മരത്തിൽ കായ്ക്കുന്ന മുന്തിരി, അതിമധുരം: അങ്കണത്തിന് അലങ്കാരം ഈ ആമസോൺ സ്വദേശി
Mail This Article
ആമസോൺ ട്രീ ഗ്രേപ് എന്നു കേൾക്കുമ്പോൾ ബ്രസീലിയൻ ട്രീ ഗ്രേപ് എന്നു വിളിക്കുന്ന ജബോട്ടിക്കാബയാണെന്നു തെറ്റിദ്ധരിക്കാം. എന്നാൽ പൗറോമ സെക്രോപിഫോളിയ എന്നു ശാസ്ത്രനാമമുള്ള ഈ ഫലവൃക്ഷം വ്യത്യസ്തമാണ്.
അതിമധുരമുള്ള പഴത്തിന് രുചിയിൽ ലിച്ചിപ്പഴത്തോട് സാമ്യം. കാഴ്ചയിൽ മുന്തിരിക്കുലപോലെ. ആൺമരങ്ങളും പെൺമരങ്ങളും പ്രത്യേകമുണ്ട്. രണ്ടിന്റെയും സാന്നിധ്യമുറപ്പാക്കിയാലേ കായ്ക്കുകയുള്ളൂ. പൂവിട്ടു തുടങ്ങുന്നതിന് 3 വർഷം വേണ്ടിവരും. ഇടത്തരം ഉയരത്തിൽ അതിവേഗം വളരുന്ന ബ്രസീലിയൻ ട്രീ ഗ്രേപ്പിന്റെ തടി ദുർബലമായതിനാൽ കാറ്റിലും മറ്റും ഒടിഞ്ഞു വീഴാനിടയുണ്ട്. മരച്ചീനിയിലപോലെ ഒരു ഞെടുപ്പിൽനിന്ന് 8–9 ദളങ്ങളായി വേർതിരിഞ്ഞ, വീതിയേറിയ ഇലകൾ ഇവയെ തിരിച്ചറിയാൻ സഹായിക്കും.
ബ്രസീൽ, ബൊളീവിയ, പെറു എന്നിവിടങ്ങളിലെ ആമസോൺ കാടുകളാണ് സ്വദേശം. കേരളത്തിൽ ജനുവരിയിൽ പൂവിടുകയും ഏപ്രിലോടെ പാകമാവുകയും ചെയ്യുമെന്ന് ബ്രസീലിയൻ ട്രീ ഗ്രേപ് നട്ടുവളർ ത്തുന്ന പെരുമ്പാവൂർ വെളിയത്ത് ഗാർഡൻസിലെ ശ്രീകുമാർ മേനോൻ പറഞ്ഞു. നിത്യഹരിതസസ്യമായ ഈ മരം അലങ്കാരവൃക്ഷവുമാണ്.
(ചിത്രങ്ങൾക്കു കടപ്പാട്: വെളിയത്ത് ഗാർഡൻസ് മഞ്ഞപ്പെട്ടി. ഫോൺ: 7510177770)
English summary: Amazon Tree Grape