മമ്മൂട്ടിക്കു തെറ്റി, തക്കാളി പച്ചക്കറിയല്ല
Mail This Article
തക്കാളി പഴമോ പച്ചക്കറിയോ? മമ്മൂട്ടി നായകനായ പുഴു എന്ന സിനിമ കണ്ട പലരെയും ആശയക്കുഴപ്പത്തിലാക്കിയ ചോദ്യമാണിത്. പഴമാണെന്നു മകൻ പറയുമ്പോൾ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നു പച്ചക്കറിയാണെന്ന്. ശരിയുത്തരം തേടി ഗൂഗിൾ ചെയ്യുമ്പോൾ ലഭിക്കുന്നത് പഴമാണെന്ന മറുപടിയും.
തക്കാളി ശരിക്കും പഴമാണ്. പക്ഷേ, പച്ചക്കറികളുടെ കൂട്ടത്തിലാണ് ഉപയോഗമെന്നതുകൊണ്ട് തക്കാളിയെ പച്ചക്കറിയായിട്ടാണ് പലരും കണക്കാക്കിയിരുന്നത്. പഴുത്തതാണു പഴം. പച്ചയായി ഉപയോഗിക്കുന്നത് പച്ചക്കറിയും. തക്കാളി പഴുത്തിട്ടല്ലേ നാം ഉപയോഗിക്കുന്നത്. പഴുത്ത്, മാംസളമായ ചുവന്ന തക്കാളി. കൂടെയുള്ള വെണ്ടയും മുരിങ്ങയും കൈപ്പയ്ക്കയും പയറുമെല്ലാം പച്ചയായിട്ടാണ് ഉപയോഗം. ഇപ്പോൾ മനസ്സിലായില്ലേ തക്കാളി പഴമാണെന്ന്.
തക്കാളി പഴമോ പച്ചക്കറിയോ എന്ന ചോദ്യം ഉയരുമ്പോഴാണ് തക്കാളിയുടെ വില വാണം പോലെ കുതിച്ചുകയറി നൂറു രൂപയ്ക്കു മുകളിലെത്തിയത്. തക്കാളിക്കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിൽ ശക്തമായ മഴയൊന്നു പെയ്താൽ ഇവിടെ വില കയറും. തമിഴ്നാട്ടിലും കർണാടകയിലും മഴ മൂലം വിളവു നശിച്ചതോടെ കേരളത്തിൽ തക്കാളിയുടെ വില 100 കവിഞ്ഞു. കഴിഞ്ഞ ഡിസംബറിൽ 150 രൂപ വരെയെത്തിയിരുന്നു തക്കാളിക്ക്. പിന്നീട് കുറഞ്ഞ് 10 രൂപയിലെത്തി. സ്ഥിരമായൊരു വിലയില്ലാത്തതാണു തക്കാളി നേരിടുന്ന വലിയ ശാപം.
പച്ചക്കറികളുടെ കൂടെചേർന്ന് ഏറ്റവുമധികം ചീത്തപ്പേരു കേട്ട ഇനം ഒരുപക്ഷേ തക്കാളിയായിരിക്കും. തക്കാളി അമിതമായി കഴിച്ചാൽ മൂത്രത്തിൽ കല്ലുവരും, യൂറിക് ആസിഡ് കൂടും എന്നിങ്ങനെ പലകാലത്തും തക്കാളിക്കെതിരെ പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ, തക്കാളി വെറുമൊരു പഴം മാത്രമല്ല, നല്ലൊരു ഔഷധം കൂടിയാണ്. നമ്മുടെ ദഹനത്തെ ഏറ്റവുമധികം സഹായിക്കുന്ന പഴമാണു തക്കാളി. കരൾ, പ്ലീഹ എന്നിവയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കും. നിത്യേന തക്കാളി കഴിക്കുന്നതു വൻകുടലിലെ അർബുദത്തെ പ്രതിരോധിക്കാൻ സഹായിക്കും. തക്കാളിക്കു ചുവപ്പുനിറം നൽകുന്ന ലൈസോലിൻ കാൻസറിനെ പ്രതിരോധിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തിനും തക്കാളി ഉത്തമമാണ്. ഗർഭിണികളുടെ മലബന്ധം, തലച്ചുറ്റൽ, തളർച്ച എന്നിവയ്ക്കെല്ലാം നിത്യേന തക്കാളി ജ്യൂസ് കുടിക്കുന്നതു നല്ലതാണ്.
