മുരിങ്ങയ്ക്ക് ഒട്ടേറെ ഔഷധഗുണങ്ങളെന്ന് പാരമ്പര്യവൈദ്യം പറയുന്നു
Mail This Article
മുരിങ്ങയുടെ ഇല, പൂവ്, കായ് തുടങ്ങി എല്ലാം തന്നെ ആരോഗ്യരക്ഷയ്ക്കുതകും. വൈറ്റമിൻ സി, എ, കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നീ ധാതുക്കൾക്കു പുറമെ ബീറ്റാ കരോട്ടിൻ, അമിനോ ആസിഡ്, ആന്റീ ഓക്സിഡന്റ് ആയ ഫെനോലിക്സ്, കരോട്ടിനോയ്ഡ്, അസ്കോർബിക് ആസിഡ് മുതലായവ മുരിങ്ങയിൽ അടങ്ങിയിരിക്കുന്നു. മുരിങ്ങയിലയിലുള്ള വൈറ്റമിൻ സി രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായകം. നാരുകൾ അടങ്ങിയതിനാൽ ശോധനയ്ക്കു നന്ന്.
മുരിങ്ങയില പതിവായി കഴിക്കുന്നത് ബുദ്ധിശക്തി വർധിപ്പിക്കുമെന്ന് പാരമ്പര്യ വൈദ്യശാസ്ത്രം. കുട്ടികളുടെ ശരീരപുഷ്ടിക്കും, കൃമിശല്യം ഒഴിവാക്കാനും രക്തശുദ്ധീകരണത്തിനും മുരിങ്ങയില കഴിക്കുന്നതു ഫലപ്രദം. മുരിങ്ങയിലത്തോരൻ ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും, മുലയൂട്ടുന്നവർക്കു മുലപ്പാൽ വർധിക്കാനും, പുരുഷബീജവർധനയ്ക്കും സഹായകം. മുരിങ്ങയില തേൻ ചേർത്തു കഴിക്കുന്നത് തിമിര രോഗബാധ ചെറുക്കും. മുരിങ്ങയില ജ്യൂസ് ഉപ്പിട്ടു കുടിച്ചാല്‍ വായുകോപം ഒഴിവാക്കാം. ചർമരോഗങ്ങളും അകാലനരയും ഇല്ലാതാക്കി ചെറുപ്പം നിലനിർത്താനും സഹായകം. ഹൃദയം, വൃക്ക, കരൾ മുതലായ അവയവങ്ങളുടെ ആരോഗ്യത്തിനും, മൂലക്കുരു തടയുന്നതിനും ഉപകാരപ്രദം.
മുരിങ്ങയില ഉപ്പുചേർത്ത് അരച്ച് നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ, നീര് വലിയുകയും വേദന കുറയുകയും ചെയ്യും. മുരിങ്ങയിലയിട്ടു വേവിച്ച വെള്ളത്തിൽ ഉപ്പും നാരങ്ങാനീരും ചേർത്തു കഴിക്കുന്നത് ജീവിതശൈലീ രോഗങ്ങൾ തടയും. മുരിങ്ങയിലച്ചായ ശരീരവേദനയ്ക്കു ശമനമുണ്ടാക്കും. മുരിങ്ങയില ഉണക്കിപ്പൊടിച്ച് ചായപ്പൊടിക്കു പകരമാക്കാം. അതേസമയം മുരിങ്ങ അമിതമായി കഴിച്ചാൽ ദഹനക്കേടും വയറിളക്കവുമുണ്ടാകാം. ഗർഭാവസ്ഥയിലെ ആദ്യമാസങ്ങളിൽ മുരിങ്ങ ഒഴിവാക്കാനും ശ്രദ്ധിക്കണം.