കർഷകർക്കു പ്രതീക്ഷയേകി ലോക്ഡൗൺ ഇളവുകൾ; വെറ്റിലവില ഉയരുന്നു
Mail This Article
'വള്ളിയില്‍ നില്‍ക്കുന്ന വെറ്റിലയുടെ വില' എത്രയാണെന്നറിയാമോ? 80 എണ്ണത്തിനു നൂറു രൂപ. ഇതാണ് ഇപ്പോഴത്തെ വിലനിലവാരമെന്ന് ആലപ്പുഴ നൂറനാട് പള്ളിക്കലുള്ള വെറ്റില കര്‍ഷകന്‍ കെ.ആർ. ശ്രീകുമാര്‍ പറയുന്നു. ലോക് ഡൗണിന്‍റെ ആദ്യ അഴ്ചകളില്‍ വില 20 രൂപയിലേക്കു വരെ താഴ്ന്നിരുന്നു. കടകള്‍ തുറക്കാതായതോടെ വെറ്റിലയുടെ ഡിമാന്‍ഡ് കുറയുകയും വിലയിടിവിനു കാരണമാകുകയും ചെയ്തു. ലോക് ഡൗണിനെത്തുടർന്നു ഇടനിലക്കാര്‍ വീട്ടില്‍ വന്നു വെറ്റില എടുക്കുകയായിരുന്നു. അതിനാല്‍ അവര്‍ പറയുന്ന വിലയ്ക്കു വില്‍ക്കേണ്ടി വന്നു. സാധരണസമയത്തു അടുത്തുള്ള താമരക്കുളം ചന്തയിലാണു ശ്രീകുമാര്‍ വെറ്റില എത്തിച്ചിരുന്നത്. ലോക് ഡൗണില്‍ ഇളവു വന്നതോടെ വില ഉയരുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ താമരക്കുളം ചന്ത ചവര്‍പ്പു കുറഞ്ഞ നല്ലയിനം വെറ്റിലയ്ക്കു പേരുകേട്ടതാണ്. ഇവിടെനിന്നു കൃഷി ഇല്ലാത്ത മേഖലയിലേക്കു വെറ്റില കയറ്റി അയയ്ക്കുന്നു.
കാലാവസ്ഥ മാറുന്നതനുസരിച്ചു വെറ്റിലയുടെ ഉൽപാദനത്തിലുണ്ടാകുന്ന ഏറ്റക്കുറവു വിലയിലും പ്രകടമാകും. വെറ്റില കൂടുതലുണ്ടാകുന്ന സമയത്തു വിലയിടിയും. കഴിഞ്ഞ ഒരുവർഷക്കാലയളവില്‍ ഉയർന്ന വില ലഭിച്ചതു ഫെബ്രുവരിയിലാണു, കെട്ടിന് 160 രൂപ. വില താഴുന്ന സമയങ്ങളിൽ 20 രൂപയ്ക്കും 30 രൂപയ്ക്കും വിൽക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ടെന്നു ശ്രീകുമാര്‍ വ്യക്തമാക്കി. വിലയിടിവ് വെറ്റിലക്കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നമാണ്. ആഴ്ചയില്‍ ഒരു ദിവസമാണ് വെറ്റില നുള്ളുന്നത്. നുളളിയ വെറ്റില അടുക്കിക്കെട്ടുന്നതിനും വളരെ സമയം വേണം. 20 എണ്ണം വീതമുള്ള നാല് അടുക്കുകള്‍ അടങ്ങുന്നതാണ് ഒരുകെട്ട്.
പ്രവാസ ജീവിതം അവസാനിപ്പിച്ചു കൃഷിയിലേക്കുതിരിഞ്ഞ ശ്രീകുമാര്‍ വെറ്റില കൂടാതെ പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്. 13 സെന്‍റില്‍ വെറ്റില കൃഷി ചെയ്യുന്നു. ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്. ചാണകപ്പൊടി, കടലപിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, ചാരം എന്നിവയാണു വളമായി നൽകുന്നത്. ഈര്‍പ്പം നിലനിര്‍ത്തുന്നതിനു നന കൃത്യമായി നടത്തണം. എന്നാല്‍, വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യം ഉണ്ടാകരുത്. ഇതു വെറ്റകൊടിയെ പ്രതികൂലമായി ബാധിക്കും.
