മുറ്റത്തൊരു വഴുതനയുണ്ടെങ്കിൽ പച്ചക്കറിക്ഷാമം ഉണ്ടാവില്ല
Mail This Article
പറിച്ചു നടുന്ന വിളയാണ് വഴുതന. വിത്തുകൾ തവാരണകളിൽ പാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകൾ പറിച്ചു നടാം. നല്ല തുറസായ, ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ വളക്കൂറുള്ള മേൽമണ്ണും നല്ലപോലെ ഉണങ്ങിപ്പൊടിഞ്ഞ ചാണകവും ചേർത്താണ് നഴ്‌സറി ഒരുക്കേണ്ടത്. വിത്തു പാകിയശേഷം വാരങ്ങളിൽ പുതയിടുക. മുളച്ചു തുടങ്ങിയാൽ പുത മാറ്റുക. നിശ്ചിത ഇടവേളകളിൽ രണ്ടു ശതമാനം സ്യൂഡോമോണാസ് ലായനി തളിച്ചു കൊടുക്കണം. തൈകളുടെ പുഷ്ടി വർധിപ്പിക്കുന്നതിനു വേണ്ടി ചാണകപ്പാലോ നേർപ്പിച്ച ഗോമൂത്രമോ (പത്തിരട്ടി വെള്ളം ചേർത്ത്) തളിക്കുക.
നടീല്‍, വളപ്രയോഗം
കൃഷിസ്ഥലം നന്നായി കിളച്ച് നിരപ്പാക്കുക. അമ്ലതയുള്ള മണ്ണാണെങ്കിൽ സെന്റ് ഒന്നിന് 2 കിലോ കുമ്മായം ചേർത്ത് കൊടുക്കണം. അടിവളമായി സെന്റിന് 100 കിലോ ജൈവവളം ചേർക്കുക. മേൽവളമായി 8–10 ദിവസം ഇടവേളയിൽ താഴെ പറയുന്ന ഏതെങ്കിലും ജൈവവളം ചേർത്തു കൊടുക്കണം.
- ചാണകപ്പാൽ അല്ലെങ്കിൽ ബയോഗ്യാസ് സ്ലറി 200 ഗ്രാം 4 ലീറ്റർ വെള്ളത്തിൽ ചേർത്തത്.
- ഗോമൂത്രം അല്ലെങ്കിൽ വെർമിവാഷ് 2ലീറ്റർ എട്ടിരട്ടി വെള്ളവുമായി ചേർത്തത്.
- നാലു കിലോ മണ്ണിരക്കമ്പോസ്റ്റ്, കോഴിവളം അല്ലെങ്കിൽ ആട്ടിൻകാഷ്ഠം.
- കടലപ്പിണ്ണാക്ക് 200 ഗ്രാം 4 ലീറ്റർ വെള്ളത്തിൽ കുതിർത്തത്.
സസ്യസംരക്ഷണം
തണ്ട്/കായ്‌തുരപ്പൻ പുഴു, എപിലാക്ന വണ്ട്, നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ എന്നിവയാണ് പ്രധാന ശത്രുക്കൾ.
മണ്ണിൽ വേപ്പിൻപിണ്ണാക്ക് ഇടുക, ചെടിയുടെ കേടുവന്ന ഭാഗങ്ങൾ മുറിച്ചുമാറ്റി നശിപ്പിക്കുക, വേപ്പിൻകുരു സത്ത് (5%) തളിക്കുക, വേപ്പെണ്ണ + വെളുത്തുള്ളി 2% മിശ്രിതം അല്ലെങ്കിൽ വേപ്പെണ്ണ 3% എമൽഷൻ തളിക്കുക.
കുറ്റിലയാണ് പ്രധാന രോഗം. ചെടിയുടെ ഇലകൾ കുറ്റികളായി മാറുകയും മൊട്ടുകൾ തമ്മിലുള്ള ഇടയകലം കുറയുകയും ചെടികളുടെ വളർച്ച മുരടിച്ചു പോവുകയും കായ്പിടിത്തം നിലയ്ക്കുകയും ചെയ്യുന്നു. രോഗം വന്ന ചെടികൾ പിഴുതു നശിപ്പിക്കുക. രോഗവാഹകരായ ജാസിഡുകളെ വെളുത്തുള്ളി–വേപ്പെണ്ണ മിശ്രിതം (2%) തളിച്ച് അകറ്റി രോഗം നിയന്ത്രിക്കാം.