കൊക്കോ ബീൻസുകൾ എങ്ങനെ ഉണങ്ങണം?
Mail This Article
കൊക്കോ തൈ നട്ട് ഒന്നര വർഷമാകുന്നതോടെ കായ്കൾ പിടിച്ചു തുടങ്ങും. ഇലഞെട്ടിലാണ് പൂക്കൾ കുലകളായി ഉണ്ടാകുന്നത്. പൂ വിരിഞ്ഞ് 160 - 170 ദിവസം കൊണ്ട് കായ്കൾ വിളവെടുപ്പിന് പാകമാകും. ചെടിയിൽ ആയിരക്കണക്കിന് പൂക്കൾ ഉണ്ടാകുമെങ്കിലും 2-3% മാത്രമാണ് കായ്കൾ ആയിത്തീരുകയുള്ളൂ. സ്ഥിരമായി ഒരു മുട്ടിൽ തന്നെ പൂക്കൾ ഉണ്ടാകുന്നതിനാൽ കായ്കൾ വലിച്ചു പറിക്കരുത്. കത്തി ഉപയോഗിച്ച് ഞെടുപ്പ് കണ്ടിച്ചു വേണം വിളവെടുക്കാൻ.
നന്നായി മൂത്ത് പഴുത്ത് തുടങ്ങിയ കായ്കൾ വിളവെടുക്കുക, എലി, അണ്ണാൻ പോലുള്ള ജീവികൾ കടിച്ച കായ്കൾ ഒഴിവാക്കണം.
കൊക്കോയുടെ ശരിയായ സ്വാദും, സുഗന്ധവും ലഭിക്കണമെങ്കിൽ കായ്കൾ പുളിപ്പിച്ച് ഉണങ്ങിയെടുക്കണം.
വിളവെടുത്ത കായ്കൾ മൂന്നു ദിവസമെങ്കിലും തണലത്ത് കൂട്ടിയിട്ട ശേഷം തോടു പൊട്ടിച്ച് അതിലെ കൊക്കോക്കുരു ഇഴയകലമുള്ള പ്ലാസ്റ്റിക് ചാക്കിലോ അല്ലെങ്കിൽ ആവശ്യത്തിന് ദ്വാരങ്ങൾ ഇട്ട തടിപ്പെട്ടിയിലോ ആക്കിവച്ച് വെള്ളം വാർന്നുപോകാൻ അനുവദിക്കുക. മൂന്നാം ദിവസവും, അഞ്ചാം ദിവസവും ഇത് ഇളക്കി അതിന്റെ മുകളിൽ ഭാരം കയറ്റിവച്ച ശേഷം (പുളിക്കൽ പ്രക്രിയ നടക്കുമ്പോൾ ഇതിന് നല്ല ചൂട് ഉണ്ടാകും) ചണച്ചാക്കു കൊണ്ട് പൊതിയണം. ശരിയായ രീതിയിൽ പുളിപ്പിക്കൽ പ്രക്രിയ നടന്ന കായ്കൾ നല്ലതുപോലെ വീർത്തുവരും. മാത്രമല്ല, ഞെക്കിയാൽ ബ്രൗൺ നിറത്തിലുള്ള ദ്രാവകം വരികയും ചെയ്യും. 7-ാം ദിവസം കായുടെ പുറത്തെ പൾപ്പും വെള്ളവും ഒഴുകിപ്പോയിട്ടുണ്ടാവും. ഈ കായ്കൾ വെയിലത്തോ (3 - 4 ദിവസം), ഡ്രയറിലോ ഉണക്കി എടുക്കാവുന്നതാണ്. നന്നായി ഉണങ്ങിയ കുരുവിൽ ജലാംശം 7 ശതമാനത്തിൽ താഴെ ആയിരിക്കും. ഇങ്ങനെ ഉണങ്ങിയെടുത്ത കായ്കൾ തണുപ്പു തട്ടാതെ 6-10 മാസം വരെ സൂക്ഷിച്ച് വയ്ക്കാവുന്നതാണ്.