തെങ്ങുകളിൽ ചെമ്പൻചെല്ലി ആക്രമണം രൂക്ഷം, ചില പ്രതിരോധ മാർഗങ്ങൾ
Mail This Article
ചെമ്പൻചെല്ലി അഥവാ ചുവന്നചെല്ലി തെങ്ങിന്റെ മാരകമായ ശത്രുകീടങ്ങളിലൊന്നാണ്. ഇരുപതു വർഷത്തിൽ താഴെ വളർച്ചയുള്ള തെങ്ങുകളിലാണ് ഈ കീടാക്രമണം സാധാരണ കാണുക. തുടക്കത്തിൽത്തന്നെ നിയന്ത്രണ നടപടികളെടുത്തില്ലെങ്കിൽ മണ്ട മറിഞ്ഞു തെങ്ങു നശിക്കും.
ചെല്ലിയുടെ പുഴുക്കൾ തടിയിലെ മൃദുഭാഗങ്ങൾ തുരന്നു തിന്നുന്നു. ചെല്ലിയുടെ ജീവിതദശ മുഴുവൻ തടിക്കുള്ളിലാകയാൽ കീടബാധയുടെ ലക്ഷണങ്ങൾ തിരിച്ചറിയുക ആദ്യകാലത്ത് പ്രയാസമായിരിക്കും. പ്രധാന രോഗലക്ഷണങ്ങൾ താഴെക്കൊടുക്കുന്നു.
- തടിയിൽ ദ്വാരങ്ങൾ, ഇതിലൂടെ തവിട്ടുനിറത്തിൽ ഒരു ദ്രാവകം ഊറിവരും. ഇതിനു പ്രത്യേക ഗന്ധവും ഉണ്ടാവും.
- ചില ഇടഓലകൾ മഞ്ഞളിക്കുന്നു. നാമ്പോലകൾ വാടുന്നു. ഇങ്ങനെയുള്ള ഓലകൾ വലിച്ചാൽ ഊരിപ്പോരും.
- ദ്വാരങ്ങളിൽകൂടി കീടം ചവച്ചുതള്ളിയ നാരുകൾ പുറത്തേക്കുവരുന്നു.
- മടലിന്റെ അടിഭാഗം നെടുകെ പിളരുന്നു.
- ചെവി തടിയോടു ചേർത്തുപിടിച്ചാൽ അകത്തു കരളുന്ന ശബ്ദം കേൾക്കാം.
പ്രധാന നിയന്ത്രണ മാർഗങ്ങൾ
- രക്ഷപ്പെടുത്താൻ കഴിയാത്തവിധം കേടുവന്ന തെങ്ങുകൾ വെട്ടിയെടുത്തു ചുട്ടുനശിപ്പിക്കുക. ഇതോടെ എല്ലാ ദശയിലുമുള്ള കീടങ്ങൾ നശിച്ചുകൊള്ളും.
- തടിയിൽ മുറിവുകൾ ഉണ്ടാക്കരുത്. ഉണ്ടായാൽ കാർബറിൽ, തയോഡാൻ എന്നിവയിലൊന്നു കുഴഞ്ഞ മണ്ണിൽ ചേർത്തു പുരട്ടണം.
- ഓല വെട്ടേണ്ടിവന്നാൽ ഒരു മീറ്റർ നീളത്തിൽ മടൽ നിർത്തി വേണം.
- ഫിറമോൺ കെണി ഉപയോഗിച്ചു ചെല്ലികളെ ആകർഷിച്ചു നശിപ്പിക്കുക.
- കൊമ്പൻചെല്ലിയുടെ ഉപദ്രവംകൂടി കണ്ടാൽ മുകളിലുള്ള രണ്ടോ മൂന്നോ ഓലയുടെ കവിളിൽ സെവിഡോൾ 25 ഗ്രാം മണല്‍ 200 ഗ്രാം ചേർത്ത മിശ്രിതംകൊണ്ടു നിറയ്ക്കണം.
- ഓലചീയലും കൂമ്പുചീയലുമുള്ള തെങ്ങുകളിൽ ചെല്ലി മുട്ടയിടുന്നതിനു സാധ്യത കൂടുതലുണ്ട്. ആയതിനാല്‍ കുമിൾനാശിനി ഉപയോഗിച്ചു രോഗവിമുക്തമാക്കണം.
ഇവയ്ക്കൊക്കെ പുറമേ കീടനാശിനി പ്രയോഗവും നടത്തണം. തടിയിൽ കാണുന്ന ദ്വാരങ്ങൾ അടച്ചതിനുശേഷം അൽപം മുകളിലായി താഴേക്കു ചരിവോടെ ഒരു ദ്വാരം ഉണ്ടാക്കണം. അതിൽ ചോർപ്പുവച്ച് കാർബറിൽ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത ലായനി ഒഴിക്കണം. എന്നിട്ടു ചോർപ്പ് മാറ്റി ദ്വാരം അടയ്ക്കണം. ആവശ്യമെങ്കിൽ ഒരാഴ്ച കഴിഞ്ഞ് ഒരിക്കൽക്കൂടി ഈ മരുന്നുപ്രയോഗം നടത്തണം.
തെങ്ങ് നടുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? കീടനിയന്ത്രണം എങ്ങനെ? വിഡിയോ കാണാം
English summary: Prevention and Control Red Palm Weevil