ഉരുളക്കിഴങ്ങിനേക്കാൾ രുചിയുള്ള അടതാപ്പ്
Mail This Article
പതിറ്റാണ്ടുകൾക്കു മുമ്പ് ഉരുളക്കിഴങ്ങിനു പകരം ഉപയോഗിച്ചുവന്നിരുന്ന കിഴങ്ങുവിള. കാച്ചിൽ കുടുംബത്തിൽപ്പെട്ട വള്ളിച്ചെടിയാണ്. വള്ളിയായി പടർന്നുകയറുന്ന ഇവയുടെ വള്ളികളിലും ചുവട്ടിലും ഭക്ഷ്യയോഗ്യമായ കിഴങ്ങുകളുണ്ടാകുന്നു. അതുകൊണ്ടുതന്നെ കാച്ചിൽ, ചെറുകിഴങ്ങ് എന്നിവ പോലെ പടർന്ന് മരത്തിലോ പന്തലിലോ വളർത്താം.
മേക്കാച്ചിൽ പോലെ വള്ളികളിൽ 100 ഗ്രാം മുതൽ ഒന്നര കിലോഗ്രാം വരെ തുക്കമുള്ള കിഴങ്ങുകൾ ഉണ്ടാകും. നല്ല മൂപ്പ് ആയാൽ വള്ളികളിൽനിന്ന് പൊഴിഞ്ഞു വീഴും. വിളവെടുത്ത ഉടനെ നടാതിരിക്കുന്നതാണ് നല്ലത്. കിഴങ്ങിൽ പ്രധാന മുള വന്നാൽ കാച്ചിൽ, ചേന എന്നിവ നടുന്ന രീതിയിൽ ചാണകം അടിവളമായി നൽകി നടാം. നട്ടശേഷം പുതയിടണം. മുള നീണ്ടുതുടങ്ങുമ്പോൾ പടരാൻ വള്ളികെട്ടി കൊടുക്കാം.
കറിവച്ചാൽ ഉരുളക്കിഴങ്ങു മാറിനിൽക്കും. കറിവയ്ക്കാനായി പുറമേയുള്ള തൊലിയും തൊട്ടു താഴെ പച്ച നിറമുള്ള ഭാഗവും ചെത്തിനീക്കണം. അല്ലാത്തപക്ഷം കയ്‌പ്പുണ്ടാകും. നവംബർ, ഡിസംബർ മാസങ്ങളിലാണ് കായ്കൾ ഉണ്ടാവുക. അന്നജം, പ്രോട്ടീൻ, കാത്സ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ്.