എട്ടു ഗ്ലാസ് ജൂസിന് ഒരു പഴം മതി: മമ്മൂട്ടിക്കു പ്രിയപ്പെട്ട പഴം
Mail This Article
മമ്മൂട്ടിയാണ് സൺഡ്രോപ് പഴം കേരളത്തിനു പരിചയപ്പെടുത്തിയതെന്നു പറയാം. സ്വന്തം വീട്ടുവളപ്പില്‍ സൺഡ്രോപ് പഴം വിളവെടുക്കുന്ന അദ്ദേഹത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറല്‍ ആയതോടെയാണ് ഈ പഴത്തെക്കുറിച്ച് പൊതുവെ അറിഞ്ഞത്. മഞ്ഞ കലർന്ന ഓറഞ്ചുനിറത്തിലുള്ള പഴം ഒറ്റനോട്ടത്തിൽ കണ്ണിലുടക്കും. നിറം പോലെതന്നെ ആകർഷകമായ രുചിയും സുഗന്ധവുമുള്ള ഇവ അതിഥിസൽക്കാരത്തിന് ഉത്തമം. 10-12 അടിയിൽ താഴെ മാത്രം ഉയരം വയ്ക്കുന്ന ചെറുമരമായതിനാൽ മുറ്റത്തിനരികിലും വലിയ ഗ്രോബാഗുകളിലുമൊക്കെ വളർത്താൻ യോജ്യം. പഴങ്ങളെ സ്നേഹിക്കുന്നവർക്ക് വീട്ടുവളപ്പിൽ വളർത്താനായി ഇവ ധൈര്യമായി തിരഞ്ഞെടുക്കാം.
ഗ്വയാബില്ല എന്നും പേരുള്ള സൺഡ്രോപ് മൂന്നാം വർഷം പൂവിടും. ബ്രസീലാണ് സ്വദേശം. ശാസ്ത്രനാമം യുജീനിയ വിക്ടോറിയാന. അരസാ ബോയി എന്ന ഫലവൃക്ഷവുമായി ബന്ധമുണ്ടെങ്കിലും രണ്ടും വ്യത്യസ്തമാണെന്ന് പരിചയസമ്പന്നരായ കർഷകർ പറയുന്നു. അമ്ലതയും ജൈവാംശവും കൂടുതലുള്ള മണ്ണിൽ വളരുമെന്നതിനാൽ കേരളത്തിൽ എവിടെയും നട്ടുവളർത്താം. കമ്പു കോതേണ്ടതുമില്ല. അരസാ ബോയിയെക്കാൾ പുളി കുറഞ്ഞതും മധുരം കൂടിയതുമായ സൺഡ്രോപ് പഴം ഭക്ഷ്യവസ്തുക്കള്‍ക്ക് ആകർഷ കമായ ഫ്ലേവർ നൽകാനും ഉപയോഗിക്കുന്നു. കൊളംബിയക്കാർ മദ്യത്തിനു ഫ്ലേവർ നൽകാനായി സൺഡ്രോപ് ജൂസ് പ്രയോജപ്പെടുത്താറുണ്ട്.
പ്രധാനമായും ജൂസ് രൂപത്തിലാണ് ഇത് ഉപയോഗിക്കുന്നത്. ഒരു പഴത്തിൽനിന്ന് 7 ഗ്ലാസ് ജൂസ് എങ്കിലും ലഭിക്കത്തക്ക വിധത്തിൽ നേർപ്പിച്ചാല്‍ നല്ല രുചിയുണ്ടാവും. സിറപ്പായി സൂക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. ഓറഞ്ചിലുള്ളതിന്റെ ഇരട്ടിയോളം വൈറ്റമിൻ സി അടങ്ങിയ ഈ പഴങ്ങളെ പാഷൻഫ്രൂട്ടിന്റെ പകരക്കാരനായി കാണുന്നവരുണ്ട്. കോട്ടയം പൂഞ്ഞാറിലെ യുവകർഷകനായ മനു കാര്യാപുരയിടത്തിന്റെ വീട്ടുവിളപ്പിലുണ്ടായ സൺഡ്രോപ് പഴങ്ങളാണ് ചിത്രങ്ങളിലുള്ളത്. വിശദമായി അറിയാൻ വിഡിയോ കാണാം.
ഫോൺ: 9447129137
English summary: When Mammootty celebrated his 69th birthday, it was revealed that his favourite fruit is the Sundrop fruit