മാംഗോസ്റ്റിൻ കായ കൊഴിയുന്നു
Mail This Article
? എന്റെ മാംഗോസ്റ്റിൻ ചെടിയിൽനിന്നു കഴിഞ്ഞ വർഷം നൂറ്റമ്പതോളം ഫലങ്ങൾ ലഭിച്ചു. എന്നാൽ ഈ വർഷം കാര്യമായി വിളവു ലഭിച്ചില്ല. കായ്കൾ മിക്കതും കൊഴിഞ്ഞുപോകുന്നു. മരത്തിന് 10 വർഷം പ്രായമുണ്ട്. വെള്ളവും വളവും നൽകുന്നുണ്ട്. കായ്കൾ നല്ല തോതിൽ ഉണ്ടാകാൻ എന്തുചെയ്യണം.
ടി.വി. മാമച്ചൻ, കുണ്ടറ, കൊല്ലം.
നല്ല വളർച്ചയ്ക്കും മികച്ച പുഷ്പിക്കലിനും വേണ്ടി മാംഗോസ്റ്റിന് കൃത്യമായ പരിചരണം യഥാസമയം നൽകേണ്ടതുണ്ട്. സംയോജിത വളപ്രയോഗം, തണൽ നൽകൽ, വേനൽക്കാല പരിചരണം (നന, പുതയിടൽ) എന്നിവ ഉറപ്പുവരുത്തണം. കുമ്മായമിടീൽ, വളപ്രയോഗം എന്നിവ മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തണം. മാംഗോസ്റ്റിൻ പൂവിടുന്ന സമയത്ത് ഒരു മരത്തിന് കുറഞ്ഞത് ഒരു കിലോ കുമ്മായം കൊടുക്കണം. കായ്കൾ മൂപ്പെത്തുന്നതിനായി കാത്സ്യം നൈട്രേറ്റ് 5 ഗ്രാം /ലീറ്റർ, ബോറാക്സ് 1 ഗ്രാം / ലീറ്റർ എന്നിവ വെവ്വേറെ ദിവസങ്ങളിൽ തളിച്ചുകൊടുക്കണം. മണ്ണിൽ ഈർപ്പവും നീർവാർച്ചയും ഉറപ്പുവരുത്തേണ്ടതുണ്ട്. 10 വർഷത്തിനു മുകളിൽ പ്രായമുള്ള മാംഗോസ്റ്റിൻ മരത്തിന് 75 കിലോ ജൈവവളം ആവശ്യമുണ്ട്.