കൊടിത്തൂവ വെറുതെ കളയല്ലേ, ഒരുപാട് ഗുണങ്ങളുണ്ട്
Mail This Article
നമ്മുടെ നാട്ടിൻപുറങ്ങളിലും പുരയിടങ്ങളിലും സാധാരയായി കണ്ടുവരുന്ന ഒരു ചെടിയാണ് കൊടിത്തൂവ (Nettle). ചൊറിയണം എന്നും പേരുണ്ട്. ഇലകൾ ശരീരത്തിൽ സ്പർശിച്ചാൽ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുമെന്നതാണ് കാരണം. ചെറിയ ചൂടു വെള്ളത്തിൽ ഇടുമ്പോൾ ചൊറിച്ചിൽ മാറിക്കിട്ടും. മഴക്കാലങ്ങളിലാണ് ഇവ കൂടുതൽ കാണപ്പെടുക. അവഗണിച്ചു കളയേണ്ട ഒന്നല്ല ഈ കൊടിത്തൂവ. ആരോഗ്യപരമായ ഗുണങ്ങൾ ധാരാളമുണ്ട്. പല അസുഖങ്ങളെയും ശമിപ്പിക്കാൻ കഴിവുള്ള ഒന്നാണിത്.
ഗുണങ്ങൾ
- രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന ഭക്ഷ്യവസ്തു കൂടിയാണ് ചൊറിയണം.
- ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാൻ സഹായിക്കും.
- പുകവലി കാരണം ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന നിക്കോട്ടിൻ മാറ്റാൻ പറ്റിയ മരുന്നാണ് ചൊറിയണം.
- ക്യത്യമല്ലാത്ത ആർത്തവം, ആർത്തവസംബന്ധമായ വേദന ഇവയ്ക്കെല്ലാം പരിഹാരമാണ്.
- യൂറിനറി ഇൻഫെക്ഷൻ, മൂത്രത്തിൽകല്ല് ഇവയ്ക്കെല്ലാം പരിഹാരം.
- ചർമ്മരോഗങ്ങൾക്കും ഇത് നല്ലൊരു മരുന്നാണ്.
- ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾ അകറ്റാനും ഉത്തമമാണ്. ഇതിന്റെ ഇല ഇട്ട് വെള്ളം തിളപ്പിച്ച് തേൻ ചേർത്ത് കഴിക്കാം.
- ശരീരത്തിലെ നീർക്കെട്ട് തടയും.
- ഇലകൾ അയൺ സംപുഷ്ടമായതിനാൽ രക്തക്കുറവുള്ളവർക്ക് ഇതിന്റെ ഇലയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ഹീമോഗ്ലോബിന്റെ അളവ് വർധിക്കും.
- കാത്സ്യം സംപുഷ്ടമായതിനാൽ സന്ധിവേദന പോലുള്ള അസുഖങ്ങൾ പ്രത്യേകിച്ച് പ്രായമായവർക്കുണ്ടാകുന്ന അസ്ഥി തേയ്മാന പ്രശ്നങ്ങൾ മാറിക്കിട്ടും.
- കൊഴപ്പ് നിയന്ത്രിച്ച് കൊളസ്ട്രോൾ കുറയ്ക്കുന്നു.
- പാൻക്രിയാസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.
കൊടിത്തൂവ തോരൻ ഉണ്ടാക്കാം
കുറച്ച് ഇലകൾ എടുത്ത് ചെറിയ ചൂടു വെള്ളത്തിൽ കഴുകുക. അപ്പോൾ ചൊറിച്ചിൽ മാറികിട്ടും. ഇത് നന്നായി കഴുകി തോർത്തിയെടുത്ത് ചെറുതായി അരിയുക. പാനിൽ അല്പം വെളിച്ചെണ്ണയൊഴിച്ച് ഉഴുന്ന് പരിപ്പ്, കടുക്, വറ്റൽ മുളക് എന്നിവ യഥാക്രമം മൂപ്പിച്ച് അരപ്പ് (കാൽ കപ്പ് ചിരകിയ തേങ്ങ, ചെറിയ ഉള്ളി 3,4 കഷണം, രണ്ടല്ലി വെളുത്തുള്ളി, ഒരു നുള്ള് മഞ്ഞൾ പൊടി അല്പം ജീരകപ്പൊടി, എരിവിന് പച്ചമുളക് ) ചേർത്തിളക്കുക. അരപ്പ് മൂത്തു വരുമ്പോൾ അരിഞ്ഞു വെച്ച ഇല ചേർത്തിളക്കി ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇല പെട്ടെന്ന് വാടിക്കിട്ടും വെള്ളം ഒട്ടും ചേർക്കരുത്.