നൂതനരീതിയിലാണു ശ്രീകുമാർ വെറ്റില കൃഷി ചെയ്തിരിക്കുന്നത്. സാധാരണയായി ഉപയോഗിക്കുന്ന ഈറയ്ക്കും മുളയ്ക്കും പകരം ഇരുമ്പു പൈപ്പ്കൊണ്ടു ചട്ടക്കൂടുണ്ടാക്കി, അതിൽ നാലുമീറ്റർ ഉയരത്തിൽ കയർ കെട്ടിയാണു വെറ്റില വളർത്തുന്നത്. ഈർപ്പം നിലനിർത്താൻ സ്പ്രിങ്ക്ളർ ഉപയോഗിച്ചു നനയ്ക്കുന്നു. ചൂടിനെ പ്രതിരോധിക്കാന്‍ മുകളിലും വശങ്ങളിലും പ്ലാസ്റ്റിക് നെറ്റും ഓലയും ഉപയോഗിച്ചിട്ടുണ്ട്. വെറ്റക്കൊടി വളര്‍ന്നു വരുമ്പോള്‍ താഴ്ഭാഗത്തെ ഇലകള്‍ നീക്കി തണ്ട് മണ്ണിനടിയിലാക്കുന്നു. ഇതിനു ശേഷം ചാണകപ്പൊടിയും കരിയിലയും ഇട്ടുമൂടും. ചെടിയുടെ മുകൾഭാഗം കയറിലൂടെ വീണ്ടും പടർത്തിവിടും. വെറ്റില പറിക്കാനുള്ള സൗകര്യത്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നു ശ്രീകുമാർ വ്യക്തമാക്കി. നട്ടു മൂന്നു മാസമാകുമ്പോള്‍ വിളവെടുത്തു തുടങ്ങാം. വെറ്റിലയുടെ നടീല്‍വസ്തു തണ്ടാണ്. നല്ല ഇനം നോക്കി കര്‍ഷകരില്‍നിന്നു മുറിച്ചു വാങ്ങുകയാണു ചെയ്യുന്നത്.
തണ്ടുപഴുക്കല്‍ അടക്കമുള്ള രോഗങ്ങള്‍ വെറ്റിലയെ ബാധിക്കാറുണ്ട്. രോഗബാധ ഉണ്ടായല്‍ ആ സ്ഥലത്ത് ഒന്നു രണ്ടു വര്‍ഷത്തേക്കു കൃഷി ചെയ്യാതിരിക്കുന്നതാണു നല്ലത്. രോഗംബാധിക്കാത്ത കൊടി പത്തു വര്‍ഷത്തിലധികം നില്‍ക്കുമെന്നും ശ്രീകുമാര്‍.
28 എണ്ണമുള്ള ഒരുകെട്ടു വെറ്റില 35 രൂപയ്ക്കാണു വില്‍ക്കുന്നതെന്നു വീട്ടുമുറ്റത്തു വെറ്റില പരിപാലിക്കുന്ന വൈക്കം സ്വദേശിയായ പുരുഷന്‍ പറയുന്നു. അടുത്തുള്ള കടയിലാണു സ്ഥിരമായി വില്‍ക്കുന്നത്. ലോക്‌ഡൗണിനെ തുടര്‍ന്നു കടകളില്‍ വെറ്റില ലഭ്യമല്ലാത്തതിനാല്‍ പലരും വീട്ടില്‍ അന്വേഷിച്ച് എത്തുന്നുണ്ട്. വളരെ കുറച്ചു വെറ്റിലക്കൊടികളേ വീട്ടില്‍ പരിപാലിക്കുന്നുള്ളൂ.
കടകളില്‍നിന്ന് ആളുകള്‍ എണ്ണിയാണു വെറ്റില വാങ്ങുന്നത്. ചുണ്ണാമ്പും അടയ്ക്കയും പുകയിലയും ചേര്‍ത്തു മുറുക്കാനാണു വെറ്റില കൂടുതലായും ഉപയോഗിക്കുന്നത്. പണ്ടു മിക്കവീടുകളിലും കൃഷി ചെയ്തിരുന്ന വെറ്റിലയ്ക്കു നിരവധി ഔഷധഗുണങ്ങളുമുണ്ട്.
English summary: Betel Leaf Farming, Planting, Care, Harvesting