഖ വിപണിയായ ബാങ്കോക്ക് വർഷാന്ത്യ അവധിയിലാണ്. ജപ്പാൻ അടക്കമുള്ള അവധി വ്യാപാര കേന്ദ്രങ്ങളും നിർജീവം. സംസ്ഥാനത്ത് നാലാം ഗ്രേഡ് കിലോ 192 രൂപയിൽ വിപണനം നടന്നു.