ADVERTISEMENT

കുംഭത്തിൽ നട്ടാൽ ചേന കുടത്തോളം വളരുമെന്നാണു വിശ്വാസം. ചേന മാത്രമല്ല ചേമ്പും കാച്ചിലും കിഴങ്ങും കൂവയുമെല്ലാം നടാൻ ഇതാണു പറ്റിയ സമയം. കുംഭച്ചേന ഒക്ടോബർ– നവംബർ മാസങ്ങളിലാണു സാധാരണയായി വിളവെടുക്കുന്നത്. നനച്ചേനയാകട്ടെ ഓഗസ്റ്റ്– സെപ്റ്റംബർ മാസങ്ങളിലും. ഓഗസ്റ്റിൽ വിളവെടുക്കണമെങ്കിൽ ജനുവരിയിൽ നടണം. എന്നാൽ, പരമ്പരാഗതമായി ചേന തുടങ്ങിയ നടുതലകളുടെ പ്രധാന നടീൽ മാസം കുംഭമാണ്.

∙ഇനങ്ങൾ

ശ്രീആതിര: കിഴങ്ങുവിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയത്. മികച്ച സ്വാദ്. നല്ല വിളവ്.

ശ്രീപത്മ: വയനാട് ജില്ലയിലെ ഒരിനത്തിൽ നിന്നു വളർത്തിയെടുത്തത്. എട്ടു മാസം കാലാവധി. മികച്ച വിളവ്. വേവിക്കുമ്പോൾ രുചി വ്യത്യാസം വരില്ല.

ഗജേന്ദ്ര: ആന്ധ്രപ്രദേശിൽ നിന്നു വരവ്. 9 മാസം മൂപ്പ്. മികച്ച വിളവും രുചിയും.

കൃഷി രീതി

നടീലിനായി തിരഞ്ഞെടുക്കേണ്ടത് ഒരു കിലോഗ്രാമിൽ താഴെയുള്ള വിത്ത്. ഒരു കിലോഗ്രാം മുതൽ ഒന്നരക്കിലോഗ്രാം വരെ തൂക്കമുള്ള ചേന ലഭിക്കുവാൻ 300–400 ഗ്രാം തൂക്കമുള്ള വിത്ത് ഉപയോഗിക്കാം. വിത്ത് ചാണകത്തിൽ മുക്കി തണലിൽ ഉണക്കി, നടാൻ ഉപയോഗിക്കാം. 60 സെന്റിമീറ്റർ സമചതുരത്തിൽ ആത്രയും തന്നെ ആഴത്തിൽ കുഴിയെടുത്തു മേൽമണ്ണും ചാണകപ്പൊടിയും ചേർത്തു മധ്യഭാഗത്തായി വിത്തു നടാം. കരിയില ഉപയോഗിച്ചു പുതയിടണം. 90 സെന്റിമീറ്റർ ഇടയകലം. മുളച്ചു കഴിഞ്ഞാൽ 5 കിലോഗ്രാം ചാണകപ്പൊടി, 250 ഗ്രാം എല്ലുപൊടി, എന്ന തോതിൽ നൽകണം. അടുത്ത വളപ്രയോഗം 75 ദിവസം കഴിഞ്ഞു മതി. അപ്പോൾ എല്ലുപൊടി വേണ്ട.

∙രോഗ–കീടങ്ങൾ

മീലിമൂട്ടയാണു പ്രധാന ശത്രു. വെർട്ടിസീലിയെ ലെക്കാനി 20 ഗ്രാം ഒരു ലീറ്റർ എന്ന തോതിൽ തടം കുതിർക്കണം. കീടാക്രമണം കാണുന്നിടത്തു കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് 2 കിലോഗ്രാം സെന്റ് ഒന്നിന് എന്ന തോതിൽ ഉപയോഗിക്കാം.

തയാറാക്കിയത്:

ജോസഫ് ജോൺ തേറാട്ടിൽ,

കൃഷി ഒാഫിസർ, പഴയന്നൂർ.

johntj139@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com