ADVERTISEMENT

ഒരു കിലോയ്ക്ക് ഏഴു ഗ്രാം സ്വര്‍ണം വിലയായി ലഭിച്ചിരുന്നത്രെ കരയാമ്പൂ എന്ന ഗ്രാമ്പൂവിന്. ഇന്ന് 7 കിലോ ഗ്രാമ്പൂ കൊടുത്താല്‍ ഒരു ഗ്രാം സ്വര്‍ണം കിട്ടില്ലെന്നായിട്ടുണ്ട്. എന്നു കരുതി തലനാടുകാര്‍ക്ക് ഈ സുഗന്ധവിളയെ മറക്കാനാവുമോ? വിലയിടിവിന്റെ പേരില്‍ കരയാന്‍ പോകാതെ, നല്ല വില നേടാനുള്ള  ശ്രമത്തിലാണവര്‍. 

സവിശേഷ വിളകള്‍ക്കുള്ള ഭൗമസൂചികാപദവിയിലൂടെ തലനാടന്‍ ഗ്രാമ്പൂവിനെ താരമാക്കാനാണ് ശ്രമം. കിലോയ്ക്ക് 2500 രൂപവരെ വിലയുണ്ടായിരുന്ന ഗ്രാമ്പൂമൊട്ടുകള്‍ക്ക് ഇപ്പോള്‍ ശരാശരി 500 രൂപ മാത്രം. സീസണാവുമ്പോള്‍ കുറഞ്ഞ വിലയ്ക്കു വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യവുമുണ്ട്. അതേസമയം വീടുകളില്‍ ഉണക്കി സൂക്ഷിച്ചിരിക്കുന്ന ഗ്രാമ്പൂ തേടിയെത്തുന്നവര്‍ 900 രൂപവരെ നല്‍കാന്‍ മടിക്കാറുമില്ല. ശാസ്ത്രീയമായി സംസ്‌കരിച്ചു സൂക്ഷിച്ചാല്‍ മികച്ച വില കിട്ടുമെന്നു സാരം. അതിനുള്ള ഡ്രയറുകളും മറ്റും വേണ്ടത്രയില്ലെന്നതാണ് വെല്ലുവിളി. ഇതിനു പരിഹാരം തേടി കൃഷിമന്ത്രിയെ സമീപിച്ചപ്പോഴാണ് തലനാടിന്റെ സവിശേഷ ഉല്‍പന്നമായി ഇവിടുത്തെ ഗ്രാമ്പൂ ബ്രാന്‍ഡ് ചെയ്യണമെന്ന നിര്‍ദേശമുയര്‍ന്നതെന്നു തലനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഗ്രാമ്പൂ കര്‍ഷകനുമായ ബാബു പറഞ്ഞു. ഇതിന്റെ ഭാഗമായി  ഗ്രാമ്പൂവിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മറ്റു പ്രദേശങ്ങളിലെ ഗ്രാമ്പൂവില്‍നിന്നു  വ്യത്യസ്തമായ സവിശേഷതകള്‍ ഇവിടുത്തെ ഗ്രാമ്പുവിനുണ്ടെന്ന് ബാബു ചൂണ്ടിക്കാട്ടി. ഈ സവിശേഷതകള്‍ക്ക് ശാസ്ത്രീയ അടിത്തറ കണ്ടെത്തിയാല്‍ ഭൗമസൂചികാപദവി നേടാനാവും. കേരള കാര്‍ഷിക സര്‍വകലാശാലയിലെ  ബൗദ്ധിക സ്വത്തവകാശ വിഭാഗം മുന്‍ മേധാവി സി.ആര്‍. എല്‍സിയുടെ നേതൃത്വത്തിലാണ് ശ്രമം തുടങ്ങിയത്. ഫാം ടൂറിസത്തിനും ഭൗമസൂചികാപദവി പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

വാണിജ്യാടിസ്ഥാനത്തിലുള്ള തോട്ടങ്ങളുമായി ജാതി ഏറെ മുന്നേറിയപ്പോള്‍ ഗ്രാമ്പൂ ചില പോക്കറ്റുകളില്‍ ഒതുങ്ങി. യോജിച്ച കാലാവസ്ഥ ഗ്രാമ്പൂക്കൃഷിക്കു നിര്‍ണായകമാണ്. പലേടത്തും ഗ്രാമ്പൂ വളരുന്നുണ്ടെങ്കിലും ആദായവിളയായി മാറാത്തതിനു കാരണം പ്രതികൂല കാലാവസ്ഥ തന്നെ. സമുദ്രനിരപ്പില്‍നിന്ന് 3000 അടി  ഉയരമുള്ള  ചരിഞ്ഞ പ്രദേശങ്ങളിലാണ് ഗ്രാമ്പൂക്കൃഷി വിജയിക്കുക. കോട്ടയം, കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് ഗ്രാമ്പൂക്കൃഷി കൂടുതല്‍. മലയോരമേഖലകളില്‍ ഏറ്റവും ആദായകരമായി ഗ്രാമ്പൂ കൃഷിചെയ്യുന്ന ഗ്രാമമാണ് കോട്ടയം ജില്ലയിലെ തലനാട്. ഇവിടെ മിക്ക വീടുകളിലും ഗ്രാമ്പൂ വളരുന്നുണ്ട്.  പഞ്ചായത്തിലാകെ 120 ഹെക്ടറില്‍ ഗ്രാമ്പൂ കൃഷി ചെയ്യുന്നതായാണ് ഔദ്യോഗിക കണക്ക്. 

