വിപണിയിലെ താരമാകാൻ സ്വർണ ചിപ്പിക്കൂൺ
Mail This Article
കണിക്കൊന്നപ്പൂവു പോലെ സ്വർണ വർണത്തിൽ ആകർഷകമായ ഇനമാണ് സ്വർണ ചിപ്പിക്കൂൺ. പ്ലൂറോട്ടസ് ജനുസിൽ വിവിധ നിറത്തിലും തരത്തിലുംപെട്ട നാൽപതിലധികം കൂണുകളുണ്ട്. തൂവെള്ള നിറത്തിലുള്ള പ്ലൂറോട്ടസ് ഫ്ലോറിഡ, ഇളം വെള്ള നിറത്തിലും നീല നിറത്തിലുമുള്ള അൽമേറിയസ്, പിങ്ക് നിറത്തിലുള്ള ഇയോസ്, ചാര നിറത്തിലുള്ള സജോർ കാജൂ എന്നീ ഇനങ്ങൾ കേരളത്തിലെ കൂൺ കർഷകർക്കു പരിചിതമാണ്. ഇവയെ പോലെ തന്നെ വളർത്തിയെടുക്കാൻ സാധിക്കുന്ന ഇനമാണു സ്വർണ ചിപ്പിക്കൂൺ. ഈ കൂണുകളുടെ മുകൾ ഭാഗത്തിനു സ്വർണ മഞ്ഞ നിറവും അടിഭാഗത്തിനു തൂവെള്ള നിറവുമാണ്.
സ്വർണ ചിപ്പിക്കൂൺ വിത്ത് ഉൽപാദനത്തിന് നെല്ല്, ചോളം തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കാം. വിത്ത് തയാറാക്കുന്നതിന് 15 - 20 ദിവസം വേണ്ടിവരും. വയ്ക്കോൽ, റബർ മരപ്പൊടി തുടങ്ങിയവ ഉപയോഗിച്ചു കൂൺതടങ്ങൾ ഉണ്ടാക്കി 25 -30 ദിവസത്തിനുള്ളിൽ ആദ്യ വിളവെടുപ്പ് നടത്താം.
ഒരു കൂൺ തടത്തിൽ നിന്ന് 750 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ വിളവു ലഭിക്കുന്ന ഈ ഇനം കൂൺ വിപണിയിലെ പ്രിയ താരമാണ്.
രുചിയിലും ഗുണത്തിലും മറ്റു ചിപ്പിക്കൂണുകളെ പോലെ തന്നെയാണ് സ്വർണ ചിപ്പിക്കൂണും.
ഫോൺ: 9446175827