കിഴങ്ങു നട്ടു വളർത്തുന്ന പാവലിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇവിടെയുണ്ട്
Mail This Article
ആലപ്പുഴ സനാതനപുരത്തെ സുരേഷിന്റെ കൃഷിയിടത്തിലെത്തുന്നവർ അദ്ഭുതപ്പെടും. ഇതുവരെ കാണാത്ത ഒരിനം പാവയ്ക്കകൾ നിറഞ്ഞ പന്തലുകളാണ് ഇവിടെ നമ്മെ സ്വാഗതം ചെയ്യുന്നത്. കന്റോല എന്നറിയപ്പെടുന്ന ആസാമിലെ പാവൽ വർഗവിളയാണിത്. നീളമുള്ള ഞെട്ടും, ഗോളാകൃതിയിൽ മൃദുവായ മുള്ളുകളും ഇവയെ മറ്റു പാവയ്ക്കായിൽനിന്നു വിഭിന്നമാക്കുന്നു. കയ്പ്പില്ലാത്ത രുചികരമായ കായ്കൾ മൂപ്പെത്തുന്നതിനു മുമ്പ് കറിവയ്ക്കുന്നതിന് ഉപയോഗിക്കാം.
കന്റോലയിൽ ആൺ, പെൺ ചെടികൾ പ്രത്യേകം വള്ളികളിൽ കാണുന്നതിനാൽ രണ്ടിനം വള്ളികളും വ്യത്യസ്ത പന്തലുകളിൽ പടർത്തി ആൺ പൂക്കളുടെ പൂമ്പൊടി പെൺപൂക്കളിൽ കൈ കൊണ്ട് പരാഗണം ചെയ്താലേ കായ്കൾ വിരിയുകയുള്ളു. രാവിലെയാണ് പരാഗണത്തിന് അനുയോജ്യമായ സമയം. ഇവയുടെ വേരുകളിൽ രൂപം കൊള്ളുന്ന കിഴങ്ങുകളാണ് നടീൽ വസ്തു. സുരേഷ് ഇവ ശേഖരിച്ചത് തൃശൂരിലെ എൻബിപിജിആറിൽ നിന്നാണ്. സൂര്യപ്രകാശമുള്ള മണ്ണ് കളച്ചൊരുക്കി ജൈവവളങ്ങൾ ചേർത്ത് തടമൊരുക്കി കിഴങ്ങുകൾ നടുന്നു. വള്ളികൾ പടരാൻ പരാഗണത്തിന് സൗകര്യമായ ഉയരത്തിൽ പന്തൽ നിർമ്മിക്കുന്നു.
രണ്ടു മാസത്തിനുള്ളിൽ വിളവെടുപ്പാരംഭിക്കാം. ഒരു ചെടിയിൽനിന്ന് പത്തു കിലോയോളം കായ്കൾ ലഭിക്കാറുണ്ട്. ഇലകളിൽ കിടശല്യം കണ്ടാൽ വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം തളിച്ച് നിയന്ത്രിക്കാം. വിളവെടുപ്പ് പൂർത്തിയായ ശേഷം കിഴങ്ങുകൾ കിളച്ചെടുത്ത് ആൺ, പെൺ ചെടികളുടെ കിഴങ്ങളുകൾ വെവ്വേറെ സൂക്ഷിച്ച് അടുത്ത കൃഷിക്കായി ഉപയോഗിക്കുന്നു. മഞ്ഞൾ, വാഴ, ഒട്ടേറെയിനം പച്ചക്കറികൾ തുടങ്ങിയവയും സുരേഷിന്റെ തോട്ടത്തിലുണ്ട്.
ഫോൺ: 9447468077