റംബുട്ടാൻ കൃഷിക്ക് ഇടയകലം എത്ര വേണം? മികച്ച ഇനങ്ങള്‍ ഏതെല്ലാം?
Mail This Article
പരമ്പരാഗതമായി 40x 40 അടി ഇടയകലത്തിലാണ് റംബുട്ടാൻ നടുക. ഏക്കറിൽ 27 ചെടികൾ മാത്രം. കാലക്രമത്തിൽ മരങ്ങൾ പടർന്നുവളർന്ന് മികച്ച ഉൽപാദനക്ഷമത നൽകുമെന്നതാണ് ഇതിന്റെ മെച്ചം. എന്നാൽ പരമാവധി ഉൽപാദനത്തിലെത്താൻ (5–7 ടൺ) 6–8 വർഷം വേണ്ടിവരുമെന്നത് ഈ രീതിയുടെ ന്യൂനതയും. ആദ്യ വർഷങ്ങളിൽ കളനിയന്ത്രണത്തിനു കൂടുതൽ പണം ചെലവാക്കേണ്ടിവരുമെന്നതും ഈ രീതിയുടെ ദോഷമാണ്. ഇതിനു പരിഹാരമായി 20x20 അടി അകലത്തിൽ അതിസാന്ദ്രതാക്കൃഷി നടത്താം. ഏക്കറിന് 108 മരങ്ങൾ നടാം. നല്ല പരിചരണം നൽകിയാൽ മൂന്നാം വർഷം 2–2.5 ടൺ ഉൽപാദനം കിട്ടുമെന്നതാണ് ഇതിന്റെ മേന്മ. അഞ്ചാം വർഷം ഇത് 5 ടണ്ണായി വർധിക്കുകയും ചെയ്യും. അതായത്, മുൻരീതിയെ അപേക്ഷിച്ച് 3 വർഷംമുൻപ് പരമാവധി ആദായം ഉറപ്പാക്കാം. എന്നാൽ കൂടുതൽ അടുത്തു വളരുന്നതിനാൽ എല്ലാ വർഷവും നല്ല രീതിയിൽ പ്രൂണിങ് വേണ്ടിവരും. ശ്രമകരമായ ഈ ജോലി നടപ്പാക്കാൻ കഴിയുന്നവർക്ക് ഈ രീതിയിലേക്കു മാറാം. ഇതിനു രണ്ടിനുമിടയിൽ 20x40 അടി അകലത്തിൽ ഏക്കറിന് 54 റംബുട്ടാൻ നടുന്ന രീതിയുമുണ്ട്. കാലാവസ്ഥ,സ്ഥലത്തിന്റെ കിടപ്പ്, മണ്ണിന്റെ സ്വഭാവം എന്നിവ അനുസരിച്ച് 27 അടി മുതൽ 40 അടി വരെ അകലത്തിലും നടാം. ഇങ്ങനെയെങ്കില്‍ ഏക്കറിൽ 35–40 തൈകൾ നടാം.
മികച്ച റംബുട്ടാൻ ഇനങ്ങള്‍
എൻ18, റോങ് റിയാൻ, മൽവാന, സ്കൂൾ ബോയ്, സീസർ, കിങ് തുടങ്ങി ഒട്ടേറെ ഇനങ്ങളുണ്ടെങ്കിലും ഉയർന്ന ഉൽപാദനവും സൂക്ഷിപ്പുകാലാവധിയുമുള്ള N18 ആണ് വാണിജ്യക്കൃഷിക്കു കൂടുതൽ ഉപയോഗിച്ചുവരുന്നത്. സ്ഥലത്തിനു യോജിച്ച ഇനം കണ്ടെത്തണം. തൈ വാങ്ങുമ്പോള്‍ നന്നായി ചേർന്നൊട്ടിയ ബഡ് ആണെന്ന് ഉറപ്പാക്കണം. ഒട്ടുകമ്പ് (സയൺ) നല്ല മാതൃവൃക്ഷത്തിൽനിന്നുള്ളതായിരിക്കണം. പ്രായമുള്ളതും നല്ല വിളവ് നല്‍കുന്നതുമായ മരങ്ങളിൽനിന്നുള്ള റൂട്ട് സ്റ്റോക്കാണ് നന്ന്.
English summary: How much distance between two rambutan trees?