നിറയെ കായ്കൾ ഉണ്ടായ ശേഷം പൊഴിഞ്ഞുപോകുന്നു: റംബുട്ടാൻ പരിചരണത്തിൽ ചെയ്യേണ്ടത്
Mail This Article
കായ് പിടിത്തത്തിന്റെ ആരംഭഘട്ടത്തിൽ കുറെയധികം കായ്കൾ പൊഴിയാറുണ്ട്. സ്വാഭാവികമായ ഈ പൊഴിച്ചിൽ കായ് പിടിത്തത്തിന്റെ 3 ഘട്ടങ്ങളിൽ കാണാം. അമിതമായി കായ്പിടിക്കുമ്പോൾ സ്വാഭാവികമായി കുറച്ചു കൊഴിയും. മരത്തിനു താങ്ങാവുന്നതിലേറെ ഭാരമായാലും കൊഴിയാം. ചില ഇനങ്ങൾക്കു കായ്പൊഴിച്ചിൽ കൂടും. പരാഗണത്തിലെ കുറവ്, ഈർപ്പത്തിന്റെ അഭാവം, പൊട്ടാസ്യത്തിന്റെ കുറവ്, രോഗബാധ എന്നിവ പൊഴിച്ചിൽ കൂട്ടാറുണ്ട്. ആൺമരം നിലനിർത്തി തോട്ടത്തിൽ പൂമ്പൊടി ലഭ്യത വർധിപ്പിച്ചും തേനീച്ചക്കൂടുകൾ വച്ചും പരാഗണം ഉറപ്പാക്കാം. ശരിയായ അളവില്‍ നന, പുത, വളപ്രയോഗം എന്നിവ വഴി കായ്‌പൊഴിച്ചിൽ കുറയ്ക്കാം.
കായ് പിടിച്ചശേഷം അമിതമായി കൊഴിയുന്ന പ്രശ്നം ഈ വർഷം വ്യാപകമാണ്. നന്നായി മഴ പെയ്തശേഷം തൊട്ടുപിന്നാലെ വെയിൽ വരുമ്പോഴാണ് ഇതുണ്ടാവുക. ഫംഗസ് ആക്രമണവും സൂക്ഷ്മ മൂലകങ്ങളുടെ അപര്യാപ്തതയും കായ്പൊഴിച്ചിലിനു കാരണമാകാം. കായ് പൊഴിഞ്ഞു തുടങ്ങിയ ശേഷം കുമിൾനാശിനിയോ മറ്റോ പ്രയോഗിക്കുന്നതുകൊണ്ട് പ്രയോജനമുള്ളതായി കാണുന്നില്ല. എന്നാല്‍ മുൻകൂട്ടി കുമിൾനാശിനി തളിക്കുന്നത് പ്രയോജനപ്പെടുന്നതായി കണ്ടിട്ടുണ്ട്. വെറ്റബിൾ സൾഫർ (5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ), പ്ലാനോഫിക്സ് (4 ലീറ്റർ വെള്ളത്തിൽ ഒരു മില്ലി), പൾവിക് ആസിഡ് (ഒരു ഗ്രാം ഒരു ലീറ്ററിൽ) എന്നിവയുടെ മിശ്രിതം തളിക്കുന്നത് ഒരു പരിധിവരെ ഫലപ്രദമാണ്. അമിതമായി കായ്പിടിക്കുമ്പോൾ സ്വാഭാവികമായി കുറെ പൊഴിയുന്നത് തടയാനാവില്ല. ശരിയായ പോഷണവും ഈ പ്രശ്നത്തിനു പരിഹാരമാണ്. ശാസ്ത്രീയമായ കമ്പുകോതലും ഇടയകലവും വഴി വായുസഞ്ചാരവും സൂര്യപ്രകാശലഭ്യതയും വർധിപ്പിക്കുന്നതു കായ്പൊഴിച്ചിൽ തടയും.
(റംബുട്ടാൻ കൃഷി സംബന്ധിച്ച കർഷകരുടെ സംശയങ്ങൾക്കുള്ള മറുപടി ഓഗസ്റ്റ് ലക്കം കർഷകശ്രീയിൽ ‘മികച്ച ഇനം മുതൽ മൂല്യവർധന വരെ’ വായിക്കാം.)
English summary: How To Grow Rambutan Fruits