രുചിയും മണവും പോഷകങ്ങളുമേറെ; പക്ഷേ, ഈ സുഗന്ധസസ്യം ഉയർന്ന രക്തസമ്മർദമുള്ളവർ ഉപയോഗിക്കരുത്
Mail This Article
നേർത്ത ഇലകളുള്ള, തീക്ഷ്ണ ഗന്ധമുള്ള ആകർഷകമായ ചെടിയാണ് റോസ്മേരി. പൂന്തോട്ടത്തിലും അതിർത്തിച്ചെടിയായും വളർത്താം. അടുക്കളത്തോട്ടത്തിൽ ചട്ടിയിലോ നിലത്തോ വളർത്താം. നന്നായി പരിപാലിച്ചാൽ കുറെക്കാലം വിളവെടുക്കാം. മീൻ, പച്ചക്കറി വിഭവങ്ങൾ, സാലഡ്, സൂപ്പ് തുടങ്ങിയവയ്ക്ക് മണവും ഗുണവും നൽകുന്നതിനു ചേർക്കുന്നതാണ് റോസ്മേരി. ലാമിയസിയ (Lamiaceae) കുടുംബത്തിൽ പിറന്ന റോസ്മേരിയുടെ ശാസ്ത്രനാമം Rosmarinus officinalis.
റോസ്മേരിയിൽ നീരോക്സികാരികൾ നല്ല തോതിലുണ്ട്. വൈറ്റമിൻ ബി–6, സി, അയൺ, കാത്സ്യം, സോഡിയം, മഗ്നീഷ്യം എന്നിവയും. ദഹനപ്രക്രിയയെ സഹായിക്കുന്നു. മാനസിക സംഘർഷവും അമിത ഭാരവും കുറയ്ക്കാൻ സഹായിക്കുന്നു. മുടിയുടെ വളർച്ചയ്ക്കും തിളക്കത്തിനും താരൻ അകറ്റുന്നതിനും റോസ്മേരി നന്ന്. എന്നാൽ ഉയർന്ന രക്തസമ്മർദമുള്ളവർ റോസ്മേരി ഉപയോഗിക്കരുത്. ഇതിന്റെ ഇലത്തണ്ട്, പൂവ് എന്നിവയിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഓയിൽ ഏറെ ഔഷധഗുണമുള്ളതാണ്.
സൂര്യപ്രകാശം 6–8 മണിക്കൂർ ലഭിക്കുന്ന സ്ഥലമാണ് യോജ്യമെങ്കിലും തണലുള്ള പ്രദേശത്തും വളരും. നല്ല വളക്കൂറുള്ള ഇളക്കമുള്ള നീർവാർച്ചയുള്ള മണ്ണാണ് യോജ്യം. വെള്ളക്കെട്ടുണ്ടായാൽ രോഗം ബാധിച്ച് ചെടി നശിക്കും. ശക്തമായ മഴയിൽനിന്നു ചെടിയെ സംരക്ഷിക്കാൻ മഴമറയ്ക്കുള്ളിൽ വളർത്താം.
വിത്തുകൾ വഴിയും കമ്പുകൾ മുറിച്ചു നട്ടുമാണ് പുതിയ ചെടികൾ ഉണ്ടാക്കുന്നത്. ചെടികൾ നഴ്സറികളിലും ലഭ്യമാണ്. കവറിൽനിന്നു തൈ മാറ്റി, വേരിനോടു ചേർന്നിരിക്കുന്ന കട്ടിയായ മണ്ണ് ചെറുതായി പൊടിച്ചശേഷം വേര് അധികം കളയാതെ ചട്ടിയിലോ നിലത്തോ നടാം. ചട്ടിയിൽ മണൽ/ചകിരി ച്ചോറ് + മണ്ണിരക്കംപോസ്റ്റ് + ചാണകം + മണ്ണ് മിശ്രിതമാണ് നിറയ്ക്കേണ്ടത്. തൈ നട്ട് ഒരാഴ്ച തണൽ നൽകുക. മിശ്രിതത്തിൽ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ കലക്കിയത് ഒഴിക്കണം. 10 ദിവസം ഇടവിട്ട് വീണ്ടും നൽകണം. ബയോഗ്യാസ് സ്ലറിയോ, ഗോമൂത്രമോ ആഴ്ചയിലൊരിക്കൽ നേർപ്പിച്ചു നൽകണം. മാസത്തിലൊരിക്കൽ ചാണകം/മണ്ണിര കംപോസ്റ്റ് നൽകണം.
വംശവര്‍ധനയ്ക്കായി 7–8 മാസത്തിനുശേഷം 7–8 സെ. മീ. നീളമുള്ള കമ്പുകൾ ചൂടാക്കിയ കത്രികകൊണ്ടു മുറിച്ച് സ്യൂഡോമോണാസിൽ 20 മിനിറ്റ് മുക്കിവച്ചശേഷം നടുക. നടുന്നതിനു മുൻപ് നാമ്പില മാത്രം നിർത്തി മറ്റ് ഇലകൾ പറിച്ച് ഉപയോഗിക്കുക. നടേണ്ട മിശ്രിതം: മണ്ണിരക്കംപോസ്റ്റ് + മണൽ + ചകിരിച്ചോറ്. തണൽ നൽകുക. 2 മാസത്തിനുശേഷം പറിച്ചു മാറ്റി നടാം.
രോഗ, കീടങ്ങൾ അപൂർവം. ശൽക്കകീടങ്ങൾ (scales) ചെടിയെ ആക്രമിക്കാം. ഇലയിൽ ഒട്ടിപ്പിടിച്ചിരിക്കു ന്ന കീടങ്ങളെ ഇലയോടെ പറിച്ചു നശിപ്പിക്കാം. ചെടി നനച്ച ശേഷം ബ്യുവേറിയ ജീവാണു ജൈവ കീടനാശിനി രാവിലെയോ വൈകുന്നേരമോ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ 10 ദിവസം ഇടവിട്ട് തളിക്കണം.