തലനാട്ടിലും സമീപ പഞ്ചായത്തുകളായ തീക്കോയി, തിടനാട്, മേലുകാവ്, പൂഞ്ഞാര്‍ തെക്കേക്കര എന്നിവിടങ്ങളിലുമായി ഒരു വര്‍ഷം 40 ടണ്‍ ഉണങ്ങിയ ഗ്രാമ്പൂ ഉല്‍പാദിപ്പിക്കുന്നു. ഏതാനും മരങ്ങള്‍ ഇടവിളയായി വളരുന്ന പുരയിടങ്ങള്‍ മുതല്‍ നൂറുകണക്കിനു ഗ്രാമ്പൂമരങ്ങളുള്ള തോട്ടങ്ങള്‍വരെ ഇക്കൂട്ടത്തിലു ണ്ട്. മലനിരകള്‍ക്കിടയില്‍ തണുപ്പും ഈര്‍പ്പവും കോടയുമൊക്കെ കൂടിക്കലര്‍ന്നുണ്ടാകുന്ന സവിശേഷ കാലാവസ്ഥയാണ് ഈ നാടിനെ കരയാമ്പൂവിന്റെ പറുദീസയാക്കി മാറ്റിയത്. വിളവെടുപ്പു കാലമായ നവംബര്‍ ജനുവരി മാസങ്ങളില്‍ തലനാട്ടിലെ കാറ്റിനുപോലും കരയാമ്പൂ സുഗന്ധമുണ്ടാവും. തണുപ്പുള്ള കാലാവസ്ഥയില്‍ കരയാമ്പൂവില്‍നിന്നു ബാഷ്പീകരണത്തിലൂെട നഷ്ടപ്പെടുന്ന തൈലത്തിന്റെ തോത് താരതമ്യേന കുറവാണ്.  ഇവിടുത്തെ കരയാമ്പൂ മൊട്ടുകളില്‍ ഉയര്‍ന്ന തോതില്‍ തൈലത്തിന്റെ അളവ് കണ്ടെത്താനാകുന്നത് ഇക്കാരണത്താലാണത്രെ. തൈലത്തിന്റെ തോതില്‍ മാത്രമല്ല, വലുപ്പത്തിലും നിറഭംഗിയിലുമൊക്കെ തലനാടന്‍ ഇനം മെച്ചം. 

പൂ വിരിഞ്ഞാല്‍ വില കുറയും

വിത്തു പാകിയാണ് ഗ്രാമ്പൂ തൈകള്‍ ഉല്‍പാദിപ്പിക്കുന്നത്. എട്ടാം വര്‍ഷം പൂവിട്ടുതുടങ്ങുന്ന ഇവ പതിനഞ്ചാം വര്‍ഷം പരമാവധി ഉല്‍പാദനത്തിലെത്തും. സെപ്റ്റംബര്‍ ഒക്ടോബര്‍ കാലത്ത് ശാഖാഗ്രങ്ങളിലുണ്ടാകുന്ന കരയാമ്പൂമൊട്ടുകളുടെ പച്ചനിറം മാറി ഇളം പിങ്കുനിറമാകുമ്പോഴാണ് വിളവെടുക്കേണ്ടത്. വിരിഞ്ഞ പൂക്കള്‍ക്കു വില കുറയും. ശാഖാഗ്രങ്ങളിലെ പൂമൊട്ടുകള്‍ ശ്രദ്ധാപൂര്‍വം കൈകൊണ്ട് അടര്‍ത്തിയെ ടുക്കേണ്ടതുണ്ട്. നാലു വശത്തേക്കും കയറിട്ടു കെട്ടി കുത്തനെ ഉറപ്പിച്ച ഏണികളില്‍ കയറിനിന്ന്  വിളവെടുക്കുന്നത് ശ്രമകരമാണ്. വിളവെടുത്ത പൂമൊട്ടുകള്‍ കൈകൊണ്ടുതന്നെ വേര്‍പെടുത്തിയശേഷം 45 ദിവസം വെയിലത്തുണങ്ങും. ഉണങ്ങിയ ഗ്രാമ്പൂമൊട്ടുകള്‍ക്ക് നല്ല തവിട്ടുനിറമായിരിക്കും. വളര്‍ച്ചയെത്തിയ മരത്തില്‍നിന്ന് 48 കിലോ ഉണങ്ങിയ ഗ്രാമ്പൂ മൊട്ടുകള്‍ പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com