കുരുമുളകിനു സമാനമായ എരിവ്; വേറിട്ട മണം; ഒച്ചുകളെ അകറ്റും: വെറുമൊരു തുളസിയല്ല ഇറ്റാലിയൻ തുളസി
Mail This Article
നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഔഷധഗുണം ഏറെയുള്ള ഈ സസ്യം പുതിനയുടെ കുടുംബത്തില്‍പ്പെട്ടതാണ്. കുരുമുളകിനു സമാനമായ എരിവ്. വേറിട്ട മണം. സാധാരണ തുളസിയുടേതിനെക്കാള്‍ വലിയ ഇലകള്‍. പല ഇനങ്ങൾ ഉണ്ടെങ്കിലും പച്ച, വൈലറ്റ് നിറങ്ങളിലുള്ളവയാണ് പ്രധാനം.
മഴക്കാലത്ത് ശല്യമാകുന്ന ഒച്ചുകളെ ഈ ചെടി അകറ്റി നിർത്തും. ഇതിന്റെ 2 ഇലകള്‍ ഞെരടി ചെടിച്ചട്ടിയിൽ ഇട്ടാൽ അതിലെ ചെടിയെ ഒച്ച് ആക്രമിക്കില്ല. സംരക്ഷിക്കേണ്ട ചെടിയുടെ അടുത്ത് ഇത് നട്ടാലും മതി.
വിഭവങ്ങളുണ്ടാക്കാന്‍ ഇലകൾ, തണ്ടുകൾ, വിത്തുകൾ, പൂക്കൾ എന്നിവ ഉപയോഗിച്ചുവരുന്നു. വിത്തുകളും പൂക്കളും ഉണക്കി ഉപയോഗിക്കാം. പുതുതലമുറയുടെ ഇഷ്ടവിഭവങ്ങളായ പീത്‌സ, ബർഗർ, പാസ്ത എന്നിവയിലും സാലഡ്, സോസ്, മുട്ട, വിനാഗിരി എന്നിവയുമായി ചേർത്തും ഉപയോഗിക്കാം. വൈറ്റമിനുകള്‍, കാത്സ്യം, മഗ്നീഷ്യം, നീരോക്സികാരികൾ എന്നിവ നല്ല തോതിലുണ്ട്.
നല്ല സൂര്യപ്രകാശവും ഉയർന്ന താപനിലയുമുള്ള പ്രദേശങ്ങളിൽ നന്നായി വളരും. നേരിയ തണലിലും വളരും. വീട്ടാവശ്യത്തിന് ചട്ടികളിലോ മഴമറയ്ക്കുള്ളിലോ വളർത്താം. നല്ല നീർവാർച്ചയും ജൈവാംശവും ഈർപ്പവുമുള്ള മണ്ണാണ് ഇഷ്ടം. എന്നാൽ ശൈത്യം ഇഷ്ടമല്ല.
വിത്തുകൾ പാകിയും കമ്പുകൾ മുറിച്ചു നട്ടും പുതിയ തൈകൾ ഉൽപാദിപ്പിക്കാം. വിത്തു പാകുന്ന മിശ്രിതത്തിൽ സമ്പുഷ്ട ചാണകവും ചകിരിച്ചോറും കംപോസ്റ്റും ഓരോ ഭാഗം വീതം ചേർക്കണം. രണ്ടാഴ്ചയ്ക്കുള്ളിൽ വിത്ത് മുളയ്ക്കും. 30–35 ദിവസത്തിൽ പറിച്ചു നട്ട് തണൽ നൽകണം. ചെടികൾ തമ്മിൽ ഒരടി അകലം നൽകണം. നേരിട്ട് വിത്തു പാകിയും വളർത്താം. പറിച്ചു നട്ട് 2–3 ആഴ്ച കഴിഞ്ഞ് വിളവെടുക്കാം. തണ്ടോടുകൂടി കത്രിക/കൈകൊണ്ടു വിളവെടുത്താൽ കൂടുതൽ ശിഖരങ്ങൾ പൊട്ടി ചെടി കുറ്റിയായി നിർത്താം.
വിഷാംശം നിർവീര്യമാക്കുന്നതിനുള്ള കഴിവ് ഈ ചെടിക്കുണ്ട്. കരളിൽ കൊഴുപ്പ് അടിയുന്നത് ഒരു പരിധി വരെ തടയുന്നു. ഇതിന്റെ 2 ഇലയിട്ടു തിളപ്പിച്ചാൽ വെള്ളം ശുദ്ധീകരിക്കാം. മാനസിക സമ്മർദം കുറയ്ക്കുന്നു. ദഹനപ്രക്രിയയെ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു.
കീട,രോഗബാധ അപൂര്‍വം. വൈറ്റമിൻ കെ ധാരാളമായുള്ളതു രക്തം കട്ടപിടിക്കുന്നതിനെ സഹായിക്കുമെന്നതിനാൽ വളരെക്കുറഞ്ഞ അളവിൽ (ദിവസം 3–4 ഇല) കഴിച്ചാല്‍ മതി. ചീരപോലെ ഇതു മാത്രമായി കറിവച്ച് കഴിക്കാന്‍ പാടില്ല.