ADVERTISEMENT

1. നിലം തിരഞ്ഞെടുക്കൽ

വെള്ളം കിട്ടുന്ന, വെള്ളം കെട്ടിനിൽക്കാത്ത, വെയിൽ കിട്ടുന്ന സ്ഥലം വേണം കൃഷിക്കു തിരഞ്ഞെടുക്കാൻ. എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാൻ പറ്റിയ സ്ഥലമായാൽ നന്ന്.

2. വിത്ത്, തൈ

വിത്ത്, തൈ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കണം (വിത്തു ഗുണം പത്തു ഗുണം). ഞാൻ കൃഷി ചെയ്യുന്ന ഇനങ്ങൾ കാർഷിക സർവകലാശാലയുടെ പ്രിയങ്ക, ഈസ്റ്റ് വെസ്റ്റ സീഡ്സിന്റെ മായ, കൂടാതെ പാലി എന്ന പച്ച നിറമുള്ള ഇനവും.

3. വളപ്രയോഗം (വളം നന്നായാൽ വിളവ് നന്നാവും)

നല്ല വിളവു ലഭിക്കാൻ മണ്ണിന്റെ പിഎച്ച് 6-7 ആയിരിക്കണം. ഇതിനായി പച്ചക്കക്ക, കുമ്മായം, ഡോളമൈറ്റ് എന്നിവ മണ്ണിൽ വിതറുക. 15 ദിവസത്തിനു ശേഷം വളങ്ങൾ ഇട്ട് തടം ശരിയാക്കുക. ജൈവവളങ്ങളായി ചാണകം, കോഴിവളം, ആട്ടിൻ കാഷ്ഠം, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ ഇട്ട് മണ്ണൊരുക്കാം. ശേഷം വിത്ത് (മുള വന്ന വിത്ത്) അല്ലെങ്കിൽ തൈ (3 ഇല പ്രായം ) നടാം. ചെടിയുടെ വളർച്ചാക്കാലത്ത് നൈട്രജൻ, ഫോസ്ഫറസ് കൂടുതൽ അടങ്ങിയ വളങ്ങൾക്ക് പ്രാധാന്യം നൽകണം. പൂവിടുന്ന കാലം മുതൽ പൊട്ടാഷ് അടങ്ങിയ വളങ്ങൾ നൽകാം. ചെടികൾക്ക് സൂക്ഷ്മമൂലകങ്ങൾ ഇടയ്ക്കിടെ നൽകണം. ഇത് ചെടിക്ക് ആരോഗ്യം, രോഗ പ്രതിരോധശേഷി, നല്ല വിളവ് എന്നിവ ലഭിക്കാൻ അത്യാവശ്യമാണ്. ഓരോ മൂലകത്തിന്റെ കുറവും ചെടിയുടെ ഇലകളിലും കായ്കളിലും പ്രകടമാകും. ഇതു തിരിച്ചറിയലാണ് ഒരു കർഷകനെ കൃഷിയിൽ വിജയിപ്പിക്കുന്ന ഒരു പ്രധാന ഘടകം.

4. കീടനിയന്ത്രണം

കീടം വന്നതിനു ശേഷം കടയിൽ പോയി കിട്ടുന്നതു വാങ്ങി ഉപയോഗിക്കരുത്. നീരുറ്റിക്കുടിക്കുന്ന കീടങ്ങൾ, ഇല തിന്നുന്ന വണ്ടുകൾ, കായീച്ച, ഇലകൾ, തണ്ടുകൾ, കായ തിന്നുന്ന പുഴുക്കൾ ഇവയാണ് പ്രധാന കീടങ്ങൾ. വേപ്പെണ്ണ മിശ്രിതംകൊണ്ട് ഒരു പരിധി വരെ ഇവ നിയന്ത്രിക്കാം. എന്നാൽ, വാണിജ്യ കൃഷിയിൽ കൃത്യമായ കീടനിയന്ത്രണ നാശിനികൾ ഉപയോഗിച്ചിരിക്കണം (രാസകീടനാശിനികൾ ഉപയോഗിക്കരുത്). അല്ലാത്തപക്ഷം വിളവിൽ 60% നഷ്ടം സംഭവിക്കുകയും കൃഷി നഷ്ടത്തിലാകുകയും ചെയ്യും.

