ADVERTISEMENT

കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും സവിശേഷതകള്‍ പരിഗണിക്കുമ്പോള്‍ ഒട്ടേറെ വിദേശ പഴവര്‍ ഗങ്ങളുടെ വാണിജ്യക്കൃഷിക്ക് യോജ്യമായ പ്രദേശമാണ് നമ്മുടേതെന്ന് പറയുന്നു ഇടുക്കി തൊടപുഴ കുടയത്തൂര്‍ സ്വദേശിയായ കാർഷിക സംരംഭകന്‍ ജനീവന്‍ നന്ദനകുമാരന്‍. റംബുട്ടാനും മാംഗോസ്റ്റിനും ദുരി‌യാനും അവ്ക്കാഡോയുമുൾപ്പെടെ വിപണനമൂല്യമേറിയ ഒട്ടേറെ എക്സോട്ടിക് ഇനങ്ങള്‍ കേരളത്തില്‍ സമൃദ്ധമായി വിളയും. അതിനു പക്ഷേ, ഓരോ പഴവര്‍ഗത്തിന്റെയും  പറ്റിയ ഇനങ്ങള്‍ കണ്ടെത്തി കൃഷി ചെയ്യണം. ഹൈറേഞ്ചിലും സമതലങ്ങളിലും ഒരേ പഴവര്‍ഗത്തിന്റെതന്നെ വ്യത്യസ്ത ഇനങ്ങള്‍ കണ്ടെത്തി കൃഷി ചെയ്യേണ്ടി വരും. വിദേശരാജ്യങ്ങളിലെ വാണിജ്യപഴവര്‍ഗക്കൃഷിക്കാരുടെ വിജയരഹസ്യം   ഇതു തന്നെയെന്ന് ജനീവന്‍,

ജനീവന്റെ ആദ്യ സരംഭം 25 വര്‍ഷം മുൻപ് വിദ്യാർഥിയായിരിക്കുമ്പോള്‍ തുടക്കമിട്ട മെയ്റ്റ് കമ്യൂണിക്കേ‌ഷന്‍സ് എന്ന പരസ്യ ഏജന്‍സിയാണ്. പിന്നാലെ കാര്‍ഷിക സംരംഭങ്ങളിലേക്കു തിരിഞ്ഞു. വർഷങ്ങളായി പുണെ മഹാബലേശ്വരത്തുനിന്ന് സ്ട്രോബറിയുടെ ഹൈബ്രിഡ് തൈകള്‍ ഹൈറേഞ്ചിലെ കര്‍ഷകര്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും എത്തിച്ചു നൽകുന്ന ജനീവന്‍ ഇന്ന് ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍ക്കായി സ്ട്രോബറി മുതല്‍ കിവി വരെ  ഒട്ടേറെ പുതുതലമുറ പഴങ്ങള്‍ വിദേശങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നു.

avocado-thodupuzha-2

ഹാസിലേക്ക്

പഴങ്ങളുടെ ഇറക്കുമതിയാണ് ജനീവനെ ഭക്ഷ്യസംസ്കരണയൂണിറ്റിലേക്കും സഹോദരീഭര്‍ത്താവായ ശിവദാസിനൊപ്പം  തൊടുപുഴ കോടിക്കുളത്തെ 2 ഏക്കറില്‍ സസ്യനഴ്സറി സംരംഭത്തിലേക്കും എത്തിച്ചത്. അവ്ക്കാഡോയില്‍ ശ്രദ്ധവയ്ക്കുന്നതും അങ്ങനെ. മെക്സിക്കോയാണ് അവ്ക്കാഡോയുടെ ജന്മദേശം. ഉൽപാദനത്തിലും മുൻനിരയില്‍ മെക്സിക്കോ തന്നെ. അവ്ക്കാഡോയുടെ നാടൻ ഇനങ്ങൾ നമ്മുടെ നാട്ടിൽ പലയിടത്തും ഒന്നും രണ്ടുമായി പണ്ടേയുണ്ട്. വിത്തിലും കാമ്പിലും  കൊഴുപ്പ് സമൃദ്ധം എന്നതാണ്  അവ്ക്കാഡോയുടെ സവിശേഷ ഗുണം. അതും  ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്ന അപൂരിത കൊഴുപ്പ്. ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധവയ്ക്കുന്നവര്‍ക്ക് ഇത് ഏറെ ആകർഷണീയം.

അവ്ക്കാഡോയുടെ വാണിജ്യമൂല്യവും കേരളത്തിലെ കൃഷിസാധ്യതകളും വിശദമായിത്തന്നെ പഠിച്ചെന്ന് ജനീവൻ. ഹാസ് ആണ് രാജ്യാന്തരവിപണിയില്‍ ഏറ്റവും പ്രിയമേറിയ അവ്ക്കാഡോ ഇനം. ശരാശരി 250 ഗ്രാം മാത്രം ഭാരം, വര്‍ധിച്ച അളവില്‍ പോഷക ഘടകങ്ങളുള്ള ഇനം. കിലോ ശരാശരി 800 രൂപ വില. പഴം ഇറക്കുമതിയുമായി ബന്ധപ്പെട്ട് ആറേഴു കൊല്ലം മുൻപ് മുംബെയില്‍ എത്തിയപ്പോഴാണ് വായിച്ചറിഞ്ഞ ഹാസ് ഇനത്തെ അടുത്തു പരിചയിച്ചതെന്നു ജനീവന്‍. മെക്സിക്കോയും പെറുവും പോലുള്ള അവ്ക്കാഡോ ഉല്‍പാദകരാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്തവയായിരുന്നു അവയത്രയും. പഴം വാങ്ങി കുരു മുളപ്പിച്ച് ഇടുക്കിയുടെ ഹൈറേഞ്ച് ഭാഗങ്ങളില്‍ പരീക്ഷിക്കാമെന്നുതന്നെ ഉറച്ചു.