മികച്ചൊരു സൗന്ദര്യവർധക വസ്തു കൂടിയാണു തക്കാളി. തക്കാളി ജ്യൂസ് മുഖത്തുപുരട്ടിയാൽ മുഖക്കുരുവിനെ ഇല്ലാതാക്കാം. ചർമ്മത്തിന്റെ തിളക്കം കൂട്ടാനും ഇതു നല്ലതാണ്. വെയിലേൽക്കുമ്പോഴുള്ള കരുവാളിപ്പ് ഇല്ലാതാക്കാൻ തക്കാളി ജ്യൂസ് പുരട്ടിയാൽ മതി.
മഴ മാറുന്നതോടെയാണു തക്കാളിക്കൃഷി തുടങ്ങാൻ ഉത്തമം. മഴമറയുണ്ടെങ്കിൽ മഴക്കാലത്തും കൃഷി ചെയ്യാം. മറ്റു ചെടികളെപോലെയല്ല, പെട്ടെന്ന് അസുഖം വരാൻ സാധ്യതയുള്ളതിനാൽ നിത്യവും ശ്രദ്ധ കൊടുക്കണം.
അത്യുൽപാദനശേഷിയുള്ള വിവിധതരം വിത്തുകൾ വിപണിയിൽ ലഭ്യമാണ്. ശക്തി, മുക്തി, വെള്ളായണി വിജയ്, അർക്കാ രക്ഷക്, അർക്കാ സമ്രാട്ട്, പുസാ റുബി എന്നിവയാണു പ്രധാന ഇനങ്ങൾ. വിപണിയിൽ നിന്നു വാങ്ങുന്ന നല്ല പഴുത്ത തക്കാളിയുടെ വിത്തെടുത്തു മുളപ്പിച്ചും കൃഷി ചെയ്യാം.
നേരിട്ടു കൃഷി ചെയ്യാതെ തൈകൾ മുളപ്പിച്ചു പറിച്ചുനടുകയാണു നല്ലത്. ട്രേയിൽ ജൈവമിശ്രിതം നിറച്ചു വിത്തുപാകാം. അധികം വെയിലേൽക്കാത്ത സ്ഥലത്തുവേണം ട്രേ വയ്ക്കാൻ. പാകുന്നതിനു മുൻപ് വിത്ത് അര മണിക്കൂർ സ്യൂഡോമോണാസ് ലായനിയിൽ ഇട്ടുവയ്ക്കുക. തൈ മുളച്ച് 25 ദിവസം കഴിഞ്ഞാൽ പറിച്ചുനടാം.
അധികം പുളിരസമുള്ള മണ്ണിൽ തക്കാളി വളരില്ല. മണ്ണൊരുക്കുമ്പോൾ കുമ്മായമോ ഡോളോമൈറ്റോ ചേർത്തുകൊടുക്കാം. ട്രൈക്കോഡെർമ ജൈവമിശ്രിതം മണ്ണിൽ ചേർത്തിളക്കുക. ചെടി നടുന്നതിനു മുൻപ് സ്യൂഡോമോണാസ് ലായനിയിൽ തൈകൾ അരമണിക്കൂർ ഇട്ടുവയ്ക്കുക. ചാണക ലായനിയാണു തക്കാളിക്ക് ഉത്തമം. ഗോമൂത്ര– പിണ്ണാക്കു ലായനി, ഫിഷ് അമിനോ ആസിഡ് എന്നിവ ആഴ്ചയ്ക്കു മാറിമാറി പ്രയോഗിക്കാം.
പെട്ടെന്നു വളരുന്ന തണ്ടുകളാണു തക്കാളിയുടെത്. ബലം കുറവായിരിക്കും. ചെടികൾക്കു താങ്ങുകൊടുത്തുവേണം വളർത്താൻ. ചെടി ഉയരത്തിലേക്കു വളരുംതോറും കായ്കൾ കൂടും.
പൂവിട്ടു തുടങ്ങുമ്പോൾ ചാരം കലക്കി ഒഴിക്കുന്നതു നല്ലതാണ്. അല്ലെങ്കിൽ പൊട്ടാഷ് ചേർത്തുകൊടുത്താലും മതി. അധികം വെള്ളമായാൽ കടഭാഗം ചീഞ്ഞുപോകും. കായ്തുരപ്പൻ പുഴുവാണു പ്രധാനശത്രു. വേപ്പിൻകുരു ലായനി (വെണ്ടയ്ക്കു പറഞ്ഞതുപോലെ) ഒഴിച്ചാൽ പുഴുശല്യം നിയന്ത്രിക്കാം.
English summary: Is a Tomato a Fruit or a Vegetable?