മികച്ച വിലയിൽ കൊക്കോ; മഴക്കാലത്ത് വിളവ് വർധിപ്പിക്കാൻ ഒഴിവാക്കേണ്ടത് ‘കറുത്ത കായ’ രോഗത്തെ
Mail This Article
കേരളത്തിൽ കാലവർഷം ആരംഭിക്കുന്നത് മേയ് - ജൂൺ മാസങ്ങളിലാണ്. ഈ സമയമാണ് കൊക്കോ നടാൻ ഏറ്റവും ഫലപ്രദം. ഇതിനായി 45 - 50 സെ.മീ വീതം (1.5 അടിയോളം) നീളവും വീതിയും ആഴമുള്ള കുഴികൾ കാലവർഷാരംഭത്തോടെ എടുക്കണം. നടുന്ന സമയത്ത് ഓരോ കുഴിയിലും 15-20 കി.ഗ്രാം ജൈവവളം, ചാണകപ്പൊടി ഇട്ട് മേൽമണ്ണുമായി ചേർത്തിളക്കി കുഴി മൂടണം. മൂടിയ കുഴിയുടെ നടുവിൽ ഒരു ചെറിയ കുഴിയുണ്ടാക്കി തൈ നടാം. വേരുപടലത്തിന് ഇളക്കം തട്ടാതെ മണ്ണോടു കൂടിയാണ് നടേണ്ടത്. ചുവട്ടിൽ മണ്ണ് കൂട്ടി അമർത്തി കൊടുത്താൽ മഴവെള്ളം കെട്ടിനിൽക്കുന്നത് തടയാനാകും. തൈകൾക്ക് ഉയരം കൂടുതലുണ്ടെങ്കിൽ ശക്‌തമായ മഴയിലും കാറ്റിലും മറിയാതിരിക്കുന്നതിന് താങ്ങ് കൊടുക്കുകയും വേണം.
മഴക്കാലത്ത് തോട്ടത്തിൽ കളശല്യം കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ തൈ നട്ട് അദ്യത്തെ 2-3 വർഷം തോട്ടത്തിൽ കളനിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കണം. കളശല്യം ഒഴിവാക്കാനായി കളനാശിനി ഉപയോഗിക്കുന്നത് കൊക്കോ തൈകളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നതായി കാണാം.
കാലവർഷാരംഭത്തോടെ മേയ് - ജൂൺ മാസത്തിലും തുലാവർഷാരംഭത്തോടെ സെപ്റ്റംബർ- ഒക്ടോബർ മാസത്തിലുമായി ആവശ്യമായ വളം നൽകാം. പൂർണ വളർച്ചയെത്തിയ ഒരു കൊക്കോയ്ക്ക് 100:40:40 എന്ന തോതിൽ പാക്യജനകം, ഭാവകം, ക്ഷാരം എന്നിങ്ങനെയാണ് രണ്ടു പ്രാവശ്യമായി നൽകേണ്ടത്. കൊക്കോ തൈ നട്ട് ആദ്യ വർഷം രാസവളത്തിന്റെ മൂന്നിൽ ഒന്നും, രണ്ടാം വർഷം മൂന്നിൽ രണ്ട് ഭാഗവും മാത്രം നൽകിയാൽ മതിയാകും. രാസവളം തടത്തിൽ മരത്തിനു ചുറ്റും കടതൊടാതെ വിതറി നേരിയ കനത്തിൽ മണ്ണിട്ട് പുതയിടാം.
കൊക്കോ കൃഷി മേഖലയിൽ കാലവർഷക്കാലത്ത് കണ്ടു വരുന്ന ‘കറുത്ത കായ’ ഒരു കുമിൾ രോഗമാണ്. ഫൈറ്റോഫ്ത്തോറ പാമിവോറ എന്ന കുമിളാണ് കാലവർഷക്കാലത്ത് കൊക്കോയിൽ ഈ രോഗമുണ്ടാക്കുന്നത്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഏറ്റവും അധികം രോഗബാധ കാണപ്പെടുന്നത്. കൊക്കോയിൽ ഈ രോഗം പ്രധാനമായും കായ്കളെയാണ് ബാധിക്കുന്നത്. രോഗം യഥാസമയം നിയന്ത്രിക്കാതെയിരുന്നാൽ ഇലകളെയും തണ്ടിനെയും ഈ രോഗം ബാധിക്കുകയും ചിലപ്പോൾ മരം തന്നെ ഉണങ്ങിപ്പോകാൻ കാരണമാവുകയും ചെയ്യുന്നു. ഈ രോഗത്തെ നിയന്ത്രിക്കുന്നതിന് ബോർഡോ മിശ്രിതമാണ് ഏറ്റവും ഫലപ്രദം. മേയ് അവസാനത്തിലും കാലവർഷത്തിനിടയ്ക്ക് ലഭിക്കുന്ന തെളിവിലും ബോർഡോ മിശ്രിതം തെളിക്കാൻ സാധിച്ചാൽ ഈ രോഗം നിയന്ത്രിക്കാം. അല്ലെങ്കിൽ ഏതെങ്കിലും തുരിശ് ചേർന്ന കുമിൾ നാശിനിയും ഉപയോഗിക്കാം. അതിനു മുൻപായി നിലം പറ്റി കിടക്കുന്ന ശിഖരങ്ങളുടെ അഗ്ര ഭാഗം മുറിച്ച് തോട്ടത്തിൽ നല്ല കാറ്റോട്ടം ഉറപ്പു വരുത്തണം. കൂടാതെ മധ്യഭാഗം തുറന്ന രീതിയിലുള്ള (open centered) പ്രൂണിങ്ങും ചെയ്യണം. ഇത് രോഗനിയന്ത്രണത്തിന് മാത്രമല്ല സൂര്യപ്രകാശം തായ്ത്തടിയിൽ പതിച്ച് പൂക്കൾ ഉണ്ടാകുന്നതിനും സഹായിക്കുന്നു. രോഗം ബാധിച്ചതും അണ്ണാൻ, എലി മുതലായവ നശിപ്പിച്ചതുമായ കായ്കൾ ചെടിയിൽ നിന്നും നീക്കം ചെയ്ത് തോട്ടത്തിന് വെളിയിൽ കൊണ്ടുപോയി നശിപ്പിക്കണം. മൂപ്പെത്തിയ കായ്കൾ യഥാസമയം പറിച്ചെടുക്കുക വഴി കറുത്ത കായ രോഗം മൂലമുള്ള നഷ്ടം വലിയൊരളവ് വരെ നിയന്ത്രിക്കാം. ശരിയായ രീതിയിൽ പരിചരിച്ചാൽ കർഷകന് എന്നും താങ്ങായി നിൽക്കുന്ന വിളയാണ് കൊക്കോ.
തയാറാക്കിയത്
ഡോ. ജെ.എസ്.മിനിമോൾ, ഡോ. ബി.സുമ, ടി.കെ.ഷിജ, എൻ.എസ്.ഐശ്വര്യ, അന്ന മേരി
കൊക്കോ ഗവേഷണ കേന്ദ്രം, കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി, വെള്ളാനിക്കര.
ഫോൺ: 0487- 2438451
English summary: Cocoa Cultivation Information Guide