avocado-thodupuzha-1

കുരുമുളപ്പിച്ച് തയാറാക്കുന്ന തൈകള്‍ വ്യത്യസ്ത ഇനങ്ങളും ഗുണമേന്മയില്‍ ഏറ്റക്കുറവുള്ളവയുമാകാന്‍ സാധ്യതയുണ്ടല്ലോ. ഇക്കാര്യത്തില്‍ കാര്‍ഷിക ഗവേഷകരുടെ ഉപദേശം തേടിയെന്ന് ജനീവന്‍. മെക്സിക്കോ പോലുള്ള അവ്ക്കാഡോ ഉല്‍പാദകരാജ്യങ്ങളില്‍ കൃഷി നൂറുകണക്കിന് ഏക്കറുകളിലാണ്. ഒരു പ്രദേശത്തു മുഴുവനും ഒരേ ഇനം തന്നെയാവും കൃഷി. ഹാസ് എങ്കില്‍ അതു മാത്രം. അതുകൊണ്ടുതന്നെ പരപരാഗണത്തിലൂടെയുള്ള കലര്‍പ്പിനു  സാധ്യത നന്നേ കുറയും. അവിടനിന്ന് ഇറക്കുമതി ചെയ്ത പഴത്തിന്റെ കുരു പാകി മുളപ്പിക്കുമ്പോള്‍ ഗുണമേന്മയേറിയ തൈകള്‍തന്നെ ലഭിക്കുമെന്ന് ഗവേഷകരും ധൈര്യം നല്‍കിയെന്നു ജനീവന്‍.

ഹാസിനെക്കറിച്ചു കേട്ടറിഞ്ഞ കര്‍ഷകസുഹൃത്തുക്കള്‍ പലരും തൈകള്‍ക്ക് താല്‍പര്യപ്പെടുക കൂടി ചെ യ്തതോടെ കുരുവിനായി കൂടിയ അളവില്‍  പഴം വാങ്ങി. മുളച്ചുയര്‍ന്ന തൈകള്‍ സമുദ്രനിരപ്പില്‍നിന്ന് 1000 അടി മുതല്‍ മുകളിലേക്കുള്ള കൃഷിയിടങ്ങളില്‍ പരീക്ഷിക്കുകയും ചെയ്തു. ഇങ്ങനെ വിതരണം ചെയ്ത ഹാസ് തൈകള്‍ മൂന്നാം വര്‍ഷം തന്നെ കായ്ക്കുകയും ലക്ഷണമൊത്ത പഴങ്ങള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തെന്നു ജനീവന്‍. ഹാസിന്റെ ഹൈറേഞ്ച് സാധ്യതകള്‍ തിരിച്ചറിഞ്ഞ് തോട്ടം മേഖലയിലെ പലരും തൈകള്‍ തേടിയെത്തി. ദുരിയാനും ഡ്രാഗണ്‍ഫ്രൂട്ടും വിദേശ പ്ലാവിനങ്ങളും ഉള്‍പ്പെടെ ഒട്ടേറെ പഴവര്‍ഗങ്ങളുടെ തൈകള്‍ക്കും കേരളത്തില്‍ സമീപകാലത്ത് ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ടെന്ന് ഈ സംരംഭകൻ പറയുന്നു

പഴവര്‍ഗകൃഷിക്കൊപ്പം പക്ഷേ അവയില്‍നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തയാറാക്കുന്ന ഭക്ഷ്യസം സ്കരണ സംരംഭങ്ങള്‍ കൂടി വളര്‍ന്നു വരേണ്ടതുണ്ടെന്ന് ജെനീവന്‍. എങ്കിലേ വിപണിയും വിലയും സുസ്ഥിരമാകൂ. ഫ്രഷ് ടു കിച്ചണ്‍ എന്ന ബ്രാന്‍ഡില്‍ ഭക്ഷ്യോല്‍പന്ന സംരംഭത്തിലേക്കു കൂടി കടന്നത് ഇതു മുന്നില്‍ക്കണ്ടാണ്. തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റിലെ മുഖ്യ ഉല്‍പന്നം ഇതുവരെ  അച്ചാര്‍ ആയിരുന്നെങ്കില്‍ അതിനു പിന്നാലെ സ്ട്രോബറി, ഡ്രാഗണ്‍ഫ്രൂട്ട് ഉല്‍പന്നങ്ങളും വിപണിയിലെത്താൻ ഒരുങ്ങിക്കഴിഞ്ഞു.

ഫോണ്‍: 9746467606, 8547555844

English summary: Avocado nursery at Thodupuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com