ADVERTISEMENT

കാച്ചിൽ, കാവത്ത് എന്ന പേരിൽ എല്ലാം അറിയപ്പെടുന്ന കാച്ചിൽ ഒരുപാട് വിറ്റാമിനുകളും ധാതുലവണങ്ങളും ധാരാളം നാരുകളും അടങ്ങിയ ഒരു കിഴങ്ങു വർഗമാണ്. അകക്കാമ്പ് വെള്ള നിറത്തിലും വയലറ്റ് നിറത്തിലും ഉള്ള ഇനങ്ങളുണ്ട്. വള്ളിച്ചെടിയായി പടർന്ന് വളരുന്ന കാച്ചിൽ കൃഷി ചെയ്യാൻ അധികം സ്ഥലം ആവശ്യമില്ല. വെള്ളയ്ക്കും വയലറ്റിനും സ്വാദ് ഒരുപോലെയാണ് തോന്നിയിട്ടുള്ളത്. എന്നാൽ, വയലറ്റ് വെള്ളയെക്കാൾ നന്നായി വേവുന്നതായി കാണുന്നു. 

കാച്ചിലിന്റെ നടീൽ വസ്തു അതിന്‍റെ വള്ളിയോടു ചേര്‍ത്തു മുറിച്ചെടുക്കുന്ന ഭാഗമാണ്. ഫെബ്രുവരി-മാർച്ച് മാസങ്ങളില്‍ വിളവെടുക്കുന്ന കാച്ചിലിന്‍റെ വള്ളിയോടു ചേര്‍ന്ന ഭാഗം 5 ഇഞ്ച് നീളത്തിൽ മുറിച്ചു മാറ്റിയാൽ  ബാക്കിയുള്ള കിഴങ്ങ് ഭക്ഷണാവശ്യത്തിന് ഉപയോഗിക്കാം. മുറിച്ചെടുത്ത ഭാഗം ചാണകവെള്ളത്തിൽ മുക്കി തണലത്ത്  ഉണക്കി സൂക്ഷിക്കണം. മാർച്ച്–മേയ് മാസത്തിൽ നടാം. നടുന്ന സമയം ഇങ്ങനെയാണെങ്കിലും ഞാൻ അങ്ങനെ ചെയ്യാറില്ല. കിഴങ്ങു പറിച്ചു കഴിഞ്ഞാൽ മൂക് ചെത്തി ചാണകവെള്ളത്തിൽ മുക്കിയശേഷം തണലത്തുവച്ച് ഉണക്കി  3  ദിവസം കഴിയുമ്പോൾ നടാറാണ് പതിവ്.

പടര്‍ന്നു കയറാനുള്ള ഏതെങ്കിലും മരത്തിനു ചുവട്ടില്‍നിന്ന് 2 അടി മാറ്റി 1 അടി താഴ്ചയും 2 അടി വിസ്താരവുമുള്ള  കുഴിയെടുത്ത് അതില്‍  ചാണകപ്പൊടിയും എല്ലുപൊടിയും കരിയിലകളും ചേര്‍ത്തു കുഴിമൂടണം. ഇതിനു മുകളിൽ നടുവിലായി വിത്ത് കാച്ചിൽവച്ച് മണ്ണും കരിയിലകളും ചേർത്ത്  ചെറിയ കൂനയാക്കിയശേഷം ചവറിട്ടു മൂടുന്നു. കൂനയിൽ തെങ്ങിന്റെ മടൽ കമഴ്ത്തി വയ്ക്കുകയും ആവാം. ഇതു മണ്ണിൽ നനവ് നില നിർത്താനും കൂന നിരന്നു‌പോവാതിരിക്കാനും സഹായിക്കും. ആദ്യത്തെ മഴ കിട്ടുന്നതോടെ കാച്ചിലിന് മുള വരും. മുളച്ചു വരുന്ന കാച്ചില്‍ അടുത്തുള്ള മരത്തിലേക്ക് പടർത്താം. നല്ല വെയില്‍ കിട്ടുന്ന സ്ഥലമാണെങ്കിൽ നന്നായി വള്ളി വീശും. വള്ളികൾ നന്നായി പടരുന്നതിനനുസരിച്ച് കിഴങ്ങിന്‍റെ വലുപ്പം കൂടും. വള്ളിപ്പടർപ്പിലെ മുട്ടുകളിൽ ചെറിയ കിഴങ്ങുകൾ ഉണ്ടാകും ഇതു ഭക്ഷ്യ യോഗ്യമാണ്. ഇതിനെ കാച്ചിങ്ങ എന്നു വിളിക്കും. കാച്ചിങ്ങയും വിത്തിനായി ഉപയോഗിക്കാം. 

പണ്ടുകാലത്ത് കാച്ചിൽ പുഴുങ്ങി മുളകു ചമ്മന്തിയും കൂട്ടി കഴിക്കാനും പുഴുക്ക് ഉണ്ടാക്കാനും മാത്രമേ എടുക്കുമായിരുന്നുള്ളു. എന്നാൽ,  ഇന്ന് കാച്ചിൽ കൊണ്ട് പല‌വിധ വിഭവങ്ങൾ തയാറാക്കാം. ഹൽവ, കേക്ക്, പുഡ്ഡിംഗ്, ഷെയ്ക്ക്, തോരൻ മെഴുക്ക് പിരട്ടി, കൊണ്ടാട്ടം... അങ്ങനെ നീളുന്നു കാച്ചിൽ വിഭവങ്ങൾ. പഴമക്കാർ മാത്രം ഇഷ്ടപ്പെട്ടിരുന്ന കാച്ചിലിന് പുതിയ രൂപവും രുചിയും ലഭിക്കുമ്പോൾ പുതുതലമുറയുടെ കൂടി ഇഷ്ടങ്ങളിൽ ഒന്നായി മാറും കാച്ചിൽ വിഭവങ്ങൾ.

കാച്ചിൽ ഉപയോഗിച്ചുള്ള പുതു വിഭവങ്ങളുടെ പാചകക്കൂട്ട് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com