വീട്ടുമുറ്റത്തൊരു പാവലുണ്ടെങ്കിൽ നമുക്കാവശ്യമായ പോഷകങ്ങൾ ഉറപ്പ്
Mail This Article
പോഷക സമ്യദ്ധവും ഔഷധഗുണങ്ങളുമുള്ള പച്ചക്കറിയാണ് പാവൽ. വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടം. ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾക്കൊപ്പം ജീവകം എ, ജീവകം സി എന്നിവയും പാവയ്ക്കയിലുണ്ട്. കൂടാതെ, ചരയിലുള്ളതിനേക്കാൾ ഇരട്ടി കാത്സ്യവും ബ്രൊക്കോളിയിലുള്ളതിനേക്കാൾ ഇരട്ടി ബീറ്റ കരോട്ടിനും പാവയ്ക്കയിലുണ്ട്. കൂടാതെ, ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഉതകുന്നതാണ്. കൂടാതെ, ഒരു വീട്ടിലേക്കുള്ള പച്ചക്കറിയാവശ്യത്തിന് ഒരു ചുവട് പാവൽ മതി.
നടീൽരീതി
ഏപ്രിൽ–മേയ്, ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിൽ നടുന്നതാണ് ഉത്തമം. ഈ സീസണിൽ നടുകയാണെങ്കിൽ കീടശല്യം കുറഞ്ഞിരിക്കും. രോഗപ്രതിരോധശേഷിയുള്ള നല്ലയിനം വിത്തുകൾ (പ്രീതി, പ്രിയ, പ്രിയങ്ക ) വേണം തിരഞ്ഞടുക്കാൻ. കൂടുതൽ വിളവ് ലഭിക്കാൻ ഇത് ഉപകരിക്കും.
സുര്യപ്രകാശം കിട്ടുന്നതും നീർവാർച്ചയുള്ളതുമായ സ്ഥലം തിരഞ്ഞെടുത്ത് ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ് എന്നിവ മേൽമണ്ണുമായി തടമെടുക്കാം. തലേ ദിവസം സ്യൂഡോമൊണാസ് ലായനിയിൽ മുക്കിവെച്ച വിത്തുകൾ പാകാം. രണ്ടോ മൂന്നോ വിത്തു നടാം. 8,10 ദിവസമാകുമ്പോൾ മുളച്ചു തുടങ്ങും. നല്ല കരുത്തുള്ള തൈകൾ മാത്രം നിർത്തുക. ഇതുപോലെ തന്നെ ഗ്രോബാഗിലും നടാം. നടീൽ മിശ്രിതത്തിൽ ചകിരിച്ചോറ് ഉൾപ്പെടുത്തണം.
വള്ളി വീശിത്തുടങ്ങുമ്പോൾ പടർന്നു കയറാൻ പാകത്തിന് പന്തലിട്ടു കൊടുക്കാം. 30 ദിവസമാകുമ്പോൾ വളങ്ങൾ കൊടുക്കാം. ദ്രവരൂപത്തിലുള്ള വളങ്ങൾ ആഴ്ചയിൽ ഒരു പ്രാവശ്യം വീതം കൊടുക്കണം. കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് ചാണക സ്ലറിയോ ഗോമൂത്രവുമായോ യോജിപ്പിച്ച് നേർപ്പിച്ച് കൊടുക്കാം.
45 ദിവസമാകുമ്പോൾ പൂവിട്ടു തുടങ്ങും. ഫിഷ് അമിനോ ആസിഡ് 2 ml ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ഇലയിലും ചുവട്ടിലും ഇടയ്ക്ക് ഒഴിക്കുന്നത് നിറയെ പൂകളും കായ്കളും ഉണ്ടാകാൻ സഹായിക്കും. വളർച്ചാത്വരകമാണ്. കീടങ്ങളും ഇല്ലാതാകും. 60 ദിവസമാകുമ്പോൾ വിളവെടുക്കാം.
പൂക്കളും കായ്കളും കൊഴിയാതിരിക്കാനും നിറയെ കായ്കൾ ഉണ്ടാകാനും
- പാൽക്കായം ഒരു ചെറിയ കഷണം കുറച്ചു തൈരും ചേർത്ത് അലിയിച്ച് ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ചെടിയിലും ഇലകളിലും തളിച്ചു കൊടുക്കുക നിറയെ കായ്കൾ ഉണ്ടാകും. ഇത് എല്ലാ പച്ചക്കറികൾക്കും കൊടുക്കാം.
- കായീച്ചയാണ് പാവലിന്റെ പ്രധാന ശത്രു. കായ് പിടിച്ച് പൂമാറിയ ഉടനെതന്നെ കവറിട്ടു സൂക്ഷിക്കുക.
- കായീച്ചക്കെണികളുണ്ടാക്കി വയ്ക്കാം. അതിലൊന്നാണ് മഞ്ഞക്കെണി. കട്ടിയുള്ള മഞ്ഞ പേപ്പറിൽ (പ്ലാസ്റ്റിക്) വേപ്പെണ്ണ പുരട്ടി കെട്ടിത്തൂക്കുക മഞ്ഞ നിറം പ്രാണികളെ ആകർഷിക്കും. അവ അതിൽ വന്നു പറ്റിപിടിച്ചിരിക്കും.
- ഒരു ലീറ്റർ വെള്ളത്തിൽ 5ml വേപ്പെണ്ണയും ഒരു കുടം വെളുത്തുള്ളിയും ചേർത്തുണ്ടാക്കിയ മിശ്രിതം തളിച്ചാൽ പുഴുക്കളും കീടങ്ങളും അകന്നു പോകും.
English summary: bitter gourd cultivation