കണ്ടിട്ടുണ്ടോ മാങ്ങ പോലുള്ള ജാതിക്ക? അതാണ് ഫാബ്!
Mail This Article
നീണ്ടുരുണ്ട് മാങ്ങയുടെ വലുപ്പത്തിൽ ജാതിക്ക. ഇലക്ട്രിക് ബൾബിന്റെ ആകൃതിയെന്നും പറയാം; ഓരോ കായ്ക്കും ശരാശരി 80 ഗ്രാം തൂക്കം. വിപണിയിലെത്തിച്ചാലോ ഒരു കിലോ തികയാൻ 65–75 ജാതിക്കുരു മതിയാകും. പത്രിയാണെങ്കിൽ കേവലം 250–300 പത്രിയും. അടിമാലി ആനവിരട്ടിയിലെ മാതാളിപാറ എം.എസ്. സുമിത്തിന്റെ കൃഷിയിടത്തിൽ ഉരുത്തിരിഞ്ഞ ഫാബ് ഇനം ജാതി കൃഷിക്കാരന്റെ മനം കവരുമെന്നതിൽ സംശയമില്ല. ജാതിക്കായുടെ വലുപ്പം മാത്രമല്ല പ്രതികൂല സാഹചര്യങ്ങളിലെ അതിജീവനശേഷയും ഈയിനത്തിനു കൂടുതലാണെന്നു സുമിത്ത് ചൂണ്ടിക്കാട്ടുന്നു.
മൂന്നു പതിറ്റാണ്ടിലേറെയായി ഈയിനം സ്വന്തം കൃഷിയിടത്തിലുണ്ടെങ്കിലും സവിശേഷ ഇനമായി വികസിപ്പിക്കുന്നതിനും കൂടുതൽ കൃഷിക്കാരിലെത്തിക്കുന്നതിനും അദ്ദേഹം ശ്രമമാരംഭിച്ചത് 3–4 വർഷങ്ങൾക്കു മുമ്പു മാത്രം. അച്ഛൻ നട്ടുവളർത്തിയ ജാതികളിലൊന്നിൽ അസാധാരണ വലുപ്പവും ആകൃതിയിൽ നേരിയ വ്യത്യാസവുള്ള ഏതാനും ജാതിക്കായ്കൾ സുമിത് ശ്രദ്ധിച്ചതായിരുന്നു തുടക്കം. മുപ്പത് വർഷം മുമ്പായിരുന്നു അത്. വ്യത്യസ്തമെന്നു തോന്നിയ കായ്കളിൽനിന്നു കുരുവെടുത്തു പാകി. വെറും കൗതുകം മൂലമായിരുന്നു അങ്ങനെ ചെയ്തത്. ആ കായ്കളിൽ നിന്നുണ്ടായ തൈകൾ പറമ്പിന്റെ പലഭാഗത്തും വച്ചെങ്കിലും അവയിലൊന്നു മാത്രമാണ് പിന്നീട് വ്യത്യസ്തമായ കായ്കൾ നൽകിയത്. ഒരു മരത്തിൽനിന്നു ലഭിച്ച ജാതിക്കുരുക്കളിൽ ഒന്നുമാത്രം വ്യത്യസ്ത തൈയുണ്ടാകാൻ ഇടയായതിനു പിന്നിലെ സയൻസ് സുമിത്തിനറിയില്ല. മാത്രമല്ല, മുറ്റത്തോടു ചേർന്ന് നീണ്ട കായ്കളുമായി നിൽക്കുന്ന ജാതി പുതിയൊരു ഇനമാകുമെന്ന ചിന്ത പോലും അക്കാലത്തുണ്ടായില്ലെന്നു സുമിത്ത് പറയുന്നു.
എന്നാൽ സുമിത്തിന്റെ മുറ്റത്തെ ജാതിയുടെ സവിശേഷതകളറിഞ്ഞ് പീരുമേട് ഡവലപ്മെന്റ് സൊസൈറ്റി കൃഷിയിടത്തിലെത്തി കർഷകരുടെ കണ്ടുപിടിത്തങ്ങളിലൊന്നായി ഫാബ് ഇനത്തെ ശുപാർശ ചെയ്തപ്പോൾ മാത്രമാണ് ഈ യുവകർഷകൻ പ്രകൃതി തനിക്കു നൽകിയ നേട്ടത്തെക്കുറിച്ച് ബോധവാനായത്. ഇന്ന് സുമിത്തിന്റെ മൂന്നേക്കർ പുരയിടത്തിലാകെ കായ്ഫലമുള്ള 120 ജാതിയുണ്ട്. ഇവയിൽ 65ഉം ഫാബ് തന്നെ. പറമ്പിൽ നട്ടു വളർത്തിയ തൈകളിൽ മാതൃസസ്യത്തിന്റെ മുകുളം ബഡ് ചെയ്താണ് ഫാബ് ഇനത്തിന്റെ എണ്ണം വർധിപ്പിച്ചത്. വേനലിൽ കൃത്യമായ നനയും മഴക്കാലത്ത് ജൈവവളപ്രയോഗവും നടത്തി അവയെ പരിപാലിക്കുന്നു.
വ്യത്യസ്തമായ ഇനം ജാതിയെക്കുറിച്ചറിഞ്ഞ് കൂടുതൽ ആവശ്യക്കാരെത്തിയപ്പോഴാണ് സുമിത് നഴ്സറിയെക്കുറിച്ചു ചിന്തിച്ചത്. പരിമിതമായ തോതിൽ മാത്രം തൈകളുണ്ടാക്കി നൽകുന്ന ഒരു നഴ്സറിയാണ് ഇവിടുള്ളത്. രണ്ടു വർഷം പ്രായമായ തൈകളിൽ ബഡ് ചെയ്തുണ്ടാക്കുന്ന തൈകളായതിനാൽ ഇവ കൃഷിയിടത്തിൽ നട്ട് രണ്ടാം വർഷം കായ്പിടിക്കുമെന്ന് സുമിത് അവകാശപ്പെട്ടു. മാതൃസസ്യം കണ്ടു ബോധ്യപ്പെട്ടശേഷം തൈകൾ വാങ്ങണമെന്നു നിർബന്ധമുള്ളതിനാൽ ഇവിടെയെത്തുന്നവർക്കു മാത്രമെ തൈകൾ നൽകുകയുള്ളൂവെന്ന് സുമിത് വ്യക്തമാക്കി.
ഫോൺ: 9400679903, 9495381684