5. രോഗനിയന്ത്രണം

രോഗം വന്നതിനുശേഷം രോഗ നിയന്ത്രണമാർഗം തേടിപ്പോകരുത്. കൃഷി വിജയത്തിന്റെ ഏറ്റവും പ്രധാന ഘടകം. കാരണം, മറ്റെല്ലാം നമുക്ക് കാണാൻ കഴിയും (ചെടിയുടെ വളർച്ച, പൂ പിടിക്കൽ, കീടങ്ങൾ ) എന്നാൽ ബാക്ടീരിയ, ഫംഗസ്, വൈറസ് ഇവയെ കാണാനാവില്ല. ഇവ മൂലം ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ കണ്ടു മനസിലാക്കുന്നവനാണ് യഥാർഥ കർഷകൻ. ചില രോഗങ്ങൾ വന്നാൽ കണടച്ചു തുറക്കുന്നതിനു മുമ്പേ ചെടി മുഴുവൻ നശിച്ചിരിക്കും (ഫംഗൽ രോഗമാണെങ്കിൽ ആദ്യം ഒരില വാടും അടുത്ത ദിവസം ചെടി മുഴുവൻ വാടും). അതു മനസിലാക്കി കൂടുതൽ ചെടികളിലേക്ക് വ്യാപിക്കാതിരിക്കാൻ തക്കതായ പ്രവർത്തനങ്ങൾ ചെയ്യാൻ അറിഞ്ഞിരിക്കണം. രോഗനിയന്ത്രണ മാർഗമായ സ്യൂഡോമോണാസ് കൃത്യമായ ഇടവേളകളിൽ പ്രയോഗിക്കണം. വന്നു കഴിഞ്ഞാൽ തീവ്രമായ കീടനാശിനികൾ പ്രയോഗിക്കേണ്ടിവരും (രാസ കുമിൾനാശിനി ഉപയോഗിക്കരുത്).

6. സ്റ്റാറ്റിസ്റ്റിക്സ്

ഏത് വിളയായാലും ഒരു സെന്റിൽനിന്ന് എറ്റവും കുറവ് എത്ര വിളവ് ലഭിക്കണം എന്നറിഞ്ഞിരിക്കണം. പാവൽ ഒരു സെന്റിൽനിന്ന് 60 കിലോ വിളവ് ലഭിക്കണം. ഒരു സെന്റിൽ പരമാവധി നടാവുന്ന തൈകൾ 30 എണ്ണം. പാവൽ ലഭിക്കുന്ന വില 60-70 വരെ എന്നാലും 50 രൂപ ലഭിച്ചാൽ കൃഷി ലാഭത്തിലാക്കാം. 60 X 50 = 3000. ഒരു സെന്റിൽ ചെലവാക്കാവുന്ന തുക 1000 - 1500 ഇടയിൽ. 

സമ്മിശ്ര കൃഷിയിലൂടെ മാത്രമേ കൃഷി വിജയമാക്കാൻ കഴിയൂ. 365 ദിവസവും വിളവ് കിട്ടാവുന്ന രീതിയിൽ വേണം വിളകൾ നടാൻ. കാരണം എല്ലാദിവസവും വിളവു ലഭിച്ചാൽ മാർക്കറ്റ് ഒരു പ്രശ്നമാവില്ല. അതിസാന്ദ്രതാ കൃഷിയാണ് ഏറ്റവും നല്ല കൃഷി രീതി.

കൃഷി പഠിച്ചു ചെയ്യേണ്ടതും, ചെയ്ത് പഠിക്കേണ്ടതുമായ ഒന്നാണ്. പഠിക്കുന്ന പാഠങ്ങൾ മറക്കാതിരുന്നാൽ വിജയം സുനിശ്ചിതം.

ഫോൺ: 8139844